പാട്ടിൽ‌ പൂത്ത പൂമരം; റിവ്യു

പാട്ടിൽ തുടങ്ങി പാട്ടിലവസാനിക്കുന്ന ഒരു ക്യാംപസ് കവിതയാണ് ‘പൂമരം’. ഒരു ‘കാളിദാസ കവിത’ പോലെ നായകനായി കാളിദാസ് ജയറാമിന്റെ അരങ്ങേറ്റത്തിന് ഈ ചിത്രത്തിലൂടെ എബ്രിഡ് ഷൈൻ വേദിയൊരുക്കുന്നു.

തിരക്കഥയില്ലാതെ ഷൂട്ട് ചെയ്ത ചിത്രമെന്നൊരു ‘ചീത്തപ്പേര്’ റിലീസിനു മുൻപു തന്നെ ‘പൂമരം’ കേൾപ്പിച്ചിരുന്നു. തിരക്കഥ ഉണ്ടെങ്കിലും ഇല്ലെങ്കിലും ‘പൂമര’ത്തിനൊരു കഥയുണ്ട്, ഒറ്റ വരിയിൽ പറയാവുന്നൊരു കഥ – ‘ഒരു സർവകലാശാലാ യുവജനോത്സവത്തിന്റെ കഥ’. ജയപരാജയങ്ങളിൽ അമിതാഹ്ലാദമോ ആശങ്കയോ വേണ്ടെന്ന ജീവിതപാഠമാണ് ചിത്രം പകരുന്നത്. 

കലക്കത്തു കുഞ്ചൻ നമ്പ്യാർ മുതൽ ഗോപി സുന്ദർ വരെ സംഗീതലോകത്തെ പ്രതിഭാധനരുടെ പേരുകൾ നിറഞ്ഞ ടൈറ്റിൽ കാർഡിലാണ് ചിത്രത്തിന്റെ തുടക്കം. ഈ ചിത്രത്തിൽ സംഗീതത്തിന്റെ പ്രാധാന്യം എണ്ണമറ്റ ആ പേരുകൾ തന്നെ വിളിച്ചു പറയും. ‘പൂമര’ത്തെ പകുതികളായി ഭാഗിക്കുന്നതും വിലയിരുത്തുന്നതും ശ്രമകരമാണ്. യുവജനോത്സവത്തിനായി രണ്ടു കോളജുകളുടെ ഒരുക്കങ്ങൾ ആദ്യ പകുതിയിലും ആ ഒരുക്കങ്ങളുടെ പരിസമാപ്തി രണ്ടാം പകുതിയിലും നിറയുന്നു. 

മനോഹരമായ ഒരു ഗീതം പോലെ ‘പൂമര’ത്തിനൊരു താളമുണ്ട്. ആ താളത്തിലാണ് ആദ്യന്തം ചിത്രം സഞ്ചരിക്കുന്നതും. ആ താളത്തിൽ നിന്ന് സിനിമയെ പറിച്ചു മാറ്റാൻ ഒരിക്കൽ പോലും സംവിധായകൻ ശ്രമിക്കുന്നില്ലെന്നതും ശ്രദ്ധേയം. സിനിമാറ്റിക് എലമെന്റുകളെക്കാൾ റിയലിസ്റ്റിക് രംഗങ്ങൾക്കാണ് ചിത്രത്തിൽ പ്രാധാന്യം. ചില ഘട്ടങ്ങളിലെങ്കിലും ഇത്തരം സിനിമാറ്റിക് സങ്കേതങ്ങളുടെ അഭാവം സാധാരണ കാഴ്ചക്കാരന് അനുഭവപ്പെട്ടേക്കാം. നെരൂദയുടെ കവിത, ഹെൻറി ‍േഡവിഡ് തോർ പോലുള്ള ബുദ്ധിജീവി ഉദാഹരണങ്ങൾ കമേഴ്സ്യൽ സിനിമയോട് എത്ര കണ്ട് ഇണങ്ങുമെന്നത് കാത്തിരുന്ന് കാണേണ്ടതുണ്ട്. 

നായകനായി അരങ്ങേറാനുള്ള കാളിദാസ് ജയറാമിന്റെ കാത്തിരുപ്പ് വെറുതെയായില്ലെന്നാണ് ചിത്രം തെളിയിക്കുന്നത്. ‘ഗൗതം’ എന്ന കോളജ് ചെയർമാന്റെ കഥാപാത്രത്തെ കാളിദാസ് മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചു. മുഖത്ത് ശാന്തത നിഴലിക്കുന്ന, എല്ലാം പുഞ്ചിരിയോടെ നേരിടുന്ന ‘ഗൗതം’ യഥാർ‌ഥത്തിലുള്ള കാളിദാസന്റെ പരിച്ഛേദം തന്നെയല്ലെ എന്നു സംശയം തോന്നിയേക്കാം. ഐറിൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നീത പിള്ളയും മികച്ചു നിന്നു. ഒപ്പം ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത പേരറിയാത്ത അഭിനേതാക്കളും ഭാഗം മികച്ചതാക്കി. ഈ പുതുമുഖങ്ങളുടെ അഭിനയത്തിൽ കൃത്രിമത്വം മുഴച്ചില്ലെന്നതും ശ്രദ്ധേയം.  

മുൻചിത്രമായ ‘ആക്‌ഷൻ ഹീറോ ബിജു’വിൽ റിയലിസ്റ്റിക്കായി പൊലീസ് സ്റ്റേഷനും പൊലീസുകാരെയും വെള്ളിത്തിരയിലെത്തിച്ച എബ്രിഡ് ഷൈൻ ഇത്തവണ ക്യാംപസിനെയും കോളജ് വിദ്യാർഥികളെയും യാഥാർഥ്യത്തോടു ചേരും വിധം അവതരിപ്പിച്ചു. ചില സീനുകൾ (ഉദാ: മാഷിന്റെ കവിതാലാപനം പോലുള്ളവ) ആസ്വാദകന്റെ ക്ഷമ പരീക്ഷിച്ചെങ്കിലും മുൻവിവരിച്ച റിയലിസ്റ്റിക് ആംഗിളിൽ ചിന്തിച്ചാൽ അതൊരു അപാകതയായി വിലയിരുത്താനാവില്ല. ഛായാഗ്രഹണവും സംഗീതവും എഡിറ്റിങ്ങുമൊക്കെ ‘സംവിധായകന്റെ പേരിന്റെ’ രണ്ടാം പകുതിപോലെ സിനിമയിൽ സമന്വയിച്ചിരിക്കുന്നു. 

മലയാളത്തിൽ കണ്ടു വന്ന ക്യാംപസ് സിനിമകളുമായി ‘പൂമര’ത്തെ താരതമ്യം ചെയ്യാനാവില്ല. ക്യാംപസല്ലേ കുറച്ച് ആവേശവും ആക്‌ഷനുമാകാം എന്ന പതിവു കുത്തിക്കയറ്റങ്ങൾക്കും ‘പൂമര’ത്തിന്റെ അണിയറക്കാർ ശ്രമിച്ചിട്ടില്ല. ഒരു കലോൽസവ മുറ്റത്തു പോലും ഇതുവരെ കാൽവയ്ക്കാത്തവർക്ക് ആ അനുഭവം അതേപടി സമ്മാനിക്കാൻ ‘പൂമര’ത്തിനാവും. പങ്കെടുത്തിട്ടുള്ളവർക്കാണെങ്കിൽ ഓർമകളിലേക്കുളള ഒരു മടക്കയാത്രയും. ‘പൂമര’മെന്ന അനിതരസാധാരണമായ പേരു പോലെ വ്യത്യസ്തമായ ഒരു ചിത്രമാണ് എബ്രിഡ് ഷൈനും കാളിദാസും വെള്ളിത്തിരയിൽ നിറയ്ക്കുന്നത്.

Read Poomaram Movie Review