ഇരയോ അതോ വേട്ടക്കാരനോ? ‘ഇര’ റിവ്യു

ചില സത്യങ്ങൾ അങ്ങനെയാണ്...അറിയുമ്പോൾ ഏറെ വൈകിപ്പോകും..പക്ഷേ അറിഞ്ഞു കഴിയുമ്പോൾ അറിയേണ്ടിയിരുന്നില്ലെന്നു തോന്നും...

കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച ഒരു കേസുമായി ബന്ധപ്പെട്ട് ഏറെ ചർച്ച ചെയ്യപ്പെട്ട വാക്കാണ് 'ഇര'. ഒരേസമയം ഇരുവായ്ത്തലയുള്ള വാളുപോലെ അർഥതലങ്ങളുള്ള വാക്ക്. കുറ്റകൃത്യത്തിന്റെ ദോഷഫലം അനുഭവിച്ച വ്യക്‌തിയാണോ അതോ ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ ക്രൂശിക്കപ്പെടുന്ന കുറ്റാരോപിതനാണോ യഥാർഥ ഇര? ഒരിടത്ത് ഇരയാക്കപ്പെട്ടവർ മറ്റൊരിടത്ത് വേട്ടക്കാരായിരുന്നില്ലേ? ആരാണ്, എങ്ങനെയാണ് ഈ വാക്കിനെ നിർവചിക്കുക?...ഈ വാക്കിന്റെ മാറിമറിയുന്ന അർഥതലങ്ങളിലൂടെയുള്ള സഞ്ചാരമാണ് ഇര എന്ന ചിത്രം.

സസ്പെൻസ് ത്രില്ലറായ ചിത്രത്തിൽ കേരളം ഏറെ ചർച്ച ചെയ്ത, ചെയ്തു കൊണ്ടിരിക്കുന്ന, ഒരു സൂപ്പർ താരം കുറ്റാരോപിതനായ കേസുമായി സാമ്യമുള്ള സംഭാഷണ ശകലങ്ങളും സംഭവങ്ങളും (ഒരേ ടവർ ലൊക്കേഷൻ, സെൽഫിയിലെ സാന്നിധ്യം, ഗൂഢാലോചന, മാധ്യമചർച്ചകൾ) ചിത്രത്തിന്റെ കഥാഗതിയുമായി പരോക്ഷമായി ബന്ധമില്ലെങ്കിലും കൗശലത്തോടെ കോർത്തിണക്കിയിട്ടുണ്ട്.

ചികിത്സാപരിശോധനകൾക്ക് ആശുപത്രിയിൽ എത്തിയ മന്ത്രി ചാണ്ടി മരണപ്പെടുന്നു. മന്ത്രിയുടെ മരണത്തിനു പിന്നിൽ അസ്വഭാവികതകൾ കണ്ടെത്തുന്ന പൊലീസ് മരണസമയത്ത് മന്ത്രിയെ ചികിൽസിച്ച ഡോക്ടർ ആര്യനെ കുറ്റക്കാരനാക്കി ജയിലിൽ അടയ്ക്കുന്നു. ആര്യൻ ഇരയാക്കപ്പെട്ടതോ? അതോ ശരിക്കും പ്രതിയോ? ആര്യന് എന്തെങ്കിലും രഹസ്യങ്ങളുണ്ടോ? ഒരിടത്ത് ഇരയാക്കപ്പെട്ടവർ മറ്റു പലയിടത്തും വേട്ടക്കാരായിരുന്നോ? ഈ സമസ്യകൾക്കുള്ള ഉത്തരത്തിലേക്കാണ് ഇര എന്ന ചിത്രം കഥ പറയുന്നത്.

ഉണ്ണി മുകുന്ദനും ഗോകുല്‍ സുരേഷും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഷൈജു എസ്എസ് ആണ്. സൂപ്പർഹിറ്റുകളുടെ സൃഷ്ടാക്കളായ വൈശാഖും ഉദയകൃഷ്ണയും നിർമിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ഇരയ്ക്ക്. ചിത്രത്തിന് തിരക്കഥ രചിച്ചത് നവീൻ ജോൺ. മിയ, ലെന, നിരഞ്ജന നീരജ, മറീന, അലൻസിയർ, ശങ്കർ രാമകൃഷ്ണൻ, കൈലാസ്‌ തുടങ്ങി മുപ്പതോളം താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.

നോൺ ലീനിയർ ഫോർമാറ്റിലുള്ള കഥാഗതി ചിത്രത്തെ സജീവമാക്കുന്നുണ്ട്. ആദ്യ പകുതിയിൽ കേസന്വേഷണവും ഫ്ലാഷ് ബാക്കും ഒക്കെയായി നീങ്ങുന്ന ചിത്രം രണ്ടാം പകുതിയുടെ തുടക്കത്തിൽ മറ്റൊരു കഥാപശ്ചാത്തലത്തിലേക്ക് വഴിമാറുന്നു. കാടും ആദിവാസികൾ നേരിടുന്ന പ്രശ്നങ്ങളും, കോർപ്പറേറ്റ് ചൂഷണവും അഴിമതിയും നഷ്ടപ്രണയവുമെല്ലാം ഇവിടെ വിഷയമാകുന്നു.

ഓരോ ചിത്രങ്ങൾ കഴിയുംതോറും അഭിനേതാവ് എന്ന രീതിയിൽ ഗോകുൽ സുരേഷ് മെച്ചപ്പെട്ടു വരുന്നത് ഇരയിൽ പ്രകടമാണ്. പൊതുവെ തണുപ്പൻ സംഭാഷണ പ്രകൃതമാണെങ്കിലും പിതാവ് സുരേഷ് ഗോപിയെ അനുസ്മരിപ്പിക്കുന്ന മിന്നലാട്ടങ്ങൾ ചിത്രത്തിൽ ചിലയിടങ്ങളിൽ കാണാം. രാജീവ് എന്ന പൊലീസ് ഉദ്യോഗസ്ഥനായി ഉണ്ണി മുകുന്ദൻ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു.

അഴിമതിക്കാരനായ രാഷ്ട്രീയക്കാരനായി അലൻസിയർ മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. ശങ്കർ രാമകൃഷ്ണനും നെഗറ്റീവ് റോൾ ഭംഗിയായി കൈകാര്യം ചെയ്തിട്ടുണ്ട്. മിയയുടെ വ്യത്യസ്ത ഗെറ്റപ്പിലുള്ള കഥാപാത്രവും ശ്രദ്ധേയമാണ്. ചിത്രത്തിന്റെ ട്രെയിലറിൽ കാണിച്ചിട്ടുള്ള മിയയുടെ കഥാപാത്രത്തിന് ആഴമുള്ള കഥാപശ്ചാത്തലം കഥാഗതിയിൽ നൽകിയിട്ടുണ്ട്. ഡോക്ടർ ആര്യന്റെ പ്രണയിനി ജെന്നിഫറായി നിരഞ്ജന എത്തുന്നു. മറ്റു താരങ്ങളും തങ്ങളുടെ വേഷം ഭദ്രമാക്കിയിട്ടുണ്ട്. ആദ്യ പകുതിയിൽ അൽപം ഇഴഞ്ഞു നീങ്ങുന്നുണ്ട് എന്നത് ചിത്രത്തിന്റെ പോരായ്മയായി പറയാം. ചില മെലോഡ്രാമകൾ അരോചകമായി അനുഭവപ്പെടാനും സാധ്യതയുണ്ട്.

കാടിന്റെ വന്യത നന്നായി ഒപ്പിയെടുക്കുന്ന ഫ്രയിമുകൾ ചിത്രത്തിന് മുതൽക്കൂട്ടാണ്. ചിത്രത്തിലെ ഗാനങ്ങൾ നിലവാരം പുലർത്തുന്നു. രണ്ടു നായകന്മാരുടെയും പ്രണയം പറഞ്ഞു പോകുന്നത് ഈ ഗാനങ്ങളിലൂടെയാണ്. 'ഒരു മൊഴി പറയാം' എന്ന ഗാനത്തിൽ കാടിന്റെ വന്യത ദൃശ്യവേദ്യമാകുമ്പോൾ 'ഏതോ പാട്ടിൻ ഈണം' എന്ന ഗാനം എണ്ണം പറഞ്ഞ വിഷ്വലുകൾ കൊണ്ട് മികച്ചു നിൽക്കുന്നു.

ക്ളൈമാക്സിനോടടുക്കുമ്പോൾ ട്വിസ്റ്റുകളിലേക്ക് വഴിമാറുന്ന ചിത്രം കാവ്യനീതി പോലെ ഒരു ഇരയെ സൃഷ്ടിച്ചു കൊണ്ടാണ് പര്യവസാനിക്കുന്നത്. അവിടെ രണ്ട് മുൻകാല ഇരകൾ ഒരുമിച്ച് വേട്ടക്കാരാകുന്നു.

2 മണിക്കൂർ 20 മിനിട്ടാണ് ചിത്രത്തിന്റെ ദൈർഘ്യം. കൂട്ടിക്കിഴിച്ചു നോക്കിയാൽ ചിത്രത്തിന് പാസ് മാർക്ക് നൽകാം. ചുരുക്കത്തിൽ ത്രില്ലർ ഫോർമാറ്റിലുള്ള ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ചിത്രം തൃപ്തികരമായ കാഴ്ചയായിരിക്കും. സാദാ പ്രേക്ഷകർക്കും അമിത പ്രതീക്ഷകൾ ഇല്ലാതെ ടിക്കറ്റ് എടുക്കാം.

Ira alayalam movie review