നീയും അമ്മയും നെഞ്ചിലാണു തൊട്ടത്; റിവ്യു

‘എന്തിനും ഉത്തരമുണ്ട് ഈ പെണ്ണിന്റെ കയ്യിൽ...’ അമ്മ നജ്മ ഇൻസുവിനെപ്പറ്റി ഇടയ്ക്കിടെ പറയുന്ന കാര്യമാണിത്. ശരിയായിരുന്നു; അമ്മയുടെ സംശയങ്ങൾക്കെല്ലാം ഇൻസിയയുടെ കയ്യിൽ മറുപടിയുണ്ടായിരുന്നു. അമ്മയെ അവൾക്കു വലിയ വിലയൊന്നുമില്ല. പക്ഷേ നജ്മയ്ക്ക് ഇൻസുവെന്നു വച്ചാൽ ജീവനാണ്. മകളൊരു സ്വപ്നം കണ്ടാൽ മതി, നജ്മ അത് ഏതു വിധേനയും അതു സ്വന്തമാക്കി അവള്‍ക്കു മുന്നിലെത്തിക്കും. അതറിയാവുന്നതു കൊണ്ടുതന്നെ ഇൻസു തന്റെ പരിധിയ്ക്കപ്പുറത്തേക്കു കടന്നുള്ള സ്വപ്നങ്ങൾ കാണാറുമില്ല. എങ്കിലും ഇടയ്ക്കിടെ ചില കുഞ്ഞുകുഞ്ഞു സ്വപ്നങ്ങള്‍...

ഇങ്ങനെയൊക്കെയാണെങ്കിലും അമ്മയെ ഇൻസു വിശേഷിപ്പിക്കുന്നത് ‘കൊച്ചുകുട്ടികളുടെ സ്വഭാവമുള്ള, ഒരു മണ്ടി...’ എന്നാണ്. കാരണവുമുണ്ട്. അച്ഛൻ വഴക്കു പറയുമ്പോൾ, തല്ലി കണ്ണുപൊട്ടിക്കുമ്പോള്‍, അടികൊണ്ടു ചുണ്ടു പൊട്ടി കരയുമ്പോൾ ഒന്നും അമ്മ തിരിച്ചൊരു വാക്കു പോലും പറയില്ല. ഇൻസു പോലും അന്നേരം ദേഷ്യം കൊണ്ടു വിറയ്ക്കും. എങ്കിലും തിരിച്ചൊന്നും പറയാൻ അവൾക്കും ധൈര്യമില്ല. അവൾ കണ്ടിട്ടുള്ള ഏറ്റവും ക്രൂരനായ മനുഷ്യൻ ഒരുപക്ഷേ അച്ഛനായിരിക്കും. അതിനിടയിലും ആശ്വാസം പകർന്ന് ഒപ്പം നിൽക്കാൻ ചിന്തൻ എന്നൊരു കൂട്ടുകാരനുണ്ട് അവൾക്ക്. മെലിഞ്ഞു നീണ്ടൊരു കൃസൃതിക്കാരൻ പയ്യൻ. ഇൻസു ജീവിതത്തിനു മുന്നിൽ പലപ്പോഴും ഉത്തരം കിട്ടാതെ ശ്വാസംമുട്ടുമ്പോൾ എല്ലാറ്റിനും ‘പ്രാക്ടിക്കൽ’ ഉത്തരം റെഡിയാണ് ചിന്തന്റെ കയ്യിൽ. 

ഇൻസുവിന്റെ വീട്ടിലാണെങ്കിൽ അമ്മ മാത്രമല്ല അനിയൻ ഗുഡ്ഡുവുണ്ട്, അമ്മൂമ്മയുണ്ട്, അച്ഛനില്ലാത്തപ്പോഴെല്ലാം അവിടെ സന്തോഷവുമുണ്ട്...

പുറത്തു സിനിമയ്ക്കു പോകുമ്പോൾ ഒരു കല്യാണത്തിനു പോകുമ്പോൾ ഒന്നും അച്ഛൻ ഇൻസുവിനെ കൊണ്ടുപോകില്ല. അവൾക്കത് സന്തോഷവുമാണ്. കാരണം അന്നേരമാണ് തന്റെ പ്രിയപ്പെട്ട പാട്ടുകൾ ഇൻസു യുട്യൂബിലേക്ക് അപ്‌ലോഡ് ചെയ്യുന്നത്. ലക്ഷക്കണക്കിനു പേരുണ്ട് ഇപ്പോഴവൾക്ക് ഫോളോവർമാരായി. ഒട്ടേറെ പേർ അവൾക്ക് മെസേജയയ്ക്കുന്നു, ലൈക്ക് ചെയ്യുന്നു, കൂടുതൽ പാട്ടുകൾ പാടാൻ ആവശ്യപ്പെടുന്നു. യൂട്യൂബിലെ സീക്രട്ട് സൂപ്പർസ്റ്റാറായിരിക്കുന്നു അവൾ. പക്ഷേ പതിവു പോലെ അവിടെയും അച്ഛൻ വില്ലനായി. അദ്ദേഹത്തിന്റെ കണ്ണുകളിൽ ആളിക്കത്തിയ ദേഷ്യത്തിൽ ഗിറ്റാറിന്റെ സ്ട്രിങ്ങുകളെല്ലാം പൊട്ടിത്തകര്‍ന്നു പോയി. ഒരു പാതിരാവിൽ ഇൻസുവിന്റെ സ്വപ്നങ്ങളും നിലത്തു വീണു ചിന്നിച്ചിതറി...

അങ്ങനെ, എല്ലാ സ്വപ്നങ്ങളും ഉപേക്ഷിക്കാൻ നേരമായിരിക്കുന്നു.പക്ഷേ അവിടെയും അവൾക്കൊപ്പം നിൽക്കാൻ മാത്രമായി കുറേ പേർ. ഒരു തെറ്റു വരുത്തുമ്പോൾ ആരു ചുമലിൽ തളർന്നു വീണു കരയാനാണ് എനിക്കാകുക? എങ്ങോട്ടേക്കു പോകണമെന്നറിയാതെ വഴിയിടറി നിൽക്കുമ്പോൾ ആരാണെന്റെ പാതയിൽ വെളിച്ചം വിതറുക...എന്ന് ഇൻസു പാടിക്കരഞ്ഞത് അവരെല്ലാം കേട്ടിട്ടുണ്ടായിരിക്കണം. നിസ്സഹായരായവർ ഒടുവിൽ ലക്ഷ്യത്തിലേക്ക് രണ്ടും കൽപിച്ചിറങ്ങുമ്പോൾ ദൈവത്തിനും കൈവിടാനാകില്ലല്ലോ!

ആദ്യമേ പറയട്ടെ; അദ്വൈത് ചന്ദന്റെ ആദ്യചിത്രമായ ‘സീക്രട്ട് സൂപ്പർസ്റ്റാറി’ന്റെ കഥ പലപ്പോഴായി മുന്നിലെത്തിയ ട്രെയിലറുകളിലൂടെ നാം ഊഹിച്ചെടുത്തതല്ല. ആമിർഖാന്റെ കഥാപാത്രം ശക്തികുമാര്‍ പാടി അഭിനയിക്കുന്നതു പോലെ അത്ര സന്തോഷം നിറഞ്ഞതുമല്ല. നിറമുള്ള പാട്ടുകൾക്കു പിന്നിലെ കുറേ മങ്ങിയ ജീവിതങ്ങളുടെ കഥയാണത്. ഇൻസിയയെന്ന പേരിന്റെ അർത്ഥം തന്നെ പെൺകുട്ടിയെന്നാണ്. പെൺകുട്ടിയുടെ, പെൺമനസ്സിന്റെ കഥയുമാണിത്. അമ്മയും മകളും തമ്മിലുള്ള ബന്ധത്തെ അതിന്റെ എല്ലാ വികാരതീവ്രതയോടെയും അതീവ മനോഹരമായി പ്രേക്ഷകനു മുന്നിലെത്തിക്കുകയാണ് ഈ ചിത്രം. 

അദ്വൈതിന്റെ ആദ്യചിത്രത്തിന്റേതായ ചെറുപാളിച്ചകളുണ്ടെങ്കിലും സീക്രട്ട് സൂപ്പർസ്റ്റാർ മനസ്സു നിറയ്ക്കും. ഇത്രമാത്രം സ്നേഹവും കരുതലും നിറഞ്ഞൊരു കുടുംബചിത്രം അടുത്തിടെയൊന്നും ബോളിവുഡിൽ പുറത്തിറങ്ങിയിട്ടുമില്ല. വമ്പൻ ബജറ്റ് സിനിമകളിലെ അസാധാരണത്വത്തില്‍ നിന്നിറങ്ങി വന്ന് ഏറ്റവും ലാളിത്യത്തോടെയൊരു കഥാപാത്രമായി മാറിയ സൂപ്പർ സ്റ്റാർ ആമിറിനെയും കാണാം ചിത്രത്തിൽ. സീക്രട്ട് സൂപ്പർ സ്റ്റാറിലെ താരങ്ങൾ പക്ഷേ ഇൻസും അമ്മ നജ്മയുമാണ് (ചിന്തനെയും ഗുഡ്ഡുവിനെയും മറക്കുന്നില്ല). ചിത്രത്തിന്റെ ആരംഭം മുതൽ അവസാനക്കാഴ്ച വരെ ഈ അമ്മയും മകളുമാണ് പ്രേക്ഷകനു മുന്നിൽ വിസ്മയ വിരുന്നൊരുക്കുന്നത്. 

തിരിച്ചറിവുകൾക്കു സമയമെടുക്കും. ചില തിരിച്ചറിവുകളുണ്ടാകാൻ നമുക്കു മറ്റുള്ളവരുടെ സഹായം കൂടിയേ തീരൂ. അത്തരമൊരു ‘മാജിക്കൽ’ കഥാപാത്രമാണ് ആമിറിന്റേത്. ‘തല്ലിപ്പൊളി’ സംഗീതസംവിധായകനായുള്ള അദ്ദേഹത്തിന്റെ ശക്തികുമാർ ചിത്രത്തില്‍ ഊർജം കെടുന്നിടത്തെല്ലാം ആവേശം ആളിക്കത്തിക്കാനെത്തുന്നുമപണ്ട്. വെറുതെ രസംകൊല്ലി തമാശ പറഞ്ഞ് സ്ക്രീനിൽ നേരം കളയുകയല്ല മറിച്ച്, ഇമോഷനൽ രംഗങ്ങളിലും കൺനിറയ്ക്കുന്ന സാന്നിധ്യമാകുന്നുണ്ട് ബോളിവുഡിന്റെ ‘ദങ്കൽ’ സൂപ്പർസ്റ്റാർ.

അവസാനം വരെ സാധാരണ നിലയിൽ തുടരുന്ന ചിത്രം പക്ഷേ ക്ലൈമാക്സിലേക്ക് അടുക്കും തോറും വികാരതീവ്രമാകുന്നതു കാണാം. പ്രേക്ഷകന്റെ മനസ്സു കീഴ്പ്പെടുത്തിയേ അടങ്ങൂ എന്ന മട്ടിലാണ് നജ്മയായി മെഹർ വിജിന്റെയും ഇൻസുവായുള്ള സൈറ വാസിമിന്റെയും പ്രകടനം. പാട്ടുപാടി അഭിനയിക്കുന്ന രംഗങ്ങളിൽ പോലും സൈറ ആ സീനിന്റെ ‘ഫീൽ’ പൂർണമായും ഉൾക്കൊണ്ടിരിക്കുന്നത് സ്ക്രീനിൽ തിരിച്ചറിയാനാകും. ഇന്‍സുവും ചിന്തനും തമ്മിലുള്ള പത്താം ക്ലാസ് പ്രണയം ബോളിവുഡിലെ പരമ്പരാഗത റൊമാന്റിക് ‘തമ്പുരാക്കന്മാരുടെ’ വരെ മനസ്സു നിറയിക്കാന്‍ പോന്നതാണ്. ചിന്തന് തന്റെ ഇമെയിൽ പാസ്‌വേഡ് പറഞ്ഞു കൊടുക്കുന്ന രംഗത്തിൽ ഇൻസുവിന്റെ കവിളിൽ വിരിഞ്ഞ ആ ചുവന്നുതുടുത്ത റോസാപ്പൂക്കൾ മാത്രം മതി അതിനു തെളിവ്... 

അദ്വൈത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. മനസ്സിൽത്തട്ടും വിധം ഡയലോഗുകളുടെ പെരുമഴയുണ്ട് പല രംഗങ്ങളിലും. മികച്ച അഭിനേതാക്കളല്ലെങ്കിൽ കൈവിട്ടു പോകാവുന്ന അവസരങ്ങൾ. സൈറയുടെ അച്ഛനായെത്തിയ രാജ് അർജുനും ചിന്തനായെത്തിയ തീർഥ് ശര്‍മയും ഇൻസുവിന്റെ അമ്മൂമ്മയായെത്തിയ അഭിനേത്രിയും അതീവഇണക്കത്തോടെ ഇത്തരം രംഗങ്ങളോടു ചേർന്നു നിന്നു ഗംഭീരമാക്കുന്നതും അങ്ങനെയാണ്. പാട്ടുപാടിപ്പറഞ്ഞു പോകുന്ന കഥയാണ് സീക്രട്ട് സൂപ്പർസ്റ്റാറിന്റേത്. അതിനാൽത്തന്നെ പാട്ടുകളേറെയുണ്ട്. അർത്ഥഗംഭീരമായ വരികളും. പാടി അഭിനയിച്ചവരെപ്പോലെത്തന്നെ ഗംഭീരമാണ് പാടിയവരും. ഇൻസുവിന്റെ മുഴുവൻ പാട്ടുകളും ആലപിച്ചത് മേഘ്ന മിശ്രയാണ്. കൗസർ മുനിറിന്റെ വരികൾക്കു സംഗീതം പകർന്നിരിക്കുന്നത് അമിത് ത്രിവേദി. ഓരോ പാട്ടും ഒന്നിനൊന്നു മികച്ചത് എന്നു തന്നെ പറയണം. അനിൽ മേത്തയുടേതാണ് ഛായാഗ്രഹണം; കാര്യമായ പരീക്ഷണങ്ങൾക്കൊന്നും മുതിരാതെ കഥപറച്ചിലിന്റെ ലാളിത്യത്തിനൊപ്പം നിൽക്കാനാണു ഛായാഗ്രാഹകൻ ശ്രമിച്ചിരിക്കുന്നത്. എഡിറ്റിങ് ഹേമന്ദി സർക്കാർ.

കൂട്ടിൽ നിസ്സാഹായതയോടെ മുരളുന്ന കടുവയെ നോക്കി നിസ്സാഹതയോടെയിരിക്കുന്ന കുട്ടിയാണ് ഇൻസു. അവൾക്കുള്ളിലും ഒരു കടുവ കൂടുപൊട്ടിക്കാനുള്ള വെമ്പലോടെ മുരളുന്നുണ്ട്. മുന്നിൽ ഇന്റർനെറ്റ് തുറന്നു കൊടുക്കുന്നൊരു വലിയ ലോകവുമുണ്ട്. എന്നാൽ ആ ലോകത്തിലേക്കുള്ള കവാടത്തിനു മുന്നിൽ വലിയ തടസ്സങ്ങളാണ്. കാലിൽ അദൃശ്യമായ ചങ്ങലകളും. ഒപ്പം നെഞ്ചിൽ സ്നേഹം നങ്കൂരമിട്ടു കൊളുത്തിവലിക്കുന്നതിന്റെ വിലക്കും. അമ്മയ്ക്ക് അവൾക്കൊപ്പം നിൽക്കണമെന്നുണ്ട്, പറ്റുന്നില്ല. ഒപ്പം നിൽക്കുന്നവർക്ക് അവളുടെ കൂടെ യാത്ര ചെയ്ത് അവളെ ലക്ഷ്യത്തിലേക്ക് എത്തിക്കണമെന്നുമുണ്ട്. പക്ഷേ പരിമിതികളേറെയാണ്. ഇങ്ങനെ വികാരതീവ്രമായ നിമിഷങ്ങളാൽ സമ്പന്നമായ മികച്ചൊരു ‘മ്യൂസിക്കൽ ജേണി’യാണ് സീക്രട്ട് സൂപ്പർസ്റ്റാർ.

ദീപാവലിക്കു ചിരിച്ചുകളിച്ച് ആഘോഷിക്കാമെന്നു കരുതി കാണാവുന്ന ചിത്രമല്ല സീക്രട്ട് സൂപ്പർ സ്റ്റാർ. ചിരിക്കാൻ കുറച്ചും പിന്നെ ചിന്തിച്ചു കണ്ണുനിറയ്ക്കാനേറെയും നിറച്ചൊരു കുഞ്ഞുചിത്രം. തിയേറ്ററിലേക്കിറങ്ങുമ്പോൾ ഒപ്പം അമ്മയെയും അച്ഛനെയും കൂട്ടാനും മറക്കരുത്. കാരണം ചിത്രത്തിനൊടുവിലാണ് യഥാര്‍ഥ സീക്രട്ട് സൂപ്പർസ്റ്റാറിന്റെ വരവ്. അതാണ് ചിത്രത്തിന്റെ സസ്പെൻസ്. ആ സൂപ്പർസ്റ്റാറിനെ ഓരോ അച്ഛനും അമ്മയും മക്കളും കണ്ടുതന്നെയറിയണം. ഒരുപക്ഷേ കണ്ണുനനഞ്ഞു കൊണ്ടുതന്നെ അനുഭവിച്ചറിയണം...