മാലയും ബൊക്കെയും പിന്നെ ‘ലഡു’വും; റിവ്യു

രണ്ടു മാല, രണ്ടു ബൊക്കെ, കുറച്ചു ലഡു..റജിസ്റ്റർ വിവാഹങ്ങളിൽ ഒഴിച്ചു കൂടാനാകാത്ത ചേരുവകളാണ് ഇവ. ഇതുപോലെ ഒരു ഒളിച്ചോട്ട വിവാഹത്തിൽ പരസ്പരം ബന്ധിക്കപ്പെട്ടു കിടക്കുന്ന കുറച്ചു ഘടകങ്ങളുണ്ട്. വേർപിരിയാനാകാത്ത രണ്ടു പ്രണയികൾ, എന്തിനും കൂടെ നിൽക്കുന്ന കൂട്ടുകാർ, എതിർചേരിയിൽ നിൽക്കുന്ന വീട്ടുകാർ, അവസാനം ഒളിച്ചോട്ടവും രജിസ്റ്റർ വിവാഹവും...ക്ളീഷേ എന്നു പറയാവുന്ന ഈ ഘടകങ്ങളെ ന്യൂജെൻ കാലത്ത് ഹാസ്യാത്മകമായി ആവിഷ്കരിക്കുകയാണ് ലഡു എന്ന ചിത്രം. 

സംഭവബഹുലമായ ഒരു ഒളിച്ചോട്ടത്തിന്റെ കഥയാണ് ലഡു പറയുന്നത്. ഒരു സാധാരണ ചെറുപ്പക്കാരൻ ആണ് വിനു. സ്വയം തീരുമാനങ്ങൾ എടുക്കാൻ ബുദ്ധിമുട്ടുന്ന, ആവശ്യത്തിൽ അധികം ടെൻഷനടിക്കുന്ന പ്രകൃതം. താൻ വെറും 25 ദിവസം മുമ്പ് പരിചയപ്പെട്ട ഏയ്ഞ്ജലിൻ എന്ന പെൺകുട്ടിയെ വിനു റജിസ്റ്റർ വിവാഹം ചെയ്യാൻ തീരുമാനിക്കുന്നതാണ് ലഡുവിന്റെ കഥ. കിറുക്കന്മാരായ തന്റെ സുഹൃത്തുക്കളുടെ കൂടെ ഒരു പഴയ ഓമ്നിവാനിൽ വിനുവും ഏയ്ഞ്ജലിനും വിവാഹം റജിസ്റ്റർ ചെയ്യാൻ നടത്തുന്ന യാത്രയാണ് ലഡു.

ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അരുൺ ജോർജിന്റെ ആദ്യ സ്വതന്ത്ര സംവിധാനസംരംഭമാണ് ലഡു. പരസ്യമേഖലയിലും നാടകത്തിലും പ്രവര്‍ത്തിച്ച സാഗര്‍ സത്യനാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഗൗതം ശങ്കര്‍ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിക്കുന്നത് ലാല്‍കൃഷ്ണന്‍. മിനി സ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാർ ആണ് നിർമാണം. രാജേഷ് മുരുകേശന്‍ സംഗീതം നിർവഹിക്കുന്നു.

വിനയ് ഫോർട്ടാണ് ചിത്രത്തിൽ പ്രധാനവേഷം കൈകാര്യം ചെയ്യുന്നത്. പുതുമുഖം സൂര്യഗായത്രിയാണ് ചിത്രത്തില്‍ നായിക. ശബരീഷ് വർമ്മ മറ്റൊരു പ്രധാനകഥാപാത്രമായി എത്തുന്നു. അല്ലു അർജുൻ ഫാനായ എസ്‌കെ എന്ന കഥാപാത്രമായാണ് ശബരീഷിന്റെ വരവ്. ആവശ്യമില്ലാത്ത പ്രശ്ങ്ങളിൽ ഇടപെട്ട് പുലിവാലുണ്ടാക്കുന്ന തള്ളുവീരൻ. 

ബാലു വർഗീസ്, ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, പാഷാണം ഷാജി, മനോജ് ഗിന്നസ്, വിജോ വിജയകുമാര്‍ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ. ബോബി സിംഹയും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നു.  വിനു എന്ന കഥാപാത്രത്തെ വിനയ് ഫോർട്ട് ഭദ്രമാക്കുന്നു. ശബരീഷും വേഷം ഭംഗിയാക്കിയിട്ടുണ്ട്. മറ്റു താരങ്ങളും കഥാപാത്രങ്ങളോട് ഏറെക്കുറെ നീതിപുലർത്തുന്നുണ്ട്. 

നരേഷൻ ശൈലി ചിത്രത്തിന് മുതൽക്കൂട്ടാണ്. അല്ലു അരവിന്ദ് ചിത്രങ്ങൾ മലയാളത്തിൽ മൊഴിമാറ്റുമ്പോൾ ശബ്ദം നൽകുന്ന വ്യക്തിയെ കൊണ്ട് പശ്‌ചാത്തല കഥാവിവരണം നടത്തിയത് ശ്രദ്ധ പിടിച്ചു പറ്റുന്നുണ്ട്. ചിത്രത്തിലെ ഭൂരിഭാഗം സംഭവങ്ങളും ഓമ്നി വാൻ കേന്ദ്രീകരിച്ചാണ് പുരോഗമിക്കുന്നത്. ചലനാത്മകമായ ദൃശ്യങ്ങൾ മികവോടെ ഒപ്പിയെടുക്കുന്നതിൽ ക്യാമറ വിജയിച്ചിട്ടുണ്ട്. ന്യൂജെൻ ഇഷ്ടങ്ങളോട് ചേർന്നുനിൽക്കുന്ന വിധം ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നു.

രണ്ടു മണിക്കൂറാണ് ചിത്രത്തിന്റെ ദൈർഘ്യം. കഥാഗതിക്ക് കുറച്ചു കൂടി സംക്ഷിപ്തത നൽകിയിരുന്നെങ്കിൽ നന്നായേനെ. ചുരുക്കത്തിൽ അധികം ട്വിസ്റ്റുകളോ സസ്പെൻസോ ഇല്ലാതെ തന്നെ രുചികരമായി ആസ്വദിക്കാൻ പറ്റുന്ന ചിത്രമാണ് ലഡു.