Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാങ്കേതികത്തികവാർന്ന സംഭവം; റിവ്യു

kammara-sambhvam-review-dileep

മൂന്നു മണിക്കൂർ (കൃത്യമായി പറഞ്ഞാൽ 182 മിനിറ്റ്) ദൈർഘ്യമുള്ള സംഭവബഹുലമായ സിനിമയാണ് കമ്മാരസംഭവം. ചരിത്രം പറയുന്ന പിന്നീട് ചരിത്രം വളച്ചൊടിച്ച കഥ പറയുന്ന ചിത്രം. ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമെന്ന ഖ്യാതിയോടെയെത്തിയ സിനിമ മെയ്ക്കിങ്ങിലും സാങ്കേതികതയിലും മികച്ചു നിൽക്കുന്നു. 

Kammara Sambhavam Official Teaser | Dileep | Rathish Ambat | Murali Gopy

എന്താണ് ചരിത്രം ? ജനങ്ങൾ അറിയുന്ന ചരിത്രം എന്താണ് ? സത്യമേത് ? മിഥ്യയേത് ? ഇതൊക്കെയാണ് സിനിമ ചർച്ച ചെയ്യുന്നത്. കമ്മാരൻ നമ്പ്യാർ എന്ന കമ്മാരനിൽ നിന്നാണ് സിനിമ ആരംഭിക്കുന്നത്. കമ്മാരൻ പറഞ്ഞു കൊടുത്ത സ്വന്തം ചരിത്രം പിന്നീട് വെള്ളിത്തിരയിൽ സിനിമയായി മാറുന്നു. ആ സിനിമയിൽ പക്ഷേ ചരിത്രം വളച്ചൊടിക്കപ്പെടുന്നു. നായകൻ വില്ലനാകുന്നു വില്ലൻ നായകനും. 

കമ്മാരന്റെ ചരിത്രം പറയുന്ന ആദ്യ പകുതിയെ ഗംഭീരം എന്നു മാത്രമെ വിശേഷിപ്പിക്കാനാവൂ. സംവിധാനത്തികവും സാങ്കേതികമികവും ചേർന്ന് ഏതാണ്ട് ഒരു സിനിമയുടെ അത്രയും ദൈർഘ്യമുള്ള ഒന്നാം പകുതിയെ മനോഹരമാക്കുന്നു. പീരിയഡ് സിനിമകളുടെ ഒരു വലിയ നിര തന്നെ അണിയറയിൽ ഒരുങ്ങുമ്പോൾ കമ്മാരസംഭവത്തിലെ അത്തരം രംഗങ്ങളുടെ ഗുണമേന്മ ആ സിനിമകൾക്ക് വെല്ലുവിളിയാകുമെന്നതിൽ തർക്കമില്ല. 

ഒന്നാം പകുതിയിൽ നിന്ന് തീർത്തും വ്യത്യസ്തമായി ‘സ്പൂഫ്’ രീതിയിലാണ് രണ്ടാം പകുതി ഒരുക്കിയിരിക്കുന്നത്. ആദ്യ പകുതി നൽകിയ ആ ‘ഫ്ലോ’ രണ്ടാം പകുതിയിൽ തെല്ലു കുറയുന്നുണ്ട്. ആദ്യ പകുതിയിലെ പല രംഗങ്ങളും സംഭാഷണങ്ങളും മറ്റൊരു രീതിയിൽ രണ്ടാം പകുതിയിൽ ആവിഷ്ക്കരിക്കപ്പെടുമ്പോൾ കാഴ്ചക്കാരനും ചില സംശയങ്ങൾ തോന്നിയേക്കാം. 

kammara-sambhvam-review

കലാസംവിധാനവും സി.ജിയും വിംഎഫ്ംഎക്സും സിനിമയിൽ ഒന്നിനൊന്ന് മികച്ചു നിൽക്കുന്നു. ബാഹുബലിയിലെ വി.എഫ്.എക്സിൽ പോലും ആസ്വാദകന് ഇടയ്ക്ക് കല്ലുകടി തോന്നിയിട്ടുണ്ടെങ്കിൽ കമ്മാരസംഭവം അക്കാര്യത്തിൽ ഒരൊന്നൊന്നര സംഭവം തന്നെ. ഫ്രെണ്ട്സ് എന്ന സിനിമയിൽ മലമുകളിൽ നിന്ന് കൈകാലിട്ടടിച്ച് താഴേക്കു വീഴുന്ന ജയറാമിൽ നിന്ന് മലയാള സിനിമ സാങ്കേതികപരമായി എത്രത്തോളം വളർന്നെന്ന് കമ്മാരസംഭവത്തിലെ സമാനരംഗം മനസ്സിലാക്കിതരും. രജനികാന്ത് ചിത്രമായ ലിങ്കയിൽ കണ്ടതു പോലൊരു ട്രെയിൻ ഫൈറ്റ് രംഗം അതിനെക്കാൾ നൂറു മടങ്ങ് മികവോടെ കമ്മാരസംഭവത്തിൽ അവതരിപ്പിച്ചിരിക്കുന്നു. ചിത്രത്തിലെ യുദ്ധരംഗങ്ങൾ ബോളിവുഡ് സിനിമകളിൽ പോലും കണ്ടിട്ടില്ലാത്ത മികവോടെയാണ് ഒരുക്കിയിരിക്കുന്നത്. 

dileep-kammarasambhavam-1

കമ്മാരനായി മൂന്ന് ഗെറ്റപ്പുകളിലെത്തിയ ദിലീപിന്റേത് വ്യത്യസ്തതയുള്ള പ്രകടനമായി. സിദ്ധാർഥ്, മുരളി ഗോപി, നമിത പ്രമോദ്, സിദ്ധിഖ്, വിജയരാഘവൻ, ഇന്ദ്രൻസ് തുടങ്ങിയവരൊക്കെ മികച്ച പ്രകടനം കാഴ്ച വച്ചു. ചെറുതെങ്കിലും ശ്വേതാ മേനോന്റെ വേഷവും മികച്ചതായി. ഗാന്ധിജിയും നേതാജിയും നെഹ്റവുമൊക്കെ കഥാപാത്രങ്ങളായി സിനിമയിൽ പലയിടങ്ങളിൽ കടന്നു വരുന്നുണ്ട്.

സംവിധായകനായ രതീഷ് അമ്പാട്ട് തന്റെ ആദ്യ ചിത്രം കൊണ്ട് ഞെട്ടിച്ചു എന്നു തന്നെ പറയാം. സാങ്കേതികവിദ്യയെക്കുറിച്ചുള്ള അജ്ഞത പല സംവിധായകർക്കും അവരുടെ സിനിമകൾക്കും പാരയാകുമ്പോൾ പരസ്യസംവിധാനരംഗത്തു നിന്ന് ലഭിച്ച അറിവും സാങ്കേതിക പരിജ്‍ഞാനവും രതീഷ് അമ്പാട്ട് വേണ്ട വിധം ഇൗ സിനിമയിൽ പ്രയോഗിച്ചു. പല രംഗങ്ങളും ഇതൊരു മലയാള സിനിമ തന്നെയാണോ എന്ന സംശയം ഉണർത്തുന്നതായിരുന്നു. മുരളി ഗോപിയുടെ തിരക്കഥ ആദ്യ പകുതിയിൽ പ്രേക്ഷകനെ പിടിച്ചിരുത്തുന്നതായി. എന്നാൽ രണ്ടാം പകുതിയിൽ ആ കയ്യടക്കം അദ്ദേഹത്തിന് നിലനിർത്താനായോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

sidharth-dileep

ആദ്യ ചിത്രമാണെന്ന തോന്നലുണ്ടാക്കാത്തവണ്ണം ക്യാമറ ചലിപ്പിച്ച സുനിൽ കെ.എസ്. മികച്ച ഫ്രെയിമുകളുടെയും ലൈറ്റിങ്ങിന്റെയും സഹായത്തോടെ കമ്മാരനെ മനോഹരമാക്കി. സംഗീതവും പശ്ചാത്തല സംഗീതവുമൊരുക്കിയ ഗോപി സുന്ദറും സൗണ്ട് ഡിസൈൻ നിർവഹിച്ച റസൂൽ പൂക്കുട്ടിയും സിനിമയ്ക്ക് പുതുജീവനേകി. 

ടെക്നിക്കലി ബ്രില്യന്റ് എന്ന് ഒറ്റവാക്കിൽ കമ്മാരസംഭവത്തെ വിശേഷിപ്പിക്കാം. മികച്ച ആദ്യ പകുതിയും തരക്കേടില്ലാത്ത രണ്ടാം പകുതിയും ചേരുമ്പോൾ ചിത്രം ആസ്വാദകനെ നിരാശപ്പെടുത്തില്ല.

നിങ്ങൾക്കും റിവ്യൂ എഴുതാം