Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആമി കമലിന്റെയും മഞ്ജുവിന്റെയും മാസ്റ്റർ പീസ്; റിവ്യു

Aami-Movie

കമലിന്റെ ആമി എന്ന സിനിമ മാധവിക്കുട്ടി എന്ന എഴുത്തുകാരിയുടെ ജീവിതമാണ്. അതിൽ മാധവിക്കുട്ടി എഴുതിയ ‘എന്റെ കഥ’യോ മാധവിക്കുട്ടിയുടെ കൂട്ടുകാരി മെർലി വെയ്സ്ബോർഡിന്റെ പ്രണയരാജകുമാരിയോ ഇല്ല, പകരം മാധവിക്കുട്ടിയുടെ കഥകളിലെ, കവിതകളിലെ, കുറിപ്പുകളിലെ വരികളിലൂടെയും വരികൾക്കിടയിലൂടെയും മാധവിക്കുട്ടി എന്ന സ്ത്രീയെ കണ്ടെത്താനുള്ള സംവിധായകന്റെ ശ്രമമാണ്. ശ്രമകരമായ ആ ജോലിയിൽ കമൽ വിജയിച്ചിരിക്കുന്നു. ഒരു ബയോപിക് എന്നതിനപ്പുറം കലാസൃഷ്ടി എന്ന നിലയിൽ അഭിനയമികവുകൊണ്ടും ചമയം കൊണ്ടും ദൃശ്യഭംഗികൊണ്ടും മലയാളത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച സിനിമകൾക്കൊപ്പം ആമി നിൽക്കും.

ആമിയിൽനിന്നു മാധവിക്കുട്ടിയും കമലാദാസും പിന്നെ കമല സുരയ്യയുമൊക്കെയായി പകർന്നാടിയ സ്ത്രീയുടെ ജീവിതാനുഭവങ്ങളെ പിൻതുടരുന്ന ക്യാമറ ആ ജീവിതത്തിന്റെ സൂക്ഷ്മഭാവങ്ങളെയെല്ലാം ഒപ്പിയെടുക്കുമ്പോഴും അവരുടെ സ്വകാര്യതയിലേക്ക് കച്ചവടക്കണ്ണോടെ കടന്നുകയറുന്നില്ല. ആ അർഥത്തിൽ ആമി പച്ചയായ മാധിവിക്കുട്ടിയല്ല എന്നു വിമർശിക്കപ്പെട്ടേക്കാം.

aami-manju-trailer

മാധവിക്കുട്ടിയുടെ ജീവിതം കഥാതന്തുവാക്കി, രാധാ–കൃഷ്ണ പ്രണയത്തിന്റെ പശ്ചാത്തലം അന്തർധാരയാക്കി, ഒരു കലാകാരിയുടെ തീവ്രപ്രണയാനുഭവങ്ങളാണ് ആമി. ഇതിൽ ശരിയും തെറ്റുമുണ്ടാകും. പക്ഷേ അതിലെ സത്യസന്ധത ആർക്കും നിരാകരിക്കാനാവില്ല. ഒരുപക്ഷേ കാലത്തിനു മുൻപേ സഞ്ചരിച്ചതാകും ആമിയുടെ തെറ്റ്.

എവിടെനിന്നെക്കെയോ എടുത്തുചേർത്തുവച്ച സംഭവങ്ങളിലൂടെ ആണ് ആമി വളർന്നു വലുതാകുന്നത്. ആ വളർച്ച ഉൾക്കൊള്ളാൻ മഞ്ജു വാര്യർ എന്ന അഭിനേത്രിക്കു കഴിഞ്ഞിട്ടുണ്ട്. ആ മേക്കോവറിൽ മഞ്ജു തന്റെ അഭിനയ ജീവിതത്തിലെ അവിസ്മരണീയമായ നിമിഷങ്ങളാണ് സമ്മാനിച്ചത്. വലിയ പൊട്ടും മൂക്കുത്തിയും ഇട്ടാൽ മാധവിക്കുട്ടി ആകില്ല എന്നു വിമർശിച്ചവർക്കുള്ള മറുപടി. കാലം മഞ്ജുവിനുവേണ്ടി കാത്തുവച്ച കഥാപാത്രമാണ് ആമി.

നാലപ്പാട് തറവാടും പുന്നയൂർ കുളവും നീർമാതളവും ആമിക്കൊപ്പം എന്നും ഉണ്ടായിരുന്നു. ചിത്രത്തിൽ മധു നീലകണ്ഠന്റെ ക്യാമറ ആ സൗന്ദര്യം ആവോളം ഒപ്പിയെടുത്തിട്ടുണ്ട്. മുംബൈയിലെയും കൽക്കട്ടയിലെയും തെരുവുകളും സ്വാതന്ത്ര്യ സമരകാലവും സൃഷ്ടിച്ചെടുക്കുന്നതിൽ സെല്ലുലോയിഡിനെയും വെല്ലുന്ന കലാസംവിധാനം. ആമിയുടെ പ്രണയാതുരതയെ കൃഷ്ണനും രാധയുമായുള്ള ബന്ധത്തിന്റെ തീവ്രഭാവങ്ങളിലേക്ക് ഉയർത്തുന്ന ചിത്രം കമലയുടെ പ്രണയങ്ങളെക്കുറിച്ചുള്ള സൂചനകൾ മാത്രം നൽകി കഴിയുന്നത്ര അതിന്റെ മാംസനിബദ്ധതയിൽനിന്നു മാറി നിൽക്കുന്നു. ‍

അവസാന കാലത്ത് കമലയിൽനിന്നു കമലാസുരയ്യയിലേക്കുള്ള പരിണാമത്തിന്റെ പിന്നിലെ കഥ സത്യസന്ധമായിത്തന്നെ ചിത്രത്തിലുണ്ട്. അതിൽനിന്ന് പക്ഷേ വർഗീയസംഘർഷത്തിന്റെ തീപ്പൊരി പറക്കാതിരിക്കാൻ കമൽ ഏറെ ശ്രദ്ധിച്ചിട്ടുണ്ട്. മതംമാറ്റം, പ്രണയസാഫല്യം തേടിയുള്ള പ്രയാണം മാത്രമാെണന്നും മതങ്ങളൊക്കെ മാറിമാറി അണിയുന്ന വേഷങ്ങളാണെന്നും കമല പറയാതെ പറയുമ്പോൾ അതിൽ എല്ലാം അടങ്ങിയിട്ടുണ്ട്.

aami

പുന്നയൂർകുളത്തിലേക്കുള്ള അവസാന യാത്രയിൽ, പുതിയ വേഷങ്ങൾക്ക് മുന്നിൽ താൻ പഴയ ആമിയാണെന്നും തന്റെ നിത്യകാമുകൻ കൃഷ്ണനാണെന്നും നായികയെക്കൊണ്ട് പറയാതെ പറയിക്കുന്ന സംവിധായകൻ സത്യസന്ധമായും ധീരമായും ആ വസ്തുത പറയുന്നു.

ഒട്ടേറെ വിമർശനങ്ങൾക്കും വ്യാഖ്യാനങ്ങൾക്കും കഥാപാത്രസൃഷ്ടി പിടിതരാതെ മാറിനിൽക്കുന്ന മാധവിക്കുട്ടിയെയാണ് മഞ്ജു ഉൾക്കൊള്ളാൻ ശ്രമിക്കുന്നത്. തന്റെ മുഖത്ത് മാറിമറിയുന്ന ഭാവവ്യത്യാസങ്ങളിലൂടെ, ശരീരഭാഷയിലൂടെ മഞ്ജു അപാരമായ പരകായപ്രവേശം നടത്തിയിരിക്കുന്നു. അതേസമയം കമലയുടെ ആദ്യകാല കാമുകരായി എത്തുന്ന ആരും അഭിനയ മികവിൽ മഞ്ജുവിനൊപ്പം നിൽക്കുന്നില്ല. ഭർത്താവിന്റെ റോളിൽ മുരളി ഗോപിയും കബീറിന്റെ വേഷത്തിൽ അനൂപ് മേനോനും മികച്ച പ്രകടനം നടത്തുന്നുണ്ട്. കൃഷ്ണനായി ആദ്യന്തം സാന്നിധ്യമുള്ള ടോവിനോയും ന്നായിരിക്കുന്നു.

കമലിന്റേതെന്നപോലെ ഇതു മഞ്ജുവാര്യരുടെയും ചിത്രമാണ്. മഞ്ജുവിനെ മാധവിക്കുട്ടിയാക്കിയ പട്ടണം റഷീദിന്റെ കരവിരുതും ശ്രീകർ പ്രസാദിന്റെ എഡിറ്റിങ്ങും ചിത്രത്തിന്റെ മാറ്റുകൂട്ടി. മാധവിക്കുട്ടി തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ തീരുമാനിക്കുന്നതിന്റെ സാഹചര്യങ്ങൾക്ക് വിശ്വാസ്യത ഉണ്ടാക്കാനായിട്ടില്ല. താൻ സൗജന്യമായി കൊടുത്ത സ്വർണവള ഭർത്താവ് തിരികെ വാങ്ങുമ്പോൾ അതിൽ ക്ഷോഭിക്കാത്ത മാധവിക്കുട്ടിയും സ്വീകാര്യമായില്ല. ഇതൊക്കെ ചിത്രത്തിലെ ചെറിയ പോരായ്മകളായി തോന്നാം.‌

മാധവിക്കുട്ടി എന്ന പ്രണയരാജകുമാരിയുടെ പ്രണയനദിയിൽനിന്നു കുറെ വെള്ളം കോരിയെടുത്ത് അതിലൂടെ പ്രകാശം കടത്തിവിട്ട് മഴവില്ലു തീർക്കാനാണ് കമൽ ശ്രമിച്ചിട്ടുള്ളത്. മഴവില്ലിന്റെ മിഴിവിനെക്കുറിച്ച് തർക്കങ്ങൾ ഉണ്ടാകാം. പക്ഷേ അതിൽ മഴവില്ല് തെളിഞ്ഞു എന്നത് യാഥാർഥ്യം.

നിങ്ങൾക്കും റിവ്യൂ എഴുതാം