കുമാറിന്റെ ദൈവം; റിവ്യു

ഏറെ ശ്രദ്ധനേടിയ കറുത്തജൂതന് ശേഷം സലിം കുമാർ ചെയ്യുന്ന മൂന്നാമത്തെ സംവിധാനസംരംഭമാണ് ദൈവമേ കൈതൊഴാം കെ കുമാർ ആകണം. ഫാന്റസിയുടെയും മിത്തിന്റെയും ചേരുവ കൂട്ടികലർത്തിയാണ് സിനിമയുടെ കഥാഗതി മുന്നോട്ടുപോകുന്നത്. 

2000 വരെയുള്ള കാലഘട്ടത്തിൽ മലയാളസിനിമയിൽ നിലനിന്ന സ്ലാപ്സ്റ്റിക്ക് കോമഡിയുടെ വക്താക്കളാണ് സലിം കുമാറും ജയറാമും. ഈ കൂട്ടുകെട്ട് ന്യൂജനറേഷൻ കാലത്ത് ഒന്നിക്കുമ്പോൾ ഹാസ്യരസപ്രധാനമായിരിക്കും സിനിമ, എന്ന് പ്രതീക്ഷിച്ച് പോകുന്നവരെ നിരാശപ്പെടുത്തില്ല. 

ഫാന്റസികോമഡിഗണത്തിലാണ് സിനിമ ഉൾപ്പെട്ടിരിക്കുന്നത്. കൃഷ്ണ കുമാർ (ജയറാം) നിർമല (അനുശ്രീ) ദമ്പതികളുടെ വീട്ടിൽ അപ്രതീക്ഷിതമായി ദൈവവും മായനും എത്തുന്നു.  ഭൂമിയിലെ കുടുംബജീവിതം അടുത്തുകാണാൻ എത്തുന്ന ദൈവമായി നെടുമുടിവേണുവും കോട്ടയം പ്രദീപ് മായനായും എത്തുന്നു.

ദൈവം  താമസിക്കാനായി തിരഞ്ഞെടുക്കുന്നത് കൃഷ്ണകുമാറിന്റെ വീടാണ്. ഷെൽഫിൽ ഇരിക്കുന്ന ഷർട്ട് എടുക്കാൻ പോലും മടികാണിക്കുന്ന, ഭാര്യയെകൊണ്ട് എല്ലാജോലിയും ചെയ്യിക്കുന്ന അലസനായ ഭർത്താവാണ് കൃഷ്ണകുമാർ. അടുക്കളപണിചെയ്ത് നടുവൊടിഞ്ഞ നിർമല റോളുകൾ പരസ്പരം മാറണമെന്ന് ആഗ്രഹിക്കുന്നു. ദൈവവുമായിട്ടുള്ള കരാർ പ്രകാരം പിറ്റേദിവസം മുതൽ കൃഷ്ണകുമാർ ഭാര്യയുടെ ജോലികളും നിർമല ഭർത്താവിന്റെ ജോലികളും ഏറ്റെടുക്കുന്നു. ഇതേതുടർന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് സിനിമ പോകുന്നത്. 

ഹോളിവുഡ് ചിത്രം ബ്രൂസ് ഓൾമൈറ്റിയുടെ പാതപിന്തുടരുന്ന ചിത്രമാണ് ദൈവമേ കൈതൊഴാം കെ കുമാറാകണം. നെടുമുടി വേണുവിന്റെ ദൈവത്തിന്റെ കഥാപാത്രം മോർഗൻ ഫ്രീമാന്റെ ആൽഫ ആൻഡ് ഒമേഗ എന്ന കഥാപാത്രത്തെ ഓർമിപ്പിക്കും. പപ്പൻ പ്രിയപ്പെട്ട പപ്പൻ, നാരദൻ നാട്ടിൽ, പുതിയ ചിത്രം തരംഗം എന്നിവയ്ക്ക് സമാനമായരീതിയിലാണ് ചിത്രത്തിന്റെ ഒഴുക്ക്.  നർമം കൈകാര്യം ചെയ്യാനുള്ള ജയറാമിന്റെ കഴിവ് കൈമോശം വന്നിട്ടില്ലെന്ന് തെളിയിക്കുന്നതു കൂടിയാണ് ദൈവമേ കൈതൊഴാം കെ കുമാറാകണം. അനുശ്രീയും ഒപ്പത്തിനൊപ്പം നിന്ന് മികവ് തെളിയിച്ചു. 

കുമാറിന്റെയും നിർമലയുടെയും കഥയ്ക്ക് സമാന്തരമായി  സമാന്തരമായി സലിം കുമാറിന്റെ ഗോപിയുടെ ജീവിതവും മുന്നോട്ടുപോകുന്നുണ്ട്. സമകാലീന സംഭവങ്ങൾ കോർത്തിണക്കിയ ചിത്രം ചിലനേരങ്ങളിൽ ട്രോൾ സന്ദേശങ്ങൾ പോലെയാകുന്നുണ്ട്. മലയാളത്തിലെ സ്ത്രീവിരുദ്ധതയും സ്ത്രീപക്ഷവും ഫെമിനിസവുമൊക്കെ ചർച്ചയാകുന്ന കാലത്ത് പ്രാധാന്യമർഹിക്കുന്ന സിനിമയാണ് ദൈവമേ കൈതൊഴാം കെ കുമാറാകണം.