ജോർ ജോജു, ജോസഫ്‌; റിവ്യു

ത്രില്ലർ സ്വഭാവമുള്ള ഒരു ഇമോഷനൽ ഡ്രാമയാണ് ജോജു ജോസഫ് നായകനാകുന്ന ജോസഫ്. എം.പത്മകുമാർ എന്ന പരിചയസമ്പന്നനായ സംവിധായകന്റെ പുതിയ ചിത്രം അദ്ദേഹത്തിന്റെ മുൻ ചിത്രങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തമാണ്. പതിവു കുറ്റാന്വേഷണകഥകളിൽ നിന്നും  ഒരു റിട്ടയർഡ് പൊലീസ് ഉദ്യോഗസ്ഥന്റെ കഥ പറയുന്ന സിനിമ പ്രേക്ഷകരെ ആകർഷിക്കും. 

റിട്ടയർഡ് പൊലീസ് ഉദ്യോഗസ്ഥനാണ് ജോസഫ്. സര്‍വീസിൽ നിന്നും വിരമിച്ചെങ്കിലും കൊലപാതകക്കേസുകളിലെ സുപ്രധാനവിവരങ്ങൾ ശേഖരിക്കാനായി മേലുദ്യോഗസ്ഥർ ഇപ്പോഴും ജോസഫിനെ തന്നെയാണ് വിളിക്കാറുള്ളത്. അങ്ങനെയൊരു കൊലപാതകരംഗത്തു നിന്നു തന്നെയാണ് ജോസഫിന്റെ തുടക്കം.

പ്രായം ശരീരത്തെ കീഴപ്പെടുത്തിയെങ്കിലും ബുദ്ധികൂർമതയ്ക്കു ഇപ്പോഴും ഒരുകുറവും ജോസഫിന് സംഭവിച്ചിട്ടില്ല. കുറ്റം നടന്നതിന്റെ സാഹചര്യങ്ങൾ മനസ്സിലാക്കി കൊലയാളിയുടെ അടയാളങ്ങൾ ജോസഫ് കണ്ടുപിടിക്കും. ഇതൊക്കെയാണെങ്കിലും അയാളുടെ മനസ്സിലാകെ ചില മുറിപ്പാടുകൾ ഉണ്ട്. ജീവിതത്തില്‍ സംഭവിച്ചുപോയ ഒരിക്കലും ഉണങ്ങനാകാത്ത മുറിവുകൾ. ആ മുറിവുകളിലൂടെയാണ് ജോസഫ് പിന്നീട് മുന്നോട്ടുപോകുന്നത്. മാന്‍ വിത് സ്‌കാര്‍ എന്ന ടാഗ് ലൈനിലൂടെ സംവിധായകൻ പറയാൻ ഉദ്ദേശിക്കുന്നതും ഇതുതന്നെ. 

ക്രൈം ത്രില്ലര്‍ സ്വഭാവത്തിൽപെട്ട ഇമോഷനൽ ഡ്രാമയാണ് ജോസഫ്. ഒരു പൊലീസുകാരന്റെ ജീവിതത്തിലുണ്ടാകുന്ന സാഹചര്യങ്ങളും അയാളുടെ സൗഹൃദങ്ങളും അയാളുടെ കുടുംബവും സിനിമയിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. ഉള്ളിൽ തട്ടുന്ന വികാരനിർഭര നിമിഷങ്ങൾ സിനിമയുടെ പ്രത്യേകതയാണ്. ജീവിതത്തോടു അടുത്തുനിൽക്കുന്നതാണ് ചിത്രത്തിലെ കഥാപാത്രങ്ങൾ. പലരും പറയാൻ മടിക്കുന്നതും സമൂഹത്തിൽ സംഭവിക്കുന്നതുമായ ഞെട്ടിക്കുന്ന വിഷയങ്ങളാണ് ചിത്രത്തിലൂടെ സംവിധായകൻ പറയാൻ ശ്രമിക്കുന്നത്.

ജോജുവിന്റെ അഭിനയപ്രകടനം തന്നെയാണ് സിനിമയുടെ നട്ടെല്ല്. വളരെയേറെ സങ്കീർണത നിറഞ്ഞ കഥാപാത്രത്തെ തികഞ്ഞ പൂർണതയോടെ തന്നെ ജോജു അവതരിപ്പിച്ചിരിക്കുന്നു. ശരീര ഭാഷയിലും കഥാപാത്രഭാവത്തിലും തന്നെക്കാൾ പ്രായമുള്ള ജോസഫായി ജോജു വിസ്മയിപ്പിച്ചു. ഷാഹി കബീര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥൻ തയാറാക്കിയ തിരക്കഥ യാഥാർഥ്യത്തോട് ചേർന്നു നിൽക്കുന്നതായിരുന്നു. പ്രേക്ഷകർക്കു മനസ്സിലാകുന്ന രീതിയിൽ തന്നെ ആ തിരക്കഥ ആവിഷ്കരിക്കാൻ സംവിധായകനും സാധിച്ചു. സുധി കോപ്പ, ദിലീഷ് പോത്തന്‍, ജോണി ആന്റണി, ഇടവേള ബാബു, നെടുമുടി വേണു, ജാഫര്‍ ഇടുക്കി, ജെയിംസ് ഏലിയാ, ഇര്‍ഷാദ്, മാളവിക മേനോന്‍, ആത്മീയ, മാധുരി എന്നിവരാണ് സിനിമയിലെ മറ്റുതാരങ്ങൾ.

രഞ്ജിൻ രാജ് സംഗീതം പകർന്ന ഗാനങ്ങളെല്ലാം മനോഹരം. മനീഷ് മാധവന്റെ ഛായാഗ്രഹണം സിനിമയുടെ ഒപ്പം ഒഴുകുന്നു. ലൈറ്റിങും ക്ലോസപ് ഷോട്ടുകളും അത്രമേൽ മനോഹരം. അനിൽ ജോൺസന്റെ പശ്ചാത്തല സംഗീതം സിനിമയുടെ മുതൽക്കൂട്ടാണ്. എം. പത്മകുമാർ എന്ന വെറ്ററൻ സംവിധായകന്റെ തിരിച്ചു വരവെന്നു വേണമെങ്കിൽ ഇൗ ചിത്രത്തെ വിശേഷിപ്പിക്കാവുന്നതാണ്.

ജോസഫ് ഒരു എന്റെർടെയിനറല്ല. എന്നാൽ ഒരു നല്ല സിനിമയിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന ഘടകങ്ങൾ ജോസഫിൽ നിന്നും ലഭിക്കും. മാസും ക്ലാസും കോമഡിയും  മാത്രമായല്ല മറ്റു പല രീതിയിലും, ഗണത്തിലും സിനിമകൾ ചെയ്യാമെന്ന് ജോസഫ് തെളിയിച്ചു തരുന്നു.