പ്ലാവിനെ പ്രേമിച്ച കുട്ടൻപിള്ള; റിവ്യു

ഹാസ്യത്തിലൂടെ തുടങ്ങി, അതിലൂടെ സഞ്ചരിച്ച്, സസ്പെൻസിലൂടെ ഗൗരവതരമായി അവസാനിക്കുന്ന തരക്കേടില്ലാത്ത സിനിമയാണ് കുട്ടൻപിള്ളയുടെ ശിവരാത്രി. ഒരു പൊലീസുകാരന്റെയും കുടുംബത്തിന്റെയും കഥ പറയുന്ന രണ്ടു മണിക്കൂറിൽ താഴെ മാത്രം ദൈർഘ്യം വരുന്ന ചിത്രം ചില കാലിക സംഭവങ്ങളും ചർച്ച ചെയ്യുന്നു. 

കുട്ടൻപിള്ളയും ഭാര്യയായ ശകുന്തളയും പൊലീസുകാരാണ്. പൊതുവെ ഗൗരവക്കാരനായ കുട്ടൻപിള്ളയ്ക്ക് ഏറ്റവുമധികം ഇഷ്ടം പറമ്പിലെ പ്ലാവിനോടാണ്. പ്ലാവും അതിലെ ചക്കയും കുട്ടൻപിള്ളയ്ക്ക് ജീവനാണ്. എന്നാൽ കുട്ടൻപിള്ളയുടെ മരുമകനായ സുനീഷിന് എങ്ങനെയും ആ  പ്ലാവ് വെട്ടി അതിന്റെ തടി ഉപയോഗിച്ച് തന്റെ വീടുപണി തീർക്കണമെന്നാണ് ആഗ്രഹം. പ്ലാവ് വെട്ടിയാൽ മരുമകന്റെ കഴുത്ത് വെട്ടുമെന്നാണ് കുട്ടൻപിള്ള പറയുന്നത്. അദ്ദേഹത്തിന്റെ വീട്ടിൽ പിന്നീട് നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. 

സുരാജ് വെഞ്ഞാറമ്മൂട് ആദ്യാവസാനം ഗൗരവമേറിയ ഒരു വേഷത്തിലെത്തുന്നുവെന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ചില രംഗങ്ങളിൽ‌ പ്രേക്ഷകനെ ഇൗ ‘ഗൗരവം’ ചിരിപ്പിക്കുന്നുമുണ്ട്. നാട്ടിൻപുറവും അമ്പലവും ഉത്സവവും ഒക്കെ നിറഞ്ഞതാണ് ചിത്രത്തിന്റെ ആദ്യ പകുതി. ഒരു കഥാപാത്രം പോലെ തന്നെ പ്ലാവും അതിലെ ചക്കയും സിനിമയിൽ നിറഞ്ഞു നിൽക്കുന്നു. കുട്ടൻപിള്ളയുടെ ചക്കപ്രേമം പ്രേക്ഷകനെ രസിപ്പിക്കുന്നതാണ്.

ആദ്യ പകുതിയിൽ കണ്ട സിനിമയല്ല രണ്ടാം പകുതിയിലേത്. ഭാവനാത്മകമായ രംഗങ്ങളും കാലിക സാമൂഹിക സംഭവങ്ങളും കോർത്തിണക്കിയാണ് അവസാന പകുതി ഒരുക്കിയിരിക്കുന്നത്. അൽപം സസ്പെൻസുമുണ്ട്. 

കുട്ടൻപിള്ളയായി സുരാജ് മികച്ചു നിന്നു. മക്കളുടെയും മരുമക്കളുടെയും കുടുംബക്കാരുടെയുമൊക്കെ വേഷങ്ങൾ ചെയ്ത ബിജു സോപാനം, സ്രിന്ദ, മിഥുൻ രമേഷ് തുടങ്ങിയ താരങ്ങളൊക്കെ തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി. ചിത്രത്തിന് സംഗീതവും പശ്ചാത്തല സംഗീതവുമൊരുക്കിയ ഗായികയായ സയനോര തന്റെ അരങ്ങേറ്റം ഗംഭീരമാക്കി. സിനിമയിലെ മൂന്നു പാട്ടുകളും പശ്ചാത്തല സംഗീതവും മികച്ചു നിൽക്കുന്നു. പല രംഗങ്ങൾക്കും ജീവൻ പകരുന്നതിൽ ഇൗ സംഗീതം നിർണായക പങ്കു വഹിച്ചു. ജീൻ മാർക്കോസ് തന്റെ രണ്ടാം സിനിമ മോശമാക്കിയില്ല. എന്നാൽ രചനയിലെ പാളിച്ചകൾ ചിത്രത്തെ പലപ്പോഴും പിന്നോട്ടു വലിക്കുന്നു. എഡിറ്റിങ്ങിലെ പോരായ്മകളും മുഴച്ചു നിൽക്കുന്നുണ്ട്. 

കോമഡിയെന്നോ ത്രില്ലറെന്നോ വേർതിരിച്ച് ഒരു പ്രത്യേക ഗണത്തിൽ പെടുത്താവുന്ന ചിത്രമല്ല കുട്ടൻപിള്ളയുടെ ശിവരാത്രി. എന്നാൽ ഇതിന്റെയൊക്കെ അംശങ്ങൾ സിനിമയിൽ കാണാനും സാധിക്കും. ഒരു ഗ്രാമവും അവിടെ നടക്കുന്ന ചില സംഭവങ്ങളും ചേരുന്ന ഒരു തനിനാടൻ ചിത്രമെന്ന് ചുരുക്കത്തിൽ‌ ഇൗ സിനിമയെ വിശേഷിപ്പിക്കാം.