ജയറാമിന്റെ ആകാശമിഠായി ഒക്ടോബർ ആറിന്

തമിഴ് നടനും സംവിധായകനുമായ സമുദ്രക്കനി ആദ്യമായി മലയാളത്തില്‍ സംവിധായകൻ ആകുന്ന ചിത്രമാണ് 'ആകാശമിഠായി. സമുദ്രക്കനിയുടെ തന്നെ 'അപ്പാ' എന്ന ചിത്രത്തിന്റെ റീമേക്ക് ആണ് ഈ ചിത്രം. വർണചിത്രാ ബിഗ്സ്ക്രീൻ സ്റ്റുഡിയോസ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിനുവേണ്ടി മഹാസുബൈർ മൂവീസ് ഈ ചിത്രം നിർമിക്കുന്നു. 

ജയറാം നായകനാകുന്ന ഈ ചിത്രത്തിൽ ഇനിയ ആണ് നായികയായി എത്തുന്നത്. രണ്ടു വിഷയങ്ങളാണ് ഈ ചിത്രത്തിലൂടെ പ്രതിപാദിപ്പിക്കപ്പെടുന്നത്. ജനിക്കാൻ പോകുന്ന കുട്ടികളേക്കുറിച്ച് മാതാപിതാക്കളുടെ കണക്കുകൂട്ടലുകളാണ് ഒന്ന്. മറ്റൊന്ന് മക്കളുടെ വിദ്യാഭ്യാസം. ഇതു ചെന്നെത്തുന്നതും വിദ്യാഭ്യാസ കച്ചവടത്തിനിരയാകുന്ന കുട്ടികളിലേക്കാണ്. അതുകൊണ്ടുതന്നെ ഏറെ കാലികമാണ് ഇതിലെ വിഷയം.

സംവിധായകൻ സന്ധ്യാ മോഹന്‍റെ മകന്‍ ആകാശ്, അർജുൻ രവീന്ദ്രൻ, നസ്താഹ്, നന്ദനാ വർമ്മ, യുവലക്ഷ്മി എന്നിവരാണ് ഇതിലെ കുട്ടിത്താരങ്ങൾ. സായ്കുമാർ, ഇന്നസെന്‍റ്, ഇർഷാദ്, അനിൽ മുരളി തുടങ്ങിയവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. കഥ, തിരക്കഥ സമുദ്രക്കനി, സംഭാഷണം ഗിരീഷ് കുമാർ. റഫീഖ് അഹമ്മദിന്‍റെ ഗാനങ്ങൾക്ക് ബിജിപാൽ ഈണം പകർന്നിരിക്കുന്നു. 

അഴകപ്പൻ ഛായാഗ്രഹണവും രഞ്ജൻ ഏബ്രഹാം എഡിറ്റിംഗും നിർവഹിക്കുന്നു. കലാസംവിധാനം സഹസ് ബാല, മേക്കപ് പി.വി. ശങ്കർ, പ്രൊഡക്ഷൻ കണ്‍ട്രോളർ ബാദ്ഷ. ചിത്രം ഒക്ടോബർ ആറിന് തിയറ്ററുകളിലെത്തും.