ചിരിയുടെ ബോംബ് പൊട്ടുമ്പോൾ; റിവ്യു

അപരാഹ്നത്തിന്റെ അനന്തതയിൽ ആകാശനീലിമയിൽ അവർ നടന്നകന്നു...'ഒരു ബോംബ് കഥ' എന്ന പേര് കേൾക്കുമ്പോൾ സിനിമാപ്രേമികളുടെ മനസ്സിലേക്കാദ്യമെത്തുക പണ്ട് ബോയിങ് ബോയിങ് എന്ന ചിത്രത്തിൽ ജഗതിയുടെ കഥാപാത്രം അവതരിപ്പിക്കുന്ന ബോംബ് കഥയാണ്. എന്നാൽ ഇന്നിറങ്ങിയ 'ഒരു പഴയ ബോംബ് കഥ' എന്ന ചിത്രം ഒരു 'പുതിയ ബോംബ്' കഥയാണ്. പുതിയ കാലത്തിന്റെ പശ്‌ചാത്തലത്തിൽ നിന്നുകൊണ്ട് സൗഹൃദത്തിന്റെയും പ്രതികാരത്തിന്റെയും കഥ പറയുകയാണ് ചിത്രം. ബോംബ് ഇവിടെയും ഒരു കഥാപാത്രമാണ് എന്നത് മാത്രമാണ് സാമ്യം. ഒരു കോമഡി ത്രില്ലറാണ് ചിത്രം. 

ശാരീരിക പരിമിതികളോ സൗന്ദര്യമോ സ്വപ്നങ്ങൾക്ക് തടസമല്ല എന്ന് തെളിയിക്കുകയാണ് അടുത്തിടെ സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട രണ്ടു ചെറുപ്പക്കാർ. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും. മലയാള സിനിമയിലെ മിക്ക ഹിറ്റ് കൂട്ടുകെട്ടുകളും പിറന്നത് പോലെ സൗഹൃദത്തിൽ ഊന്നിയാണ് ഇരുവരുടെയും കടന്നുവരവ്. പരമ്പരാഗത നായകസങ്കൽപങ്ങളെ വെല്ലുവിളിച്ചാണ് വിഷ്ണു കട്ടപ്പനയിലെ ഋതിക്ക് റോഷൻ എന്ന ചിത്രത്തിൽ നായകനായത്. ചിത്രം വൻവിജയമാവുകയും ചെയ്തു. അതിന്റെ തുടർച്ച പോലെ ബിബിന്റെ നായകസ്വപ്നവും സഫലമാവുകയാണ് ബോംബ് കഥയിലൂടെ. ഹിറ്റ്‌മേക്കർ ഷാഫിയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. 

ഒരു ഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. ശാരീരിക പരിമിതികളെ വെല്ലുവിളിച്ചു കൊണ്ട് ജീവിക്കുന്ന ചെറുപ്പക്കാരനാണ് ശ്രീക്കുട്ടൻ. എല്ലാകാര്യങ്ങൾക്കും അവന് കൂട്ടായി കുറെ സുഹൃത്തുക്കളുമുണ്ട്. സന്തോഷകരമായി മുന്നോട്ടുപോയിരുന്ന അവന്റെ ജീവിതത്തിലേക്ക് ഒരു അപ്രതീക്ഷിത അതിഥി എത്തിച്ചേരുന്നതും അതിനെ തുടർന്നുണ്ടാകുന്ന ചില സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഉർവ്വശീശാപം ഉപകാരം എന്നുപറയുന്നതുപോലെ പ്രശ്ങ്ങളിൽ നിന്നും കരകയറാൻ അവൻ കണ്ടെത്തുന്ന ചില കുറുക്കുവഴികൾ ചിത്രത്തിന്റെ അവസാനം ശുഭകരമായ ഗതിവിഗതികളിലേക്ക് ചെന്നുചേരുന്നു.

ശാരീരിക പരിമിതികളിൽ നിന്നും തന്റെ വേഷം ഭംഗിയാക്കാൻ ബിബിന് കഴിഞ്ഞിട്ടുണ്ട്. ബിബിനൊപ്പം ചിരിയുടെ ബോംബ് പൊട്ടിക്കാൻ ഹരീഷ് കണാരനും ഹരിശ്രീ അശോകനുമൊക്കെയുണ്ട്. പൊലീസ് വേഷങ്ങൾ കലാഭവന്‍ ഷാജോണിനെ വിടാതെ പിടികൂടിയിരിക്കുകയാണ് എന്നുതോന്നുന്നു. ഈ ചിത്രത്തിലും പ്രാധാന്യമുള്ള ഒരു പോലീസ് വേഷമാണ് ഷാജോണിന്‌. പ്രയാഗയാണ് നായിക.

വിജയരാഘവൻ, ബിജുക്കുട്ടൻ, ദിനേശ് പ്രഭാകര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ഷഫീര്‍ റഹ്മാന്‍, സേതു ലക്ഷ്മി എന്നിവരാണ് മറ്റുതാരങ്ങൾ. വിഷ്ണു ഉണ്ണികൃഷ്ണന്‍ അതിഥി താരമായി പ്രത്യക്ഷപ്പെടുന്നു എന്ന പ്രത്യേകതയുമുണ്ട്. നേരത്തെ വിഷ്ണു നായകനായ കട്ടപ്പനയിലെ ഋതിക്ക് റോഷൻ എന്ന ചിത്രത്തിൽ ബിബിൻ അതിഥിവേഷത്തിലെത്തി കയ്യടി വാങ്ങിയിരുന്നു. 

യുജിഎം എന്റർടെയിൻമെന്റിന്റെ ബാനറിൽ  ഡോക്ടര്‍ സക്കറിയ തോമസ്സ്, ആല്‍വിന്‍ ആന്‍റണി, ജിജോ കാവനാല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിച്ചത്. കഥ, തിരക്കഥ, സംഭാഷണം ബിഞ്ജു ജോസഫ്, സുനില്‍ കര്‍മ്മ എന്നിവരുടേതാണ്. വിനോദ് ഇല്ലംപിള്ളി ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. 

കലാസംവിധാനം, പശ്‌ചാത്തല സംഗീതം, ഛായാഗ്രഹണം അടക്കമുള്ള സാങ്കേതികമേഖലകളും നിലവാരം പുലർത്തുന്നു.ഗാനങ്ങൾ ശരാശരി നിലവാരം പുലർത്തുന്നു. വിനീത് ശ്രീനിവാസൻ ആലപിച്ച മൂവാണ്ടൻ മാഞ്ചോട്ടിൽ എന്ന ഗാനം മികച്ചുനിൽക്കുന്നു. 

2 മണിക്കൂർ 27 മിനിട്ടാണ് ചിത്രത്തിന്റെ ദൈർഘ്യം. ചില ഭാഗങ്ങളിൽ കഥാഗതിയിൽ വേഗത കുറവ് അനുഭവപ്പെടുന്നുണ്ട്. എന്നിരുന്നാലും കൂട്ടിക്കിഴിച്ചുനോക്കിയാൽ ചിത്രം ശരാശരി പ്രേക്ഷനെ തൃപ്തിപ്പെടുത്തും എന്ന് തീർച്ച.