ഉള്ളു പൊള്ളിക്കുന്ന ‘പരിയേറും പെരുമാൾ’; റിവ്യു

അനുനിമിഷം പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന തമിഴകത്ത് നിന്നെത്തുന്ന ഏറ്റവും പുതിയ ചലച്ചിത്ര അനുഭവമാണ് ‘പരിയേറും പെരുമാൾ BA, BL.’ വിജയ് സേതുപതി–തൃഷ ടീമിന്റെ 96 നിങ്ങളുടെ പ്രണയഭാവങ്ങളെ തൊട്ടുണർത്തിയെങ്കിൽ വടചെന്നൈയും രാക്ഷസനും നിങ്ങളിൽ ഉദ്വേഗം നിറച്ചെങ്കിൽ പരിയേറും പെരുമാൾ നിങ്ങളുടെ ഉള്ളു പൊള്ളിക്കും അസ്വസ്ഥമാക്കും തിയറ്ററിനു പുറത്തേക്കും നിങ്ങളെ വേട്ടയാടും. 

ഇന്ത്യൻ സാമൂഹിക പരിസരങ്ങളിൽ നൂറ്റാണ്ടുകളായി അത്രമേൽ ആഴത്തിൽ പറ്റിപിടിച്ചിരിക്കുന്ന ജാതി വ്യവസ്ഥയെയും ദുരഭിമാന കൊലയേയുമൊക്കെയാണ് ചിത്രം പ്രശ്നവത്ക്കരിക്കുന്നത്. മാരി സെൽവരാജ് എന്ന നവാഗത സംവിധായകന് സിനിമ കേവലം ഉപജീവനമാർഗ്ഗമല്ല രാഷ്ട്രീയ പ്രവർത്തനം തന്നെയാണെന്ന് അടിവരയിടുന്നു 'പരിയേറും പെരുമാൾ'. 

കറുപ്പിയെന്ന നായയുടെ കൊലപാതകത്തിലൂടെയാണ് മാരി സെൽവരാജ് തിരശ്ശീല ഉയർത്തുന്നത്. തുടക്കം മുതൽ ഒടുക്കം വരെ കറുപ്പി അദൃശ്യമായി നമ്മളെ പിന്തുടരുന്നു. ചില ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കുന്നു. ചിലപ്പോൾ ചില ഉത്തരങ്ങളിലേക്കുള്ള ചൂണ്ടുപലകയാകുന്നു. ‘വേട്ട’, ‘വേട്ടയാടൽ’ എന്നീ ബിംബങ്ങളെ ഇത്ര തീവ്രമായി അനുഭവപ്പെടുത്തിയിട്ടുള്ള സിനിമകളും വേറെയുണ്ടാകില്ല. 

ചിത്രത്തിന്റെ നിർമാണ പങ്കാളി കൂടിയായ സംവിധായകൻ പാ. രഞ്ജിത്തിന് ‘പരിയേറും പെരുമാൾ’ ഒരു നല്ല പാഠപുസ്തകം കൂടിയാണ്. സിനിമക്ക് അകത്തും പുറത്തും കൃത്യമായ രാഷ്ട്രീയവും നിലപാടുമുള്ള വ്യക്തിയാണ് പാ. രഞ്ജിത്ത്. എന്നാൽ അദ്ദേഹത്തിന്റെ സിനിമകളിലെ രാഷ്ട്രീയ പ്രഖാപനം കേവലം ചില സംഭാഷണങ്ങളിലോ മുദ്രവാക്യങ്ങളിലോ പരിമിതപ്പെട്ടു പോകുന്നത് പോലെ തോന്നിയിട്ടുണ്ട്. കറുപ്പിന്റെ രാഷ്ട്രീയം പറഞ്ഞ കാലാ പോലും രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിലേക്കുളള പ്രത്യയശാസ്ത്ര നിർമ്മിമിതിക്ക് അപ്പുറത്തേക്ക് വികസിച്ചതായി അനുഭവപ്പെട്ടില്ല. മണിരത്നത്തിന്റെ നായകൻ മുതൽ ഇങ്ങോട്ടുള്ള നന്മനിറഞ്ഞ ഗ്യാങ്സ്റ്റർ പശ്ചാത്തലത്തിൽ നിന്ന് കഥ പറയേണ്ടി വരുന്നതും രഞ്ജിത്തിന്റെ പോരായ്മയിൽ അനുഭവപ്പെട്ടിട്ടുണ്ട്. 

ഇവിടെയാണ് മാരി സെൽവരാജെന്ന പാ. രഞ്ചിഞ്ജിത്ത് പരിചയപ്പെടുത്തുന്ന പുതുമുഖ സംവിധായകൻ വ്യത്യസ്തനാകുന്നത്. മാരി, ഗ്യാങ്സ്റ്റർ നായകനെ പൂർണ്ണമായും തിരസ്ക്കരിക്കുന്നു. പകരം പൊള്ളുന്ന ജീവിത യഥാർഥ്യങ്ങളിലേക്ക് ക്യാമറ തിരിച്ചു പിടിക്കുന്നു. ശാക്തീകരണ മുദ്രവാക്യങ്ങളിൽ മാത്രം കുടുങ്ങി കിടക്കാതെ സിനിമയെന്ന മാധ്യമത്തെ ഒരു രാഷ്ട്രീയ അനുഭവമാക്കി മാറ്റാൻ കഴിഞ്ഞു എന്നത് തന്നെയാണ് സംവിധായകന്റെ വിജയം. ‘കാക്കമുട്ടൈ', ‘വിസാരണൈ', 'ആണ്ടവൻ കട്ടളൈ', ‘ജോക്കർ’   എന്നീ ചിത്രങ്ങൾക്ക് ശേഷം കൃത്യമായി രാഷ്ട്രീയ പ്രകാശനം നടത്തുന്ന ചിത്രമായി മാറുന്നു പരിയേറും പെരുമാൾ. 

സമകാലിക രാഷ്ട്രീയ - സാമൂഹിക വ്യവസ്ഥകളോടുള്ള കലഹവും പ്രതിഷേധവും പ്രതിരോധവുമായി വികസിക്കുന്നു സിനിമ. ദുരഭിമാനത്തിന്റെ പേരിൽ കെവിൻ എന്ന യുവാവിനെ വെട്ടികൊലപ്പെടുത്തുകയും വിവാഹ തലേന്ന് മകളെ കുത്തികൊല്ലുന്ന അച്ഛനെയും വാർത്തകളിലൂടെ വായിച്ചറിയുന്ന മലയാളികളിൽ പലരുടെയും കണ്ണുകൾ ഈ സിനിമ തുറപ്പിക്കും. 

പുളിയൻകുളം എന്ന കാർഷിക ഗ്രാമത്തിൽ നിന്ന് തിരുനെൽവേലി ലാ കോളജിൽ നിയമ പഠനത്തിനെത്തുന്ന പരിയേറും പെരുമാളിലൂടെയാണ് കഥ വികസിക്കുന്നത്. വിക്രംവേദയിലെ വേദയുടെ സഹോദരനായി എത്തുന്ന പുള്ളിയെ ആർക്കാണ് മറക്കാൻ കഴിയുക. പുള്ളിയിൽ നിന്ന് പെരുമാളിലേക്ക് എത്തുമ്പോൾ കതിർ എന്ന അഭിനേതാവിന്റെ മികവ് കൂടുതൽ ദൃഢമാകുന്നു. ഏറെ സങ്കീർണമായ, വ്യത്യസ്ത അടരുകളുള്ള, വൈകാരികമായ അഭിനയ മൂഹുർത്തങ്ങളിലൂടെ കടന്നു പോകുന്ന കഥാപാത്രത്തെ കയ്യടക്കത്തോടെ സ്വാഭാവികതയോടെ സ്ക്രീനിലേക്ക് പകർത്തുന്നു കതിർ.

കീഴാളരെ അടിച്ചമർത്തുന്ന വ്യവസ്ഥയെ ചോദ്യ ചെയ്യാൻ തന്നെയാണ് അവൻ നിയമം തിരഞ്ഞെടുക്കുന്നത്. കലാലയത്തിലെ ആദ്യ ദിനം ആരാകാനാണ് ആഗ്രഹം എന്ന ചോദ്യത്തിന് പെരുമാൾ നൽകുന്ന ഉത്തരം ഡോക്ടർ ആകാണമെന്നാണ്. ‘തമ്പി ഇവിടെ പഠിച്ചാൽ ഡോക്ടർ ആകാൻ പറ്റില്ല വക്കീലാകാനെ കഴിയൂ’ എന്നു സ്നേഹത്തോടെ പ്രധാനാധ്യാപകൻ പെരുമാളിനെ തിരുത്തുന്നുണ്ട്. ‘അയ്യോ സാർ കുത്തിവെക്കുന്ന ഡോക്ടറല്ല തനിക്ക് സാക്ഷാൽ ഡോ. ബി.ആർ. അബേദ്ക്കറിനെ പോലെയാകാണം’ എന്ന പെരുമാളിന്റെ പ്രഖാപനത്തിലും സംവിധായകൻ തന്റെ രാഷ്ട്രീയം വെളിപ്പെടുത്തുന്നു. 

‘പഠിക്കുക, സംഘടിക്കുക, പോരാടുക’ എന്ന അബേദ്ക്കർ ആപ്തവാക്യം തന്നെയാണ് സിനിമ മുന്നോട്ടുവെയ്ക്കുന്നത്. അത്രയെറെ അടിച്ചമർത്തപ്പെട്ടിട്ടും ഒരു ജനതയ്ക്കു ഇപ്പോഴും ഇന്ത്യൻ ഭരണഘടനയിലും അബേദ്ക്കറിലുമുള്ള  വിശ്വാസവും പ്രതീക്ഷയും നഷ്ടപ്പെട്ടിട്ടില്ലയെന്ന് എന്ന് ഓർമിപ്പിക്കുമ്പോൾ 'പരിയേറും പെരുമാൾ' പ്രത്യാശയുടെ സങ്കീർത്തനമായി മാറുന്നു.

കലാലയത്തിലെ ആദ്യദിനത്തിൽ പെരുമാൾ മറ്റൊരു ചോദ്യം കൂടി അഭിമുഖീകരിക്കുന്നുണ്ട്. അച്ഛന്റെ തൊഴിലിനെക്കുറിച്ച് ചോദിക്കുമ്പോൾ കാളവണ്ടികാരനാണെന്ന് പെരുമാൾ കള്ളം പറയുന്നുണ്ട്. പെൺവേഷം കെട്ടിയാടുന്ന തെരുവ് നർത്തകനാണ് അച്ഛനെന്നു പറയാൻ അയാളുടെ അഭിമാനം സമ്മതിക്കുന്നില്ല. പിന്നീടൊരിക്കൽ അച്ഛനെ കൂട്ടികൊണ്ടുപോകാൻ പറയുമ്പോഴും പെരുമാൾ വാടകയ്ക്കു ആളിനെ ഏർപ്പാട് ചെയ്യുകയാണ് ചെയ്യുന്നത്. എന്നാൽ ഒടുവിൽ അയാൾ തന്റെ അച്ഛനെയും അദ്ദേഹത്തിന്റെ ഐഡന്റിയേയും ധീരമായി തന്നെ പരിചയപ്പെടുത്തുന്നുണ്ട്. കഥാപാത്രം തന്റെ അഭിമാനത്തെ വീണ്ടെടുക്കുന്നു ഇവിടെ. 

അംബസമുദ്രത്തിൽ നിന്നെത്തുന്ന നായിക ജ്യോതി മഹാലക്ഷ്മി മേൽജാതിക്കാരിയാണ്. ആംഗലേയത്തിൽ പിന്നിലായ പെരുമാളിനെ പഠനത്തിൽ സഹായിക്കുന്ന അവൾ അയാൾക്ക് ദേവതയാണ്. ജാതിയും മതവും ദേശവുമൊന്നും അവരുടെ ബന്ധത്തെ ബാധിക്കുന്നില്ല. ആനന്ദിയാണ് ജ്യോതി മഹാലക്ഷ്മിയെന്ന ജോയെ അവതരിപ്പിക്കുന്നത്. ആനന്ദിയുടെ കരിയറിലെ ഏറ്റവും മികച്ച വേഷമാണിത്. നിഷ്കളങ്കത തുളുമ്പുന്നചിരിയും ചേഷ്ടകളും പ്രണയം തുളുമ്പുന്ന കണ്ണുകളുമായി ജോയുടെ കഥാപാത്രം പ്രേക്ഷകരുമായി ചങ്ങാത്തത്തിലാകുന്നു. ജ്യോതിയുടെ പെരുമാളിനോടുള്ള അടുപ്പം അവളുടെ വീട്ടുകാരെ അസ്വസ്തരാക്കുന്നതോടെ സിനിമ പുതിയ  വഴികളിലൂടെ സഞ്ചരിക്കുന്നു.

ദുരഭിമാനകൊലപാതങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന മേസ്തരിയെന്ന കിഴവന്റെ വേഷം സമീപകാലത്തെ ഏറ്റവും മികച്ച പ്രതിനായക കഥാപാത്രങ്ങളിലൊന്നാണ്. വെങ്കിടേശൻ എന്ന നടൻ അത്ര തീവ്രമായി തന്നെ ആ കഥാപാത്രത്തെ പകർത്തിവെച്ചിട്ടുണ്ട്. പെരുമാളിന്റെ അച്ഛൻ കഥാപാത്രം അവതരിപ്പിച്ച വണ്ണാർപ്പട്ടി തങ്കരാജ് കഥാപാത്രമായി ജീവിക്കുകയായിരുന്നു. കണ്ണുനിറയാതെ ആ കഥാപാത്രത്തെ കണ്ടിരിക്കാൻ കഴിയില്ല. ഒരു മനുഷ്യായുസ്സിന്റെ നിസഹായതയും ദൈന്യവുമെല്ലാം ആ കഥാപാത്രത്തിലുണ്ട്. ജ്യോതിയുടെ അച്ഛനായി വേഷമിടുന്ന ജി. മാരിമുത്തു, ജ്യോതിയുടെ ബന്ധുവും പെരുമാളിന്റെ സഹപാഠിയുമായി വേഷമിടുന്ന നടൻ, ആനന്ദിന്റെ വേഷത്തിലെത്തുന്ന യോഗി ബാബു എന്നിവരെല്ലാം ഗംഭീര പ്രകടനം പുറത്തെടുക്കുന്നു. 

തമിഴിലെ ഏറ്റവും ശ്രദ്ധേയനായ യുവ സംഗീത സംവിധായകൻ സന്തോഷ് നാരായണന്റെ മറ്റൊരു മികച്ച ആൽബമാണ് 'പരിയേറും പെരുമാൾ'. വിവേകും സംവിധായകനും ചേർന്നെഴുതിയ 'അടി കറുപ്പി', സംവിധായാൻ മാരി എഴുതിയ 'നാൻ യാർ’ എന്നീ ഗാനങ്ങൾ കൃത്യമായി സിനിമയുടെ രാഷ്ട്രീയത്തെ അടയാളപ്പെടുത്തുന്നു. 'വാ റെയിൽ വിട പോലാമാ', 'പൊട്ടകാട്ടിൽ പൂവാസം' എന്നീ മെലഡികളും സിനിമയെ കൂടുതൽ ഹൃദ്യമാക്കുന്നു. പശ്ചാത്തല സംഗീതത്തിലൂടെ സന്തോഷ് പ്രേക്ഷകരെ നിരന്തരം അസ്വസ്ഥരാകുന്നുണ്ട്. 

നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണാന്ന് പഠിപ്പിക്കുന്ന ക്ലാസ്മുറിയിൽ നിന്ന് തന്നെ പെരുമാൾ നിരന്തരം അപമാനിക്കപ്പെടുന്നു. മേൽജാതിക്കാരന്റെ അധികാരവും ധാർഷ്യട്യവും സിനിമയിൽ ഉടനീളം കീഴ്ജാതിക്കാരന്റെ ഉടുമുണ്ടു പറിച്ചെടുക്കുന്നുണ്ട്, മുണ്ടുപൊക്കി മൂത്രം ഒഴിക്കുന്നുണ്ട്. കൊടിയ മർദ്ദനങ്ങൾക്കും ശാരീരീക മാനസിക പീഡകൾക്കും അവൻ ഇരകളാക്കുന്നുണ്ട്. ഒടുവിൽ സ്വത്വത്തെ തിരിച്ചറിയുകയും അഭിമാനബോധത്തോടെ തല ഉയർത്തി പിടിച്ച് അവർ ജാതിവെറിക്കു നേരേ കാർക്കിച്ചു തുപ്പുന്നു. 

‘തമ്പി നാളെ ഇതെല്ലാം മാറുമായിരിക്കും’ എന്ന് ജ്യോതി യുടെ പിതാവ് പ്രത്യാശ പ്രകടപ്പിക്കുമ്പോൾ പരിയേറും പെരുമാൾ പറയുന്ന മറുപടിയിൽ സംവിധായകൻ സിനിമയുടെ അന്തസത്ത മുഴുവൻ നിറക്കുന്നു. "നീങ്കെ നീങ്കളാ ഇരുക്കിരെ വരക്കും നാൻ നായതാ ഇരുക്കനോം, എതിർപാർക്കെ വരക്കും ഇങ്കെ എതുവുമേ മാരെലേ, അപ്പടിയതാ ഇരുക്കും"

അവിടെ തീരുന്നില്ല മാരി സെൽവരാജ് എന്ന സംവിധായകന്റെ ബ്രില്ല്യൻസ്. അവസാന ഫ്രെയിമിലും അയാൾ ഒരു കൗതുകം ഒളിപ്പിക്കുന്നു. പാതി കുടിച്ച പെരുമാളിന്റെയും ജ്യോതിയുടെ അച്ഛന്റെയും കട്ടൻ ചായയുടെയും പാൽചായയുടെയും ഗ്ലാസുകൾക്കിടയിലൂടെ  ജ്യോതിയുടെ മുടിയിൽ നിന്ന് ഊർന്നു വീണ ഒരു മല്ലിപൂ (മലയാളത്തിൽ മുല്ലപൂവ്) തഴുകിയെത്തുന്നു. നെറികെട്ട കാലത്തിന് മീതെ പൂക്കുന്ന മുല്ലപ്പൂ വിപ്ലവമായി അത് മാറട്ടെ…ജാതീയതയുടെ അഴുക്കുചാലുകൾക്ക് മേൽ സുഗന്ധം നിറക്കട്ടെ…