മെർസൽ അഥവാ മറ്റൊരു രക്ഷകൻ; റിവ്യു

അനീതിക്കെതിരെ പോരാടുന്ന നായകനാണ് പല സിനിമകളിലും ഇളയദളപതി വിജയ്. എണ്ണമറ്റ അത്തരം ചിത്രങ്ങളിലേതുപോലെ തന്നെ മെർസലിലും രക്ഷകനായി തന്നെയാണ് അദ്ദേഹത്തിന്റെ വരവ്. വിജയ് ആരാധകരെ തൃപ്തിപ്പെടുത്തുന്ന പ്രതികാരകഥയാണ് ചിത്രം പറയുന്നത്. 

ബാഹുബലി ഉൾപ്പടെയുള്ള ചിത്രങ്ങളുടെ കഥ എഴുതിയ വിജയേന്ദ്ര പ്രസാദ്, യുവസംവിധായകരിൽ കഴിവുറ്റ അറ്റ്ലീ, സംഗീതമാന്ത്രികൻ എ.ആർ റഹ്മാൻ ഇവരൊക്കെ വിജയ്‌യുമായി ഒത്തുചേരുമ്പോൾ മെർസൽ എന്ന വാക്കിന്റെ അർഥമായ വിസ്മയം തന്നെയാണ് ഏവരും പ്രതീക്ഷിക്കുക. എന്നാൽ ശരിക്കും അത്ര വലിയ വിസ്മയമൊന്നുമല്ല ചിത്രം. 

അവയവക്കച്ചവടത്തിന്റെയും പണത്തിന്റെയും പുറകെ പോകുന്ന സ്വകാര്യ ആശുപത്രി രംഗത്തെ അഴിമതിയും അനീതിയുമാണ് ചിത്രത്തിൽ പ്രതിപാദിക്കുന്നത്. അഞ്ചുരൂപ ഡോക്ടർ എന്ന വിളിപ്പേരുള്ള മാരനിലൂടെയാണ് സിനിമയുടെ കഥ തുടങ്ങുന്നത്. മികച്ച ഡോക്ടറായ അദ്ദേഹം ഒരു മജീഷ്യനും കൂടിയാണ്. എന്നാൽ നിഗൂഡമായ ഒരുപാട് രഹസ്യങ്ങൾ മാരനെ ചുറ്റിപ്പറ്റിയുണ്ട്. അതിന്റെ ചുരുളഴിയുന്നിടത്താണ് മെർസലിന്റെ കഥ വികസിക്കുന്നത്. വിജയ്‌ തന്റെ കരിയറിൽ ആദ്യമായി ട്രിപ്പിൾ റോളിൽ പ്രത്യക്ഷപ്പെടുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്‌. 

പതിഞ്ഞ താളത്തില്‍ തുടങ്ങുന്ന ചിത്രം ഇടവേളയോട് അടുക്കുമ്പോൾ വേഗത്തിലാകുന്നു. മികച്ച ഇന്റർവൽ പഞ്ച് ആണ് സിനിമയുടെ മറ്റൊരു പ്രത്യേകത. ഒരു സർപ്രൈസ് ഫാക്ടർ മുന്നിൽ നിർത്തിയാണ് അറ്റ്ലീ സിനിമയുടെ രണ്ടാം പകുതിയിലേക്ക് പോകുന്നത്. എന്നാല്‍ ക്ലൈമാക്സിനോട് അടുക്കുമ്പോൾ ആദ്യപകുതിയിലെ ആവേശം ചോർന്നുപോയതായി തോന്നും.

ധീര,ബാഹുബലി, ഈച്ച തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ വിജയേന്ദ്ര പ്രസാദ്, അറ്റ്‌ലീ,രാമന ഗിരിവാസൻ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിജയ്‌ തന്റെ ഭാവി രാഷ്ട്രീയപ്രവേശനം മുന്നിൽ കണ്ട് ഒരുക്കിയ ചിത്രമാണ് മെർസലെന്നും സംശയം തോന്നാം. ജിഎസ്ടിയും, ഗോരഖ്പൂരിൽ ഓക്സിജൻ കിട്ടാതെ കുട്ടികൾ‌ മരിച്ച സംഭവവും നോട്ട് നിരോധനവും എല്ലാം തന്റെ പഞ്ച് ഡയലോഗിൽ വിജയ് ഉൾപ്പെടുത്തിയിട്ടുണ്ട്.

ആദ്യസിനിമയായ രാജാറാണിയിൽ നിന്നും രണ്ടാമത്തെ ചിത്രമായ തെറിയിൽ നിന്നും അറ്റ്ലീ പുറകോട്ട് പോകുകയാണെന്ന് മെർസൽ കാണുന്ന പ്രേക്ഷകർക്ക് തോന്നിപ്പോകും. വമ്പൻ കാൻവാസിൽ ഒരു ചിത്രം പടുത്തുയർത്തുമ്പോള്‍ പുലർത്തേണ്ട സൂക്ഷമത പലയിടത്തും നഷ്ടപ്പെടുന്നു. അപകടരംഗങ്ങളും ആശുപത്രിയിലെ സങ്കീർണമായ ഓപ്പറേഷൻ രംഗങ്ങളും മികവോടെ അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞു. 

മേക്കിങിൽ യാതൊരു പുതുമയും കൊണ്ടുവരാൻ സംവിധായകന് കഴിഞ്ഞിട്ടില്ല. പഴയകാല ശങ്കർ ചിത്രങ്ങളോട് സാമ്യം തോന്നുന്ന അവതരണശൈലി.  അതേസമയം ഒരു വിജയ് ആരാധകനെ തൃപ്തിപ്പെടുത്തേണ്ട എല്ലാ ചേരുവകളും കൃത്യമായി ചേർക്കാനും അദ്ദേഹം മറന്നിട്ടില്ല. ഒരു വിജയ് ആരാധകൻ അദ്ദേഹത്തെ നായകനാക്കി ചിത്രം സംവിധാനം ചെയ്താൽ എങ്ങനെയിരിക്കും അത് തന്നെയാണ് മെർസൽ. 

വെട്രിമാരൻ, മാരൻ , വെട്രി എന്നീ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളായി വിജയ് എത്തുന്നു. വിജയ് തന്നെയാണ് സിനിമയുടെ മുതൽക്കൂട്ട്. മൂന്നുവേഷങ്ങളിലും അതിഗംഭീരപ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത്. രാജ്യാന്തര മജീഷ്യരായ ഗൊഗൊ റക്വീം, രമൻ ശർമ, ഡോണി ബെന്നറ്റ് എന്നിവരിൽ നിന്ന് പരിശീലിച്ച വിജയ്‌യുടെ മാജിക് വിരുതുകൾ ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്. സിനിമയിലെ പല മാജിക് ട്രിക്കുകളും സ്പെഷൽ ഇഫക്ടുകളില്ലാതെ വിജയ് സ്വന്തമായി തന്നെയാണ് ചെയ്തിരിക്കുന്നത്. നൃത്തരംഗത്തിലും അദ്ദേഹത്തിന്റെ ഊർജം എടുത്തുപറേണ്ടതാണ്.

നിത്യാമേനോൻ ഒഴികെ മറ്റ്‌ രണ്ട് നായികമാർക്കും കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ജ്യോതിക വേണ്ടെന്നുവച്ച വേഷമാണ് നിത്യ പിന്നീട് ചെയ്തത്. എസ്‌ ജെ സൂര്യ അവതരിപ്പിച്ച ഡാനിയൽ ആരോഗ്യരാജ് മികച്ചു നിന്നു. ഗംഭീര ആമുഖത്തോടെ അവതരിപ്പിക്കുന്ന ഡോ. ഡാനിയൽ ആരോഗ്യരാജ് എന്ന വില്ലൻ കഥാപാത്രം അവസാനമെത്തുമ്പോൾ പതിവുപോലെ കോമളിയാകുന്നു. കോമഡി ഹീറോ വടിവേലുവിന്റെ സ്ഥിരം വളിപ്പ് റോളുകളിൽ നിന്നും വ്യത്യസ്തമായ കഥാപാത്രമാണ് മെർസലിലേത്. സത്യരാജ്‌, കോവൈ സരള, രാജേന്ദ്രൻ, ഹരീഷ് പേരടി എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചു. എ ആർ റഹ്മാന്റെ പശ്ചാത്തലസംഗീതത്തേക്കാൾ പാട്ടുകൾ മികച്ചു നിന്നു.

സിനിമയുടെ സാങ്കേതിക രംഗത്തുപ്രവർത്തിച്ചവരും മികവ് പുലർത്തി. ജി.കെ വിഷ്ണുവാണ് ഛായാഗ്രഹണം.  നവാഗതനെന്ന നിലയില്‍ മുൻനിര ഛായാഗ്രഹകരോട് കിടപിടിക്കുന്ന ദൃശ്യമികവ് അദ്ദേഹം മെർസലിൽ പുലർത്തിയിരിക്കുന്നു. അനല്‍ അരശിന്റെ സംഘട്ടനരംഗങ്ങളും ആരാധകരില്‍ ആവേശം സൃഷ്ടിക്കുന്നതാണ്. റൂബന്റെ ചിത്രസംയോജനം മികവുപുലർത്തിയോ എന്നു സംശയം.

‌പ്രേക്ഷകർ ഒരുപാടു കണ്ടിട്ടുള്ള ഒരു സാധാരണ പ്രതികാര കഥ തന്നെയാണ് മെർസലും. വിജയ്‌യുടെ സ്ഥിരം മാനറിസവും അമാനുഷിക ഫൈറ്റും പാട്ടും ഡാൻസും കാണാൻ താൽപര്യമില്ലാത്തവർ വിട്ട്‌ നിൽക്കുന്നതാകും നല്ലത്‌. അല്ലാത്തവർക്ക് ഒന്നു കാണുകയുമാവാം.