കൊച്ചുകടവിലെ ഫ്രഞ്ച് വിപ്ലവം; റിവ്യു

പേരുകൊണ്ടും ട്രെയിലറിലെ വ്യത്യസ്തത കൊണ്ടും റിലീസിന് മുമ്പേ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായിരുന്നു ഫ്രഞ്ച് വിപ്ലവം. നവാഗത സംവിധായകന്‍ മജു ഒരുക്കിയ ഫ്രഞ്ച് വിപ്ലവത്തിൽ തൊണ്ണൂറുകളിലെ കഥയാണ് പറയുന്നത്. കൃത്യമായി പറഞ്ഞാൽ എ.കെ. ആന്റണി സർക്കാർ ചാരായം നിരോധിച്ചപ്പോൾ ഒരു നാടിനുണ്ടായ മാറ്റങ്ങളെക്കുറിച്ചുള്ള കഥ. 

വളരെ വ്യത്യസ്തമായ രീതിയിലാണ് ചിത്രത്തിന്റെ ടൈറ്റിൽ ആരംഭിക്കുന്നത്. ചാരായ നിരോധനം കൊച്ചുകടവ് എന്ന ഗ്രാമത്തിൽ ഉണ്ടാക്കുന്ന രസകരമായ മാറ്റങ്ങളാണ് സിനിമയിലൂടെ ചിത്രീകരിച്ചിക്കുന്നത്. ഫ്രഞ്ച് വിപ്ലവത്തില്‍ ഗ്രാമത്തിലെ റിസോര്‍ട്ടിലെ പാചകക്കാരനായ സത്യനെന്ന കഥാപാത്രത്തെയാണ് സണ്ണി വെയ്‌ൻ അവതരിപ്പിക്കുന്നത്. നർമത്തിന് പ്രാധാന്യം നൽകുന്ന സിനിമയിൽ ചാരായ കച്ചവടക്കാരനും നാട്ടിലെ പ്രധാന കാശുകാരന്റെയും വേഷത്തിലെത്തുകയാണ് ലാൽ. 

സൗഹൃദം, പ്രണയം, ലഹരി, അവിഹിതം, ആക്​ഷൻ എന്നിവയെല്ലാം അൽപം നർമത്തിൽ ചാലിച്ചാണ് ഫ്രഞ്ച് വിപ്ലവം ഒരുക്കിയിരിക്കുന്നത്. ചാരായ നിരോധനത്തിന് പകരം മറ്റുപല ഉപാധികൾ കണ്ടെത്തുന്നതും ചർച്ച ചെയ്യുന്നതോടുമൊപ്പം കേരളത്തിന്റെ രാഷ്ട്രീയവും സിനിമയിൽ പരോക്ഷത്തിൽ ചർച്ചയാകുന്നു. ഇതിനിടെ 'വിദേശി'യുടെ കടന്നുകയറ്റത്തിൽ മതിമറന്ന കേരള സമൂഹത്തിന്റെ അവസ്ഥയിലേക്കാണ് ചിത്രമെത്തുന്നത്.

പരീക്ഷണരീതിയിലാണ് ദൃശ്യവത്കരണം. സ്ഥിരം ഫ്രയിമുകളും ക്യാമറ കുലുങ്ങാത്ത ദൃശ്യങ്ങളിൽ നിന്നും മാറി ചിന്തിക്കുന്ന ചിത്രീകരണം. ഈമയൗവിലെ നായിക ആര്യയാണ് ഈ സിനിമയിലും നായികയായെത്തുന്നത്. മീര എന്ന കഥാപാത്രത്തെയാണ് ആര്യ അവതരിപ്പിക്കുന്നത്. ലാല്‍ , ചെമ്പന്‍ വിനോദ്, കലിംഗ ശശി, വിഷ്ണു, ഉണ്ണിമായ, കൃഷ്്ണ തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍. അടുത്തകാലത്തിറങ്ങിയ ജനപ്രിയ ചിത്രങ്ങളിലെ ശ്രദ്ധേയ കഥാപാത്രം ചെയ്ത താരങ്ങളൊക്കെ ഈ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. 

അബ്ബാ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷജീര്‍.കെ.ജെ, ജാഫര്‍ കെ .എ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രാഹണം പാപ്പിനുവാണ് നിര്‍വഹിക്കുന്നത്. ചിലയിടങ്ങളിൽ അൽപം ലാഗ് തോന്നുമെങ്കിലും, പുതുമുഖ സംവിധായകൻ എന്നതരത്തിൽ ചിത്രം നന്നായി കൈകാര്യം ചെയ്യാൻ മജു ശ്രമിച്ചിട്ടുണ്ട്. പ്രശാന്ത് പിള്ളയുടെ പശ്ചാത്തല സംഗീതം മികവു പുലർത്തി. ഗാനങ്ങളും മോശമല്ല. പ്രേക്ഷകരിൽ ചിരിയുണർത്താൻ ഫ്രഞ്ച് വിപ്ലവത്തിന് കഴിയും. എന്തുകൊണ്ട് ഫ്രഞ്ച് വിപ്ലവം എന്ന പേരു വന്നുവെന്നത് സിനിമ കണ്ടുതന്നെ മനസിലാക്കാം.