ആകാംക്ഷ, അതിൽ നിന്നു ഞെട്ടലിലേക്കൊരു ‘യു ടേൺ’; റിവ്യു

ആ രാത്രി അവർ താണ്ടുമെന്നുറപ്പില്ല. പക്ഷേ ഏതുവിധേനയെയും ആ ചെറുപ്പക്കാരെ രക്ഷിക്കണം. അതിനാണ് അവരെ പൊലീസിന്റെയും സിസിടിവികളുടെയും കാവലിൽ പാർപ്പിച്ചിരിക്കുന്നത്. കണ്ണിമ ചിമ്മാതെയാണ് രണ്ടുപേരെയും ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നത്. ഇടയ്ക്ക് അവർ പതിയെ ഉറക്കത്തിലേക്കു വഴുതിവീണു. അന്നേരം സ്റ്റേഷനു പുറത്തേക്കിറങ്ങി രചനയ്ക്കൊപ്പം സംസാരിച്ചു നിന്ന ഇൻസ്പെക്ടർ നായിക്കിന്റെ അടുത്തേക്കു പെട്ടെന്നൊരു പൊലീസുകാരൻ ഓടിവന്നു:

‘സാർ, ഒന്നു വരണം... അവിടെ അസാധാരണമായതെന്തോ നടക്കുന്നു...’

ആ പൊലീസുകാരന്റെ വാക്കുകൾ തന്നെയാണ് സംവിധായകനും ‘യു ടേൺ’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരോടു പറയുന്നത്–

‘ആ ഫ്ലൈ ഓവറിൽ എന്തോ അസാധാരണമായത് നടക്കുന്നു...’

അതീവ സാധാരണമായ ഒരു സംഭവത്തെ അമാനുഷികമായ കാഴ്ചകളാൽ സമ്പന്നമാക്കുകയാണ് പവൻ കുമാറിന്റെ ഈ ചിത്രം. 2016ൽ കന്നഡയിലിറങ്ങിയ ചിത്രം അതേ സംവിധായകൻ തന്നെ തമിഴിലും തെലുങ്കിലും ഒരുക്കിയിരിക്കുകയാണ് ഇത്തവണ. അന്ന് ഈ സിനിമ കാണാൻ സാധിക്കാതിരുന്നവർ ഇത്തവണ ഇത് മിസ്സാക്കരുത്. തിയറ്ററിൽ തന്നെ കാണുകയും വേണം. അത്രയേറെ മികവുറ്റ രീതിയിലാണ് ഈ ആക്‌ഷൻ–ഹൊറർ ത്രില്ലർ പവൻ കുമാർ ഒരുക്കിയിരിക്കുന്നത്. 2016ലെ ചിത്രത്തിൽ നിന്ന് അഭിനേതാക്കളല്ലാതെ കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല സംവിധായകൻ (ചിത്രീകരണ രീതിയിൽ പോലും)

ചെന്നൈ വേളാച്ചേരി ഫ്ലൈ ഓവറിൽ നടക്കുന്ന അസാധാരണ സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ദൂരം താണ്ടാൻ മടിയുള്ളവർ ഇടയ്ക്ക് ഡിവൈഡറിൽ ചെറിയൊരു ‘വിടവുണ്ടാക്കി’ അതുവഴി വണ്ടി കൊണ്ടുപോകുന്നതു പതിവാണ്. എന്നാൽ ഈ ‘യു ടേൺ’ എടുത്ത് അവരെല്ലാം പോകുന്നതാകട്ടെ അസാധാരണമായ ചില അനുഭവങ്ങളിലേക്കും. അതിന്റെ കാരണം അന്വേഷിക്കുകയാണ് രചന എന്ന മാധ്യമ പ്രവർത്തക. എന്നാൽ ഒരു ഘട്ടത്തിൽ അവർ പൊലീസ് കസ്റ്റഡിയിലാകുന്നു. അവളെ അവിശ്വസിക്കുകയാണു പൊലീസ്. രചനയ്ക്കാകട്ടെ എങ്ങനെയെങ്കിലും തന്റെ നിരപരാധിത്തം പുറത്തുകൊണ്ടുവന്നേ മതിയാകൂ. അക്കാര്യത്തിൽ അവളെ സഹായിക്കുന്നതാകട്ടെ എസ്ഐ നായക്കും. 

ഓഫിസിലെ ഒരു പാവം പയ്യനെ പ്രേമിച്ചു നടന്നിരുന്ന രചനയുടെ ജീവിതം അവളുടെ ഡയറിയിലെ ഏതാനും വണ്ടി നമ്പറുകൾ കാരണം ‘യു ടേണെടുത്ത്’ ഇന്നേവരെ പോകാത്ത വഴികളിലൂടെ യാത്ര ചെയ്യുന്നതാണ് സിനിമയുടെ ഇതിവൃത്തം. ആ യാത്രയ്ക്കിടെ അവൾ കണ്ടുമുട്ടുന്നതും അനുഭവിക്കുന്നതുമായ കാര്യങ്ങൾ തികച്ചും അമാനുഷികമാണെങ്കിലും വിശ്വസിക്കാതെ തരമില്ലാതാകുന്നു പ്രേക്ഷകന്. അത്രയേറെ ഒരിജിനാലിറ്റിയോടെയാണ് പവൻകുമാർ തന്റെ ഹൊറർ–ത്രില്ലർ ഒരുക്കിയിരിക്കുന്നത്.

‘ലൂസിയ’ എന്ന സൈക്കോളജിക്കൽ ത്രില്ലറിനു പിറകെയാണ് പവൻ ‘യു ടേൺ’ സംവിധാനം ചെയ്യുന്നത്. പേരുപോലെത്തന്നെ സംവിധായകന്റെ ജീവിതവും പ്രശസ്തിയിലേക്കു ‘യു ടേണ’ടിക്കാൻ കാരണമായതും ഈ സിനിമയാണ്. മലയാളത്തിൽ ‘കെയർഫുൾ’ എന്ന പേരിലും ഈ ചിത്രമെടുത്തിട്ടുണ്ട്. എന്നാൽ അതുപോരെന്നു തോന്നിയതു കൊണ്ടാകണം മലയാളികൾക്കു വേണ്ടി കൂടിയാണ് ഈ തമിഴ് ചിത്രം പവൻ തിയറ്ററുകളിലെത്തിക്കുന്നത്. 

ചിത്രം ആരംഭിച്ച് ഏതാനും മിനിറ്റുകൾക്കകം തന്നെ പ്രേക്ഷകനെ ആകാംക്ഷയുടെ ലോകത്തേക്കു കൂട്ടിക്കൊണ്ടു പോകും ചിത്രം. പിന്നെ ഓരോ കഥാപാത്രങ്ങളെ കാണുമ്പോഴും സംശയമാണ്– ആ വക്കീലാണോ കുറ്റക്കാരൻ, അതോ പൊലീസോ, അതുമല്ലെങ്കില്‍ ഫ്ലൈ ഓവറിൽ ഭിക്ഷയെടുക്കുന്ന ആ കുറിയ മനുഷ്യൻ...? ഇങ്ങനെ ഓരോ രംഗത്തിലും സംശയം ഒരാളിൽ നിന്നു മറ്റൊരാളിലേക്കു കൂടുമാറുന്നു. ഒടുവിൽ യഥാർഥ ‘കുറ്റവാളിയെ’ കണ്ടെത്തുമ്പോഴാകട്ടെ സിനിമ സസ്പെൻസിന്റെ പുതിയ തലങ്ങളിലേക്കു മാറിയിട്ടുണ്ടാകും. 

അതിനു കരുത്തുപകരും വിധമാണ് പവൻകുമാർ തന്നെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ‘യു ടേണിന്റെ’ എടുത്തുപറയാവുന്ന മികവ് അതിന്റെ ഛായാഗ്രഹണവും പശ്ചാത്തല സംഗീതവുമാണ്. തമിഴ് സിനിമയിലെ സ്ഥിരം ഡപ്പാംകൂത്ത് പാട്ടിന് ഇടമുണ്ടായിട്ടു പോലും സംവിധായകന്‍ അതിനു തയാറായിട്ടില്ലെന്നതു ശ്രദ്ധേയമാണ്. ഇടയ്ക്കു പാട്ടിലേക്കോ പ്രണയത്തിലേക്കോ പോലും പൂർണമായും വഴുതിപ്പോകാതെ സിനിമയുടെ കഥാതന്തുവൊരുക്കുന്ന നൂൽപ്പാലത്തിലൂടെ പ്രേക്ഷകനെ കൃത്യമായി നടത്തിച്ചു ലക്ഷ്യത്തിലെത്തിക്കാനാണു സംവിധായകന്റെ ശ്രമം. 

നികേത് ബൊമ്മിറെഡ്ഡിയുടേതാണു ഛായാഗ്രഹണം. പ്രേക്ഷകനെ ഒപ്പം നടത്തിച്ച്, ഫ്രെയിമുകളുടെ തന്നെ ഭാഗമാണെന്നവിധമാണ് ചില രംഗങ്ങൾ നികേത് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ആരംഭത്തിൽ രചനയും അമ്മയും ഓട്ടോയിൽ സംസാരിച്ചു യാത്ര പോകുന്നതു പോലെ ഏറെ ദൈർഘ്യമുള്ള ഷോട്ടുകളും ഏറെയുണ്ട്. ഇടയ്ക്ക് ചിത്രത്തിന്റെ മുറുക്കം കൂട്ടുന്നതിൽ ഛായാഗ്രഹണം നിർണായക പങ്കുവഹിക്കുന്നു. അതോടൊപ്പം കൈകോർത്തെന്ന പോലെ ശബ്ദവിന്യാസവും പശ്ചാത്തല സംഗീതവും. ഇടിമുഴക്കത്തിനു പോലും ചിത്രത്തിൽ പേടിപ്പെടുത്തുന്ന ഒരു വന്യതയുണ്ട്. പൂർണചന്ദ്ര തേജസ്വിയുടേതാണു സംഗീതം. 

രണ്ടു മണിക്കൂറും ഏതാനും മിനിറ്റും മാത്രമുള്ള ചിത്രം പക്ഷേ ഒരുപാടു സംഭവങ്ങൾ പ്രേക്ഷകനു മുന്നിലെത്തിക്കുന്നുണ്ട്. ചിത്രത്തിലെ ചില ട്രാൻസിഷനുകളും മികവുറ്റതാണ്. വേളാച്ചേരി ഫ്ലൈ ഓവറിൽ ‘യു ടേൺ’ ചെയ്ത രണ്ടു ചെറുപ്പക്കാരെ സ്റ്റേഷനിലേക്കെത്തിക്കുന്നതിൽ ഉൾപ്പെടെ ആ മികവു കാണാം. സുരേഷ് അറുമുഖമാണ് എഡിറ്റിങ്. സാമന്ത അക്കിനേനിയാണു ചിത്രത്തിൽ രചനയെന്ന കഥാപാത്രമായെത്തുന്നത്. ഗ്ലാമർ വേഷങ്ങൾ മാത്രമല്ല തനിക്ക് അഭിനയവും വഴങ്ങുമെന്നു സാമന്ത തെളിയിക്കുന്ന ഒട്ടേറെ രംഗങ്ങളുണ്ട് ചിത്രത്തിൽ– രാത്രിയിൽ ഒരമ്മയും മകളും രചനയെ കാണാൻ വീട്ടിലെത്തുന്ന രംഗത്തിൽ പ്രത്യേകിച്ച്! 

ആദി പിനിസേട്ടിയാണ് നായക് എന്ന കഥാപാത്രമായെത്തുന്നത്. രാഹുൽ രവീന്ദ്രൻ, നരേൻ, ഭൂമിക ചാവ്‌ല, രവി പ്രകാശ്, ഗീത രവിശങ്കർ, ഹരി തേജ തുടങ്ങിയവരും അഭിനേതാക്കളായെത്തുന്നു. ചെറുതാരനിരയാണെങ്കിലും അവർ തിയറ്ററിലെത്തിക്കുന്നത് മികച്ചൊരു ഹൊറർ ത്രില്ലറിന്റെ വലിയൊരു കാഴ്ചാനുഭവമാണ്. അമാനുഷികതയുടെ ചില രംഗങ്ങൾക്കു നേരെ ചെറുതായൊന്നു കണ്ണടച്ചാൽ ശേഷിച്ച ഭാഗങ്ങളെല്ലാം മികവോടെ അനുഭവിക്കാം ഈ ചിത്രത്തിൽ. ഇന്നേവരെയില്ലാത്തതിൽ നിന്നുമാറി ഹൊറർ ചിത്രം എങ്ങനെ ആസ്വദിക്കണമെന്ന കാര്യത്തിൽ പോലും പ്രേക്ഷകനെ ഒരു ‘യു ടേണിനു’ പ്രേരിപ്പിക്കും ചിത്രം.

(ഒരാളും ഒരിക്കലും അനുസരിക്കാത്ത വിധം ട്രാഫിക് ബോധവൽക്കരണത്തിന്റെ അറുബോറൻ വിഡിയോകൾ പടച്ചുവിട്ടു പണം പാഴാക്കുന്ന സർക്കാർ ഏജൻസികൾക്കും മറ്റും ‘യു ടേണിന്റെ’ മാതൃക ഒന്നു പരീക്ഷിച്ചു നോക്കാവുന്നതാണ്. അത്രയേറെ ശക്തമായാണ് റോഡുകളിൽ പാലിക്കേണ്ട മര്യാദകളുടെ സന്ദേശം ചിത്രം പ്രേക്ഷകരിലേക്കെത്തിക്കുന്നത്. അതും, ഒട്ടും മടുപ്പിക്കാതെ, എന്നാൽ ഏറെ ഞെട്ടിച്ച്...)