കുറച്ച് ചിരി, കുറച്ചേറെ ട്വിസ്റ്റ്; റിവ്യു

മോശമല്ലാത്ത കോമഡിയും ആവശ്യത്തിലേറെ ട്വിസ്റ്റുകളും ചേർന്ന തരക്കേടില്ലാത്ത എന്റർടെയിനറാണ് ലവ‌കുശ. ട്വിസ്റ്റുകളുടെയും സസ്പെൻസിന്റെയും അതിപ്രസരമുള്ള ചിത്രം ഒരു കോമഡി എന്റർടെയ്നർ എന്ന നിലയിൽ ഒരു തവണ കാണാവുന്ന ചിത്രമായി പരിണമിക്കുന്നു.

അപ്രതീക്ഷിതമായി കണ്ടുമുട്ടുന്ന രണ്ടു ചെറുപ്പക്കാർ. ജീവിക്കാൻ പെടാപ്പാട് പെടുന്ന അവർക്കിടയിലേക്ക് മൂന്നാമതൊരാൾ കടന്നുവരുന്നതും തുടർന്ന് ഇവർ മൂവരുടെയും ജീവിതത്തിലുണ്ടാകുന്ന ചില പ്രശ്നങ്ങളുമാണ് ലവകുശ പറയുന്നത്. 

ശരാശരി നിലവാരം പുലർത്തുന്നതാണ് ചിത്രത്തിന്റെ ആദ്യ പകുതി. തരക്കേടില്ലാത്ത കോമഡികൾ ഉണ്ടെങ്കിലും തീയറ്ററിൽ പൊട്ടിച്ചിരി പടർത്താൻ ഒന്നിനുമായിട്ടില്ല. ബിജു മേനോൻ എത്തുന്നതോടെ ചിത്രത്തിന് പുതുവേഗം കൈവരുന്നുണ്ട്. 

വെറുമൊരു ഹാസ്യചിത്രത്തിൽ നിന്ന് രണ്ടാം പകുതിയിലേക്കെത്തുമ്പോൾ സിനിമ ഒരു ത്രില്ലറായി രൂപാന്തരം പ്രാപിക്കുന്നു. ആവശ്യത്തിനും അനാവശ്യത്തിനും ട്വിസ്റ്റുകൾ. ചിലത് പ്രേക്ഷകനെ രസിപ്പിച്ചപ്പോൾ മറ്റു ചിലത് അനാവശ്യമായെന്നു തോന്നി. എന്നാൽ ചിരിപ്പിച്ചും ത്രില്ലടിപ്പിച്ചും കാഴ്ച്ചക്കാരനെ കയ്യിലെടുക്കുന്ന ക്ലൈമാക്സ് സിനിമയ്ക്ക് ഗുണകരമായി. 

നീരജ് മാധവ് – അജു വർഗീസ് കൂട്ടുകെട്ടിനെ നന്നായി ഉപയോഗിച്ചിട്ടുണ്ട് സംവിധായകൻ. ചില രംഗങ്ങളിൽ കല്ലുകടികൾ തോന്നിയെങ്കിലും ഇരുവരും കഥാപാത്രങ്ങളോട് നീതി പുലർത്തി. സ്റ്റൈലിലും സ്ക്രീൻ പ്രസെൻസിലും ബിജു മേനോന്റെ കഥാപാത്രം മികച്ചു നിന്നു. സ്വതസിദ്ധമായ കോമഡിക്കൊപ്പം ഗൗരവം നിറഞ്ഞ ഭാവമാറ്റവും അദ്ദേഹത്തിന്റെ കയ്യിൽ ഭദ്രം. നായികയായ ദിപ്തി സതിയുടെ ഡബ്ബിങ്ങിലെ പാളിച്ച പ്രകടം. 

ഗിരീഷ് മനോ‌യുടെ സംവിധാനവൈഭവം ചിത്രത്തെ മറ്റൊരു തലത്തിൽ വേറിട്ടുനിർത്തുന്നു.  രചന നിർവഹിച്ച നീരജ് മാധവ് ലവകുശയെ ഒരു കോമഡി സസ്പെൻസ് ത്രില്ലറാക്കാനാണ് ശ്രമിച്ചിട്ടുള്ളത്. അതിൽ ഒരു പരിധി വരെ അദ്ദേഹം വിജയിച്ചിട്ടുണ്ടെങ്കിലും ചില അവ്യക്തതകൾ ബാക്കിയാകുന്നു. 

കംപ്ലീറ്റ് എന്റർടെയിനർ എന്നൊന്നും വിശേഷിപ്പിക്കാനാവില്ലെങ്കിലും ലവകുശ പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കുന്ന സിനിമയൊന്നുമല്ല. കുറച്ച് കോമഡിയും കുറച്ചേറെ ട്വിസ്റ്റുകളും നിറഞ്ഞ ചിത്രം ഒന്നു കാണാവുന്നതാണ്.