വീര്യം കുറഞ്ഞ വിപ്ലവവും പ്രണയവും; റിവ്യു

നവാഗതനായ ജിതിൻ ജിത്തുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കല വിപ്ലവം പ്രണയം നാട്ടിൻപുറത്തെ ഒരു കൂട്ടം യുവാക്കളുടെ ജീവിതമാണ് കൈകാര്യം ചെയ്യുന്നത്. ആൻസൺ പോൾ, ഗായത്രി സുരേഷ്, ൈസജു കുറുപ്പ്, നിരഞ്ജന അനൂപ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയെ മലയാളത്തിലെ ഇടതുപക്ഷ സ്വഭാവമുള്ള ചിത്രങ്ങളുടെ പട്ടികയിലേക്കാണ് ചേർത്തുവയ്ക്കേണ്ടത്. 

പ്രണയവും വിരഹവും രാഷ്ട്രീയവുമെല്ലാം സിനിമയിൽ കടന്നുവരുന്നു. സ്വപ്നങ്ങള്‍ സാധ്യമാക്കുന്നതിനായുള്ള യുവാക്കളുടെ കഷ്ടപ്പാടുകളാണ് ഒന്നാം പകുതിയിലെങ്കില്‍ രാഷ്ട്രീയവും സസ്പെൻസുമാണ് ചിത്രത്തിന്റെ രണ്ടാം പകുതി. ആൻസൺ പോൾ കൈകാര്യം ചെയ്ത ജയൻ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. ‌

ചുള്ളിയാർ പാടം എന്ന ഗ്രാമത്തിൽ ഒരു മാലിന്യ സംസ്കരണ കേന്ദ്രം വരുന്നതും നാട്ടിലെ ഇടതു പാർട്ടിയുടെ എതിര്‍പ്പുകള്‍ മറികടന്നു സഖാക്കൾ മാലിന്യകേന്ദ്രത്തിനെതിരെ സമരം നടത്തുകയും ചെയ്യുന്നു. ഒരു പ്രത്യേക സാഹചര്യത്തിൽ സമരം ഏറ്റെടുക്കേണ്ടിവരുന്ന ജയൻ സമരം വിജയത്തിലെത്തിക്കുന്നു. രണ്ടു മതസ്ഥർ തമ്മിലുള്ള പ്രണയവും അതിനായി അവര്‍ സുഹൃത്തുക്കളുമായി ചേർന്നു നടത്തുന്ന പോരാട്ടങ്ങളും സിനിമയിലുണ്ട്.

എന്നാൽ സിനിമയുടെ അടിസ്ഥാന സ്വഭാവമെന്താണെന്നും ഒരു പക്ഷെ എന്തിന് ഇങ്ങനെയൊരു സിനിമ കാണണമെന്നുപോലും കാഴ്ചക്കാരനു തോന്നിയാൽ അത്ഭുതമില്ല. ശരാശരിയിലുള്ള ആദ്യ പകുതിയേക്കാൾ സിനിമയുടെ രണ്ടാംപകുതിയായിരിക്കും തിയറ്റർ പ്രതികരണങ്ങളിൽ നിർണായകമാകുക. ആഷിക് അക്ബർ അലിയുടെതാണ് കഥ. സംഗീതം അതുൽ ആനന്ദ്. വിപ്ലവവും പ്രണയവുമുള്ള സിനിമയിലെ ഒഴുക്കൻ മട്ടിലുള്ള കഥ പറച്ചിൽ രീതിയും അനാവശ്യ ഷോട്ടുകളുടെ കടന്നുവരവുകളും പലകുറി പ്രേഷകനെ മടുപ്പിക്കും.

ഒരു കൂട്ടം മുതിർന്ന താരങ്ങളെ സിനിമയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ദ്രൻസ്, അലൻസിയർ, സന്തോഷ് കീഴാറ്റുർ എന്നിവർ തങ്ങളുടെ കഥാപാത്രങ്ങളെ മികച്ച രീതിയിൽ തന്നെ കൈകാര്യം ചെയ്യുന്നു. വിനീത് വിശ്വം, നിരഞ്ജന അനൂപ്, സൈജു കുറുപ്പ്, ബിജുക്കുട്ടന്‍, ആൻസൺ പോൾ, ഗായത്രി സുരേഷ് എന്നിവരും മോശമല്ലാത്ത പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. 

നവാഗതന്റെ ആദ്യസംവിധാനസംരംഭമെന്ന നിലയിൽ സിനിമയുടെ മേക്കിങിൽ മികവ് പുലർത്തിയിട്ടുണ്ട്. എന്നാൽ കെട്ടുറപ്പില്ലാത്ത തിരക്കഥയും കഥപറച്ചിലിന്റെ രീതിയുമാണ് പ്രധാനപോരായ്മകള്‍. മേമ്പൊടിക്കായി പാർട്ടി, വിപ്ലവം, സഖാവ് എന്നീ പദങ്ങൾ ചേർത്തിട്ടുണ്ടെങ്കിലും സിനിമയ്ക്ക് അത് ഗുണം ചെയ്യുമോ എന്ന് സംശയമാണ്. പേരിൽ 'കല' എന്നുണ്ടെങ്കിലും സിനിമയിൽ അതു കണ്ടെത്തുകയെന്നത് തിയറ്ററിലെത്തുന്ന ജനങ്ങൾക്കു വെല്ലുവിളിയാകും.