ഇരുട്ടിൽ ഭയപ്പെടുത്തുന്ന ഹൊറർ അല്ല, ത്രില്ലടിപ്പിക്കുന്ന ആക്‌ഷനാണ് ‘ദ് നൺ’; റിവ്യു

പൈശാചികതയുടെ ശാപം ഒലിച്ചിറങ്ങുന്ന പ്രദേശം– അങ്ങിനെയാണ് റുമേനിയയിലെ ആ കുന്നിന്മുകളിലെ മഠത്തെ പ്രദേശവാസികൾ വിശേഷിപ്പിക്കുന്നത്. അധികമാരും അവിടേക്കു പോകാറില്ല. ആകെക്കൂടി പോകുന്നത് ഫ്രഞ്ചിയാണ്. മഠത്തിലെ കന്യാസ്ത്രീകൾക്കാവശ്യമായ ഭക്ഷ്യവസ്തുക്കൾ എത്തിച്ചിരുന്നത് ആ ചെറുപ്പക്കാരനായിരുന്നു. പക്ഷേ ഫ്രഞ്ചി ഇന്നേവരെ അവിടെ ഒരാളെപ്പോലും കണ്ടിട്ടില്ല. ആദ്യമായി ഒരു കന്യാസ്ത്രീയെ കണ്ടതാകട്ടെ കണ്ണുകളിൽ ഭീതിനിറയ്ക്കുന്ന കാഴ്ചയായും.

മഠത്തിന്റെ ജനലിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു അത്. ഫ്രഞ്ചി അവിടെ എത്തുമ്പോഴേക്കും കാക്കകൾ കൊത്തിപ്പറിച്ച്, ജീർണിച്ച് മൃതദേഹം വികൃതാവസ്ഥയിലായിരുന്നു. സിസ്റ്റർ വിക്ടോറിയയായിരുന്നു ആത്മഹത്യ ചെയ്തത്. സംഭവം വത്തിക്കാനിലുമെത്തി. അന്വേഷണത്തിനു നിയോഗിക്കപ്പെട്ടത് ഫാദർ ബർക്കും സിസ്റ്റർ ഐറീനുമായിരുന്നു. അവർക്കു വഴികാട്ടിയായി ഫ്രഞ്ചിയും. 

കുതിരവണ്ടിയിലായിരുന്നു യാത്ര. പാതിവഴിയിൽ കുതിരകൾ രണ്ടും നിന്നു. ഇനിയങ്ങോട്ട് വണ്ടി പോകില്ല, നടക്കണം. എന്താണു കാരണം? കുതിരകൾക്കു പോലും ഭയമാണ് ഇനിയുള്ള വഴിത്താരകൾ, അവിടെ ഒളിച്ചിരിക്കുന്ന പൈശാചിക ശക്തിയെ...

എന്താണ് അവരെ ആ മഠത്തിൽ കാത്തിരിക്കുന്നത്? അതിനുള്ള ഉത്തരമാണ് ‘കോൺജുറിങ് സിനിമാറ്റിക് യൂണിവേഴ്സ്’ സീരീസിലെ ഈ അഞ്ചാം ചിത്രം. മറ്റു ചിത്രങ്ങളെപ്പോലെ ഭയപ്പെടുത്തുന്നില്ലെങ്കിലും മികച്ചൊരു ഗോഥിക് ഹൊറർ ത്രില്ലറിനു വേണ്ട എല്ലാ ചേരുവകളും കോറിൻ ഹാർഡിയുടെ ‘ദ് നണ്ണി’ലുണ്ട്. എന്നാൽ ‘ലോജിക്ക്’ എന്നതിനെ മാറ്റിനിർത്തി കണ്ടാൽ മാത്രമേ ഈ സിനിമയെ അതിന്റെ പൂർണതയിൽ ആസ്വദിക്കാനാകൂവെന്നു മാത്രം. അല്ലെങ്കിലും ഹൊറർ സിനിമകളിൽ എന്തിനാണു ലോജിക്ക്?

ഗോഥിക് പശ്ചാത്തലം ഗംഭീരമാക്കിയ സിനിമകളേറെയുണ്ട് ഹോളിവുഡിൽ. ഡ്രാക്കുളയിലും ഫ്രാങ്കൻസ്റ്റീനിലുമെല്ലാം നമ്മളത് കണ്ടിട്ടുമുണ്ട്. ഇരുട്ടിന്റെ പശ്ചാത്തലമാണ് ഗോഥിക് ചിത്രങ്ങളുടെ പ്രധാന പ്രത്യേകത തന്നെ–ഹൊറർ ചിത്രങ്ങൾക്ക് ഏറ്റവും അനുയോജ്യമായ രീതി. പകൽവെളിച്ചത്തിൽ പോലുമുണ്ടാകും ഫ്രെയിമുകളിലുടനീളം ആ ഇരുട്ടിന്റെ പ്രതിഫലനം. ഒന്നര മണിക്കൂറിലേറെ ദൈർഘ്യമുള്ള ചിത്രത്തിൽ മുക്കാൽ പങ്കും പ്രേക്ഷകനു മുന്നിൽ ഇരുട്ടിന്റെ കാഴ്ചകളാണ്. ഇരുളും വെളിച്ചവും ഭീതിയും നിറച്ച ഫ്രെയിമുകളൊരുക്കിയത് മക്സിമ അലിക്സോന്ദ്രയാണ്. അതിനൊപ്പം ഏബെൽ കോഷെന്യോവ്സ്കിയുടെ സംഗീതവും മനസ്സിലേക്കു ഭീതികളൂടെ ഈണങ്ങളെയാഴ്ത്തിക്കളയും. 

മീഷെൽ അലിറും കെൻ ബ്ലാക്ക്‌വെല്ലുമാണ് ചിത്രത്തിന്റെ എഡിറ്റിങ്. 1952ലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ആ കഥയെ പിന്നെയും 20 വർഷങ്ങൾക്കപ്പുറത്തു നടക്കുന്ന സംഭവവുമായി ബന്ധപ്പെടുത്തിയാണ് ജയിംസ് വാൻ 2016ൽ  ‘ദ് കോൺജുറിങ്–2’ എന്ന ചിത്രമൊരുക്കിയത്. അതിൽ തന്റെ സാന്നിധ്യമറിയിച്ച വലക്കാണ് ‘ദ് നണ്ണി’ലെയും താരം. ബോണി ആരൻസ് അവതരിപ്പിച്ച ഈ കഥാപാത്രത്തിനൊപ്പം പക്ഷേ ഭയപ്പെടുത്തുന്നതിന്റെ കുത്തക ഏറ്റെടുത്ത് മഠത്തിൽ പിന്നെയുമേറെപ്പേരുണ്ട്. അതാണു കഥയുടെ സസ്പെൻസും. 

ഗാരി ഡാബെർമെന്നാണു ചിത്രത്തിന്റെ തിരക്കഥ. കഥയെയും കഥാപരിസരങ്ങളെയും കൃത്യമായി അടയാളപ്പെടുത്തുന്ന ഡീറ്റെയ്‌ലിങ്ങുണ്ട് തിരക്കഥയിൽ. ഡേമിയാൻ ബേക്കിയറാണ് ഫാദർ ബർക്കിന്റെ വേഷത്തിലെത്തുന്നത്. കണ്ണുകളിൽ ഒരേസമയം ഭയവും എന്നാൽ അവശ്യസന്ദർഭങ്ങളിൽ അസാധാരണമായ നിശ്ചയദാർഢ്യവും പ്രകടിപ്പിക്കുന്ന സിസ്റ്റർ ഐറീന്റെ വേഷം മികവുറ്റതാക്കി നടി ടൈസ ഫാർമിഗ. യോനസ് ബ്ലീക്കെ അവതരിപ്പിച്ച ഫ്രഞ്ചിയോടാണ് ചിത്രത്തിലെ നർമ മുഹൂർത്തങ്ങൾക്ക് പ്രേക്ഷകൻ കടപ്പെട്ടിരിക്കുന്നത്(അവസാന നിമിഷത്തിൽ എല്ലാം തകിടം മറിയുന്നതു വരെ)

തികച്ചും പൂർണമായ നിശബ്ദതയിൽ നിന്നു പെട്ടെന്നുണ്ടാകുന്ന തരം ഞെട്ടലുകൾ കുറവാണ് ചിത്രത്തിൽ. അത്തരം ഞെട്ടൽ രംഗങ്ങളെല്ലാം തന്നെ നേരത്തേ ട്രെയിലറിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. അനബെൽ, കോൺജുറിങ് സീരീസ് ചിത്രങ്ങൾ ഭയപ്പെടുത്തിയ തലത്തിലേക്ക് ‘ദ് നൺ’ എത്തുന്നുമില്ല. 

അതിനു കാരണം ചിത്രത്തിൽ ആക്‌ഷൻ രംഗങ്ങൾക്കാണു പ്രധാന്യം നല്‍കിയിരിക്കുന്നതെന്നതാണ്. ഇതിനു മുൻപു പുറത്തിറങ്ങിയ തന്റെ ആദ്യചിത്രം ‘ദ് ഹാലോ’യിലും സംവിധായകന്‍ കോറിൻ ഹാർഡി ഈ രീതി പ്രയോഗിച്ചതാണ്. ഭയപ്പെടുത്തുന്ന ഒരു അമാനുഷിക എലമെന്റിനൊപ്പം അതിനെ കായികമായി കീഴ്പ്പെടുത്താനുള്ള മാനുഷിക ശ്രമങ്ങളും ചേർന്നതോടെയാണ് ‘ഹാലോ’ വേറിട്ട അനുഭവമായത്. 

ആ രീതി പിന്തുടർന്നതിനാൽത്തന്നെയാണു ചടുലമായ രംഗങ്ങളേക്കാൾ ‘ദ് നണ്ണിൽ’ സ്‌ലോ മോഷൻ കാഴ്ചകൾ കയ്യടികളേറ്റു വാങ്ങുന്നതും. അത്തരം സ്‌ലോമോഷനുകൾ സാധാരണഗതിയിൽ ആക്‌ഷൻ സിനിമകളുടെ ക്ലൈമാക്സിലെ സിഗ്നേച്ചർ ഷോട്ടുകളാവുകയാണു പതിവ്. എന്തായാലും ആ ഭംഗി ‘ദ് നണ്ണിനും’ ലഭിച്ചിട്ടുണ്ടെന്നു പറയാതെ വയ്യ. പൂര്‍ണമായും ഹൊറർ മൂഡിലേക്കു മാറാതെ ഒരു ആക്‌ഷൻ ഹൊറർ/ ത്രില്ലർ അനുഭവമാണു പ്രേക്ഷകന് ‘ദ് നൺ’ സമ്മാനിക്കുന്നത്.