ഹോളിവുഡ് സ്റ്റൈലിൽ വിവേകം; റിവ്യു

ഹോളിവുഡിലെ സ്പൈ ത്രില്ലർ മൂഡും ലുക്കുമുള്ള ആക്​ഷൻ ത്രില്ലറാണ് അജിത്ത് നായകനായ വിവേകം. തല ആരാധകരെ ആവേശത്തിലാഴ്ത്താൻ വേണ്ട ചേരുവകകൾ എല്ലാം സിനിമയിലുണ്ട്. ക്ലീഷേകൾ ഇത്തരം മാസ് സിനിമകളിൽ പതിവാണെന്നതിനാൽ അതൊരു കുറവായി എടുത്തു പറയാനാകില്ല.

സെർബിയയിലെ കൗണ്ടർ ടെററിസ്റ്റ് സ്ക്വാഡ് അംഗമായ അജയ് കുമാർ ആയാണ് അജിത്ത് എത്തുന്നത്. എകെ എന്നുചുരുക്കി വിളിക്കുന്ന അജയ് ആണ് അവരുടെ ടീമിലെ മിടുക്കനായ ഓഫീസർ. തനിക്ക് നേരിടേണ്ടിവരുന്ന ദൗത്യങ്ങളെ അനായാസമായി പൂർത്തിയാക്കുന്ന എകെ ഒരു ചതിയിൽ അകപ്പെടുന്നു. ആ ചതിയുടെ പിന്നിലുള്ളവർ ആരാണെന്ന് കണ്ടെത്തുന്നതോടെയാണ് യഥാർഥ ആക്ഷൻ ആരംഭിക്കുന്നത്. വൺ മാൻ ആർമി, ഒറ്റയാൾ പോരാട്ടത്തിന്റെ കഥ. പ്രതികാരം തന്നെയാണ് പ്രമേയം. 

കോരിത്തരിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും തീപാറുന്ന ചേസിങും ഹോളിവുഡ് ശൈലിയിലുള്ള മേക്കിങുമാണ് സിനിമയെ വേറിട്ടുനിർത്തുന്നത്. മികച്ച സാങ്കേതികതികവിലാണ് വിവേകം ഒരുക്കിയിരിക്കുന്നത്. അജിത്തിന്റെ സ്ക്രീന്‍പ്രസൻസിൽ നിറഞ്ഞാണ് സിനിമ മുന്നോട്ട് പോകുന്നത്. ‘തല’ സിനിമയുടെ എല്ലാ ചേരുവകളും സമാസമം ചേർത്തിരിക്കുന്നതിനാൽ ‘വിവേകം’ പേരിൽ മാത്രമാണ്. കഥയും ലോജിക്കുമൊക്കെ വിവേകരഹിതമാണെങ്കിലും തലയുടെ പ്രകടനം ആരാധകരെ ആവേശത്തിലാഴ്ത്തും. 

അജിത്ത് എന്ന നടന്റെ ആത്മസമർപ്പണമാണ് സിനിമയുടെ ആത്മാവ്. അപകടം പിടിച്ച നിരവധി രംഗങ്ങൾ സിനിമയിലുണ്ട്. അദ്ദേഹത്തിന്റെ കഠിനാദ്ധ്വാനവും ദൃഢനിശ്ചയവും വെളിവാക്കുന്നതാണ് ആക്ഷന്‍ രംഗങ്ങളിലെ പ്രകടനങ്ങൾ. സാധാരണ മാസ് പടങ്ങളിൽ നിന്നും വ്യത്യസ്തമായി നായികയ്ക്ക് കൃത്യമായ പ്രാധാന്യം നൽകാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. അജിത്തിന്റെ ഭാര്യയായി എത്തിയ കാജൽ അഗർവാൾ ചിത്രത്തിലുടനീളം നിറഞ്ഞുനിൽക്കുന്നു. ഹാക്കര്‍ പെൺകുട്ടിയ നതാഷ ആയി എത്തിയ അക്ഷര ഹാസനെ ചെറിയൊരു റോളിൽ ഒതുക്കി. ഹാസ്യരംഗങ്ങളിൽ കരുണാകരൻ തിളങ്ങി.

കരുത്തുറ്റ പ്രകടനവുമായി വിവേക് ഒബ്റോയി തന്റെ വില്ലൻ വേഷം ഗംഭീരമാക്കി. സ്റ്റൈലിഷ് വില്ലനായ ആര്യൻ സിൻഹയായാണ് വിവേക് എത്തുന്നത്. വീരം, വേതാളം എന്നീ ചിത്രങ്ങൾക്ക് ശേഷം അജിത്തുമായി ഒന്നിക്കുന്ന ശിവയുടെ മൂന്നാമത്തെ സിനിമയാണ് വിവേകം. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിർവഹിച്ചിരിക്കുന്നത് ശിവ തന്നെയാണ്. അജിത്തിന്റെ മുൻസിനിമകളുമായി താരതമ്യം ചെയ്യുമ്പോൾ ബഡ്ജറ്റിലും മേക്കിങിലും വിവേകം മുന്നിൽ നിൽക്കുന്നു.  

രണ്ട് മണിക്കൂർ 29 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം. റൂബന്റെ ചിത്രസംയോജനം നീതിപുലർത്തി. പാട്ടുകളേക്കാൾ അനിരുദ്ധിന്റെ പശ്ചാത്തലസംഗീതമാണ് സിനിമയിൽ മുന്നിട്ടുനിന്നത്. ആക്ഷൻ രംഗങ്ങളെ അതേ ചടുതലയോടെയും വേഗതയോടെയും ക്യാമറയിലാക്കിയ വെട്രിയുടെ മികവ് എടുത്ത് പറയേണ്ടതാണ്. ഈസ്റ്റേൺ യൂറോപ്പ് ആണ് സിനിമയുടെ പ്രധാനലൊക്കേഷൻ. സിരുത്തൈ കെ ഗണേഷിന്റെ ആക്​ഷൻ കൊറിയോഗ്രഫി പ്രശംസനീയം.

പൂർണമായും അജിത്ത് ആരാധകർക്ക് വേണ്ടി ഒരുക്കിയിരിക്കുന്ന എന്റർടെയ്നറാണ് വിവേകം. ഒരു ആക്ഷൻ ത്രില്ലർ ലക്ഷ്യമാക്കി പോകുന്നവരെ സിനിമ നിരാശപ്പെടുത്തില്ല.