പ്രണയ‘മന്ദാരം’; റിവ്യു

ജീവിതത്തിൽ പ്രണയിക്കാത്തവരായി ആരും ഉണ്ടാകില്ല. അതിൽ ഭൂരിഭാഗം പേരും പ്രണയ നൈരാശ്യവും അനുഭവിച്ചിട്ടുണ്ടാം. പ്രണയവും പ്രണയ നൈരാശ്യവും കുടുംബ ബന്ധങ്ങളിലെ തീവ്രതയും സൗഹൃദവുമെല്ലാം കോർത്തിണക്കി യുവാക്കൾക്ക് രുചിക്കുന്ന തരത്തിൽ ഒരുക്കിയിരിക്കുന്ന ഒരു പ്രണയ ചിത്രമാണ് മന്ദാരം.

സ്കൂൾ ജീവിതത്തിൽ അറിയുന്ന പ്രണയം, കുട്ടിത്തം മാറാത്ത സുന്ദര നിമിഷങ്ങൾ. ഒടുവിൽ കൗമാരത്തിലെത്തും മുമ്പേ ആ പ്രണയം അവസാനിക്കുന്നു. പിന്നീടൊരിക്കലും "ജീവിതത്തിന്റെ സന്തോഷത്തിന്റെ താക്കോൽ" മറ്റൊരാൾക്ക് കൊടുക്കില്ലെന്ന് ഉറപ്പിക്കുന്ന രാജേഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് ആസിഫ് അലി. രാജേഷിന്റെ(ആസിഫ്) 25 വർഷത്തെ ജീവിതം മൂന്നു ഗെറ്റപ്പുകളിൽ അണിയിച്ചൊരുക്കുകയാണ് സിനിമയിൽ.

തന്റെ ജീവിതത്തിൽ ഇനിയൊരു പെണ്ണില്ലെന്ന് പറയുന്നവരുടെ ജീവിതത്തിൽ സാധാരണ സംഭവിക്കുന്നതൊക്കെ തന്നെയാണ് ഈ ചെറുപ്പക്കാരനും ഉണ്ടാകുന്നത്. പ്രണയം അതിങ്ങനെ വന്നുകൊണ്ടേയിരിക്കും. 'ആണാണെങ്കിൽ ഒരിക്കൽ പ്രണയ നൈരാശ്യം അനുഭവിക്കേണ്ടി വരും' എന്ന ഈ ചിത്രത്തിലെ ‍ഡയലോഗ് പോലെ തന്നെ പല സംഭവവികാസങ്ങളിലൂടെ സിനിമ പുരോഗമിക്കുന്നു.

രാജേഷ് എന്ന കഥാപാത്രത്തിന്റെ പ്രണയ കഥയിലൂന്നി മുന്നേറുമ്പോഴും ചെറിയ മറ്റു പ്രണയങ്ങളും ഊഷ്മളമായ സൗഹൃദ നിമിഷങ്ങളും സിനിമയെ മനോഹരമാക്കുന്നു. എൻജിനീയറിങ് വിദ്യാർഥികളുടെ രസകരമായ ജീവിതവും സൗഹൃദവും പ്രേക്ഷകരിലും രസമുണർത്തും. കല്യാണം സിനിമ ഫെയിം വർഷ, ആനന്ദം സിനിമ ഫെയിം അനാർക്കലി എന്നിവർക്ക്  മികച്ച റോളുകളാണ് സിനിമയിൽ ഉള്ളത്. 

വർഷ വളരെ ക്യൂട്ടായ കഥാപാത്രമായി ചിത്രത്തിലെത്തുമ്പോൾ, ബൈക്കും ബുള്ളറ്റുമെല്ലാം ഓടിക്കുന്ന അൽപം ബോൾഡായ കഥാപാത്രമാണ് അനാർക്കലിയുടേത്. രണ്ടുപേരും തങ്ങളുടെ റോളുകൾ മനോഹരമാക്കി. ആസിഫ് അലിയുടെ മൂന്നു കാലഘട്ടങ്ങളുടെ കഥാപാത്രത്തിലൂടെ കടന്നു പോകുന്ന ഘട്ടങ്ങളിലാണ് ഇവർ രണ്ടുപേരും നായികമാരായി എത്തുന്നത്.

നവാഗതനായ വിജീഷ് വിജയ് സംവിധാനം ചെയ്യുന്ന 'മന്ദാരം' തികച്ചും യുവാക്കളെ ഉദ്ദേശിച്ചുള്ള ചിത്രമാണ്. പ്രണയം എന്നും പൈങ്കിളിയാകുന്നത് പോലെ, യുവാക്കൾ ജീവിതത്തിൽ അനുഭവിച്ച/അനുഭവിക്കുന്ന രസകരമായ പ്രണയാനുഭവങ്ങളുടെ കഥയാണ് ചിത്രത്തിലുള്ളത്. കഥയിൽ പുതുമയധികമില്ലെങ്കിലും സുഹൃത്തുക്കൾക്കൊപ്പം കണ്ടു രസിക്കാവുന്ന ഒരു ആസിഫ് അലി ചിത്രമെന്ന് മന്ദാരത്തെ പറയാം. ആസിഫ് അലിയുടെ സഹപാഠികളും സുഹൃത്തുക്കളുമായി ജേക്കബ് ഗ്രിഗറി, വിനീത് വിശ്വം, അര്‍ജുന്‍ ഹരീഷശ്രീ അശോകന്‍ എന്നിവരെത്തുന്നു. അര്‍ജുന്‍ നന്ദകുമാറും തനിക്ക് കിട്ടിയ വേഷം ഗംഭീരമാക്കി.

നവാഗതനായ ബാഹുല്‍ ക്യാമറയും മുജീബ് സംഗീതവും വിവേക് ഹര്‍ഷന്‍ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സിനിമ വാഗമണ്‍, ഫോര്‍ട്ട് കൊച്ചി, ബാംഗ്ലൂര്‍, ഹരിദ്വാര്‍, മണാലി എന്നിവിടങ്ങളിലായി ചിത്രീകരിച്ചിരിക്കുന്നത്. മാജിക് മൗണ്ടേയ്‌ൻ സിനിമാസിന്റെ ബാനറില്‍ മോനിഷ രാജീവും ടിനു തോമസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.