പേടിപ്പിക്കും നീലി; റിവ്യു

ഹൊറർ സിനിമകൾ വളരെ അപൂർവമായി മാത്രം പുറത്തിറങ്ങുന്ന മലയാളത്തിൽ സ്ത്രീകേന്ദ്രീകൃതമായ ഒരു പേടിപ്പിക്കും കഥ പറയുകയാണ് നീലി. പുതുമുഖ സംവിധായകന്റേതായ ചില ചെറിയ പാകപ്പിഴകൾ ഒഴിച്ചു നിർത്തിയാൽ നീലി പ്രേക്ഷകനെ ഭയപ്പെടുത്തും.

കള്ളിയങ്കാട്ട് നീലി എന്ന പേര് കേൾക്കാത്ത മലയാളികൾ ആരും കാണില്ല. അതെ കള്ളിയങ്കാട്ട് തന്നെയാണ് നീലിയുടെ കഥ നടക്കുന്നത്. ലക്ഷ്മി (മംമ്ത മോഹൻദാസ്) കള്ളിയങ്കാട് എന്ന തന്റെ ഗ്രാമത്തിലേക്ക് താമസത്തിനെത്തുന്നതും ലക്ഷ്മിയുടെ മകളെ അവിടെ വച്ച് ഒരു ദുരൂഹസാഹചര്യത്തിൽ കാണാതാകുന്നതുമാണ് നീലിയുടെ ഇതിവൃത്തം. മകളെ വീണ്ടെടുക്കാൻ ഒരമ്മ നടത്തുന്ന പരിശ്രമങ്ങളും അതിന് തുണയായി കുറച്ചാളുകൾ അവർക്കൊപ്പം കൂടുന്നതുമാണ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്.

കഥയിലേക്കും കഥാസന്ദർഭങ്ങളിലേക്കും പ്രേക്ഷകനെ കൈ പിടിച്ചു കൊണ്ടു പോകുന്നതാണ് ആദ്യ പകുതി. ബാബുരാജ്, അനൂപ് മേനോൻ എന്നിവരുടെ കഥാപാത്രങ്ങൾ കാഴ്ചക്കാരെ രസിപ്പിക്കുന്നതാണ്. എന്നാൽ സിനിമയിലെ ‘ഹൊറർ രംഗങ്ങൾ’ പലതും ക്ലീഷെ ആയിരുന്നു. രണ്ടാം പകുതിയിൽ‌ സിനിമ കുറച്ചു കൂടി മികച്ചതാകുന്നു. ആ ഭാഗങ്ങളിലെ രംഗങ്ങൾ പ്രേക്ഷകനിൽ ചെറിയ തോതിലെങ്കിലും ഭീതിയുളവാക്കുന്നതായിരുന്നു. ക്ലൈമാക്സിലേക്കെത്തുമ്പോൾ പ്രേക്ഷകർ പ്രതീക്ഷിച്ച ട്വിസ്റ്റുകളൊന്നും കാണുന്നില്ലെന്നു മാത്രമല്ല ചില അവ്യക്തതകൾ ബാക്കിയാകുകയും ചെയ്യും. 

പ്രധാന കഥാപാത്രമായ ലക്ഷ്മിയായി മംമ്ത മികച്ചു നിന്നപ്പോൾ എടുത്തു പറയേണ്ട പ്രകടനം കാഴ്ച വച്ചത് അനൂപ് മേനോനാണ്. വളരെ അനായാസമായും രസകരമായും അദ്ദേഹം റെനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ബാബുരാജ്, സിനിൽ സൈനുദ്ദീൻ, ശ്രീകുമാർ‌ തുടങ്ങിയവരും മികച്ച പ്രകടനം തന്നെ കാഴ്ച വച്ചു. പുതുമുഖ സംവിധായകനായ അൽത്താഫ് റഹ്മാന്റെ ആദ്യ സംരംഭം മോശമല്ല. പക്ഷെ പ്രേതസിനിമകളുടെ ക്ലീഷേകളിൽ അദ്ദേഹം കുടുങ്ങിപ്പോയി. രചന നിർവഹിച്ച മുനീറും റിയാസും ടിപ്പിക്കൽ പ്രേതസിനിമയെ ഇൗ കഥാഗതിയിലേക്ക് പറിച്ചു നടാനാണ് ശ്രമിച്ചത്. മനോജ് പിള്ളയുടെ ഛായാഗ്രഹണവും ശരത്തിന്റെ സംഗീതവും മികച്ചു നിന്നു.

മലയാളികളെ ഒരുപാട് പേടിപ്പിച്ച കള്ളിയങ്കാട്ട് നീലി എന്ന കഥാപാത്രത്തെ വേണ്ട വിധത്തിൽ സിനിമയിൽ ഉപയോഗിക്കാനായിച്ചില്ല. മാത്രമല്ല സിനിമയുടെ അവസാനഭാഗത്ത് പ്രശ്നക്കാരനായ ആത്മാവിനെ സംബന്ധിച്ചും അവ്യക്തത നിഴലിക്കുന്നുണ്ട്. ക്ലൈമാക്സിൽ ഇതൊക്കെ കാര്യകാരണ സംഹിതം വിശദീകരിക്കാൻ അണിയറക്കാർ ശ്രമിക്കുന്നുണ്ടെങ്കിലും അതത്ര വിജയിച്ചോ എന്നു സംശയമാണ്. ചുരുക്കത്തിൽ പ്രേക്ഷകനെ തരക്കേടില്ലാതെ തൃപ്തിപ്പെടുത്താൻ കഴിയുന്ന അൽപം തമാശയും അൽപം പേടിയും നിറഞ്ഞ ചിത്രമാണ് നീലി.