ജീവിതഗന്ധിയായ ഒരു സിനിമ; റിവ്യു

മണ്ണാങ്കട്ടയും കരിയിലയും ഈ കഥ കേൾക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ അതൊരു സിനിമയാകുമ്പോൾ എങ്ങനെയായിരിക്കും എന്ന ആകാംഷ ഏതൊരു പ്രേക്ഷകനുമുണ്ടാകും. പ്രേക്ഷകനെ ഒരിക്കലും നിരാശപ്പെടുത്താത്ത ജീവിതഗന്ധിയായ സിനിമയാണ് അരുൺസാഗരസംവിധാനം ചെയ്ത മണ്ണാങ്കട്ടയും കരിയിലയും.

പച്ചയായ ജീവിതത്തിന്റെ നേർകാഴ്ച്ചകളാണ് സിനിമ സംസാരിക്കുന്നത്. സിനിമ വാണിജ്യവത്കരിക്കപ്പെടുമ്പോൾ കാണാതെപോകുന്ന ചില സത്യസന്ധമായ കാഴ്ച്ചകളുണ്ട്. ആ കാഴ്ച്ചകളിലേക്കാണ് മണ്ണാങ്കട്ടയും കരിയിലയും ക്യാമറതിരിക്കുന്നത്. ഇന്നത്തെ സമൂഹത്തിൽ പെൺമക്കളെ സുരക്ഷിതമായി വളർത്തിയെടുക്കുക എന്നുള്ളത് ഏതൊരു അച്ഛന്റെയും അമ്മയുടെയും ആധിയാണ്. നാലുചുമരുകൾക്കുള്ളിൽപ്പോലും പെൺമക്കൾ സുരക്ഷിതരല്ലാത്ത കാലത്ത് കിടപാടം നഷ്ടപ്പെട്ട് പ്രായപൂർത്തിയായ മകളെയുംകൊണ്ട് തെരുവിലിറങ്ങേണ്ടിവരുന്ന ഒരു അച്ഛന്റെ നൊമ്പരങ്ങളും വിഹ്വലതകളും അടക്കിപിടിച്ചതേങ്ങലുകളുമാണ് ചിത്രം പങ്കുവെയ്ക്കുന്നത്.

മക്കളെ കൊത്തിപ്പറിക്കാൻ വരുന്ന കഴുകന്മാരെ എതിർക്കാൻപോലും ത്രാണിയില്ലാത്ത ചെറുവിരൽപോലും അനക്കാൻ സാധിക്കാത്ത ഒരച്ഛൻ കൂടിയാകുമ്പോൾ സിനിമകാണുന്ന പ്രേക്ഷകനും ഓരോനിമിഷവും ചങ്കിടിപ്പ് കൂടും. നടൻ ജോബിയാണ് അച്ഛന്റെ വേഷത്തിൽ എത്തുന്നത്. ജോബി എന്ന ചെറിയനായകനിലാണ് സിനിമ പുരോഗമിക്കുന്നത്. സിനിമയിലുടനീളം ജോബി എന്ന നല്ലനടൻ ബാലൻ എന്ന അച്ഛനായി ജീവിക്കുന്ന കാഴ്ച്ച അത്ഭുതത്തോടെയെ കണ്ടിരിക്കാൻ സാധിക്കൂ.

പൊക്കമില്ലായ്മ മൂലം വിവാഹം നീണ്ടുനീണ്ടുപോയ ബാലന്റെ ജീവിതത്തിലേക്ക് വളരെ വൈകിയാണെങ്കിലും സുനിത (ശ്രിന്ദഅർഹാൻ) പ്രതീക്ഷയും പ്രത്യാശയുമായി കടന്നുവരുന്നു. കരിയില പറന്നുപോകാതിരിക്കാൻ മണ്ണാങ്കട്ട താങ്ങായതുപോലെ ബാലന്റെ ജീവിതത്തിലെ കൈത്താങ്ങായിരുന്നു സുനിത. ആ കൊച്ചുജീവിതത്തിലേക്ക് മകൾ കൂടി വന്നതോടെ പുതിയ പ്രതീക്ഷകളും കൈവരുന്നു. എന്നാൽ പ്രതീക്ഷകളെല്ലാം തകിടം മറിച്ചുകൊണ്ട് ജീവിതത്തിലേക്ക് ആദ്യവില്ലൻ കടന്നുവരുന്നു.

ജോബി എന്ന അഭിനേതാവ് അക്ഷരാർഥത്തിൽ അതിശയിപ്പിച്ചു എന്നു തന്നെ പറയാം. പ്രതീക്ഷയുടെ തെളിച്ചം, മകളോടുള്ള സ്നേഹത്തിന്‍റെ സന്തോഷം, അലച്ചിലുകള്‍ എല്ലാം ജോബി റിയലിസ്റ്റിക്കായി അവതരിപ്പിച്ചിരിക്കുന്നു. ജോബിയുടെ സിനിമാജീവിതത്തിലെ അവിസ്മരണീയമായ കഥാപാത്രം തന്നെയാണ് ബാലൻ.

നായകനെ നോക്കി സിനിമ തിരഞ്ഞെടുക്കുന്ന മറ്റുള്ളനായികമാർ കണ്ടുപഠിക്കേണ്ട അഭിനയത്രിയാണ് സ്രിന്ത. നായകനല്ല സിനിമയാണ് വലുതെന്ന് സുനിത എന്ന കഥാപാത്രത്തിലൂടെ സ്രിന്ത തെളിയിക്കുന്നു. കമ്മട്ടിപാടത്തിലെ സുന്ദരി സാന്ദ്രയാണ് പാർവതി എന്ന മകളുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇന്ദ്രൻസ്, ഷൈൻ ടോം ചാക്കോ, സൈജുകുറുപ്പ് എന്നിവരും അവരരവരുടെ കഥാപാത്രങ്ങളെ മികച്ചതാക്കിയിട്ടുണ്ട്. നമുക്കും ചുറ്റുംകാണുന്നവരാണ് ഇവരെല്ലാം. പലപ്പോഴും സമകാലീന സിനിമകൾ മറന്നുപോകുന്ന പട്ടിണിയെന്ന കടുത്തയാഥാർഥ്യത്തെക്കുറിച്ചും ദരിദ്രന്റെ നൊമ്പരങ്ങളെക്കുറിച്ചുമുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ചിത്രം. കുടുംബസമേതം കണ്ടിരിക്കേണ്ട മികച്ച സിനിമ കൂടിയാണ് മണ്ണാങ്കട്ടയും കരിയിലയും.