ബന്ധങ്ങൾ ‘കൂടെ’, ഒപ്പം ഒാർമകളും: റിവ്യൂ

എന്നും കൂടെയുള്ള, കൂടെയുണ്ടാവേണ്ട ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമാണ് ‘കൂടെ’. ജീവിതത്തിൽ‌ മറ്റു പലതിനും പിന്നാലെ പോകുമ്പോൾ നമ്മുടെ കൂടെ ചേർത്തു വയ്ക്കാൻ നാം പോലും മറന്നു പോകുന്ന ചില ബന്ധങ്ങൾ. ബന്ധങ്ങൾ ബന്ധനങ്ങളല്ല, സ്നേഹത്തിന്റെയും‍ കരുതലിന്റെയും കരവലയമാണെന്നു പറഞ്ഞു തരുന്നു ‘കൂടെ’. 

ജോഷ് എന്ന ചേട്ടന്റെയും ജെനിൻ എന്ന അനിയത്തിക്കുട്ടിയുടെയും കഥയാണ് കൂടെ. വളരെ ചെറുപ്പത്തിൽത്തന്നെ വീടു വിട്ടു ജോലിക്കു പോകേണ്ടി വന്ന ജോഷ് നാട്ടിലേക്കു മടങ്ങി വരുന്നു. ചെറുപ്പത്തിൽ തന്നെ ജോലിക്കു വിട്ട മാതാപിതാക്കളോട് ഉള്ളിൽ ചെറുതല്ലാത്ത വെറുപ്പ് ജോഷിനുണ്ട്. ബന്ധങ്ങൾക്കോ സൗഹൃദങ്ങൾക്കോ  പ്രാധാന്യം കൊടുക്കാത്ത ജോഷ് എന്ന പരുക്കനെ മെരുക്കുന്ന കുഞ്ഞനുജത്തി. ജീവിതം ആസ്വദിക്കാൻ ജോഷിനെ അവന്റെ അനിയത്തി പഠിപ്പിക്കുന്നു.

ഫ്ലാഷ് ബാക്കുമായി ഇഴ കലർന്നുള്ള കഥ പറച്ചിലാണ് ചിത്രത്തിന്റെ ആദ്യ പകുതിയിൽ. ജോഷും ജെനിയും ഒന്നിച്ചുള്ള രംഗങ്ങൾ പ്രേക്ഷകനെ ആകർഷിക്കും. പതിഞ്ഞ താളത്തിൽ കഥ പറയുന്ന ചിത്രത്തിനെ ഉത്തേജിപ്പിക്കുന്നത് നസ്രിയയുടെ കഥാപാത്രമാണ്. ആദ്യാവസാനം ചിരിയൊന്നുമില്ലെങ്കിലും പ്രേക്ഷകനെ രസിപ്പിക്കുന്ന ഏതാനം ചില രംഗങ്ങളുണ്ട്. ചേട്ടനും അനിയത്തിക്കും ഇടയിലേക്ക് പിന്നീട് സോഫിയ കൂടി കടന്നു വരുന്നു, ഒപ്പം മാതാപിതാക്കളും. പക്ഷേ അപ്പോഴും ജോഷും ജെനിയും തന്നെയാണ് സിനിമയുടെ ഹൃദയഭാഗത്ത്. 

ജോഷ് എന്ന കഥാപാത്രമായി പൃഥ്വിരാജ് മികച്ചു നിന്നു. ജെനി എന്ന കുസൃതി നിറഞ്ഞ അനിയത്തി കഥാപാത്രമായി നസ്രിയ തന്റെ തിരിച്ചുവരവ് ഗംഭീരമാക്കി. ഇരുവരും ഒന്നിച്ചുള്ള രംഗങ്ങളാ‌ണ് സിനിമയുടെ ജീവൻ. പാർവതിയുടെ സോഫി എന്ന കഥാപാത്രത്തിനു പ്രാധാന്യം താരതമ്യേന കുറവാണ്. അതുൽ കുൽക്കർണി, രഞ്ജിത്, മാലാ പാർവതി, റോഷൻ മാത്യു തുടങ്ങിയവരും തങ്ങളുടെ കഥാപാത്രങ്ങൾ മികച്ചതാക്കി. 

‘കൂടെ’ എഴുതി സംവിധാനം ചെയ്ത അഞ്ജലി മേനോൻ മൂന്നാമത്തെ സംവിധാന സംരംഭത്തിലൂടെ തന്നിലെ ഫിലിം മെയ്ക്കറുടെ ബഹുമുഖ പ്രതിഭയെയാണ് പ്രകടമാക്കുന്നത്. എന്റ‌ർടെയ്നറായ ബാംഗ്ലൂർ ഡെയ്സിനു ശേഷം തീർത്തും വ്യത്യസ്തമായ ഒരു പ്ലോട്ട് തിരഞ്ഞെടുത്ത അഞ്ജലിക്കു തെറ്റിയില്ല. ലിറ്റിൽ സ്വയമ്പിന്റെ ഛായാഗ്രഹണവും രഘു ദീക്ഷിത്തിന്റെ സംഗീതവും സിനിമയുടെ മാറ്റു കൂട്ടി. എം ജയചന്ദ്രന്റെ പാട്ടുകളും സിനിമയ്ക്കു യോജിച്ചതായി. 

മികച്ച കഥയും തിരക്കഥയുമുള്ള ചിത്രമാകുമ്പോഴും ‘കൂടെ’യിലെ കഥാപാത്രങ്ങളെക്കുറിച്ച് പ്രേക്ഷകർക്കു ചെറിയ ചില അവ്യക്തതകൾ തോന്നിയേക്കാം. പ്രേക്ഷകമനസ്സിൽ അവ ചില സംശയങ്ങളും ജനിപ്പിച്ചേക്കാം. ഇടയ്ക്കെങ്കിലും സിനിമയുടെ ദൈർഘ്യക്കൂടുതൽ ആസ്വാദകന്റെ ക്ഷമ പരീക്ഷിക്കുന്നുമുണ്ട്.  

അഞ്ജലി മേനോന്റെ മുൻ ചിത്രമായ ബാംഗ്ലൂർ ഡെയ്സിന്റെയോ അവർ തന്നെ രചന നിർവഹിച്ച ഉസ്താദ് ഹോട്ടലിന്റെയോ ഹാങ് ഒാവറിൽ പോയി കാണേണ്ട ചിത്രമല്ല ‘കൂടെ’. അതിൽനിന്നു നിങ്ങൾക്ക് ലഭിച്ചതൊന്നുമായിരിക്കില്ല ‘കൂടെ’യിൽ നിന്നു ലഭിക്കുക. പക്ഷേ ‘കൂടെ’ പ്രേക്ഷകന് ഒരു വ്യത്യസ്ത അനുഭവമാകും സമ്മാനിക്കുക. അതെ, ‘കൂടെ’ ഒരു ഒാർമപ്പെടുത്തലാണ്. ജീവിക്കുന്ന കാലത്ത് നഷ്ടമാക്കരുതാത്ത ചില അമൂല്യ ബന്ധങ്ങളെക്കുറിച്ചുള്ള ഓർമപ്പെടുത്തൽ‍.