ആദ്യ തമിഴ് ചിത്രത്തിന് അംഗീകാരപ്പെരുമയുമായി ഷെബി ചൗഘട്ട്

മലയാളത്തിൽ പ്ളസ് ടു, ടൂറിസ്റ്റ് ഹോം, ബോബി എന്നീ ചിത്രങ്ങളൊരുക്കിയ ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ആദ്യ തമിഴ് ചിത്രം ദേശഭാഷാന്തരങ്ങൾക്കപ്പുറം അംഗീകാരങ്ങൾ വാരിക്കൂട്ടുന്നു. ലോകത്തെ വലിയ ഫിലിം ഫെസ്റ്റിവലുകളിൽ ശ്രദ്ധേയമായ സാന്നിധ്യമായി മാറുകയാണ് ഷെബിയുടെ ചെന്നൈ വിടുതി എന്ന ചിത്രം.

ജക്കാർത്തയിലെ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ സംവിധായകനും നിർമാതാവ് കുമാർ ദുബായും പുരസ്കാര ജേതാക്കളായി. ഇൻഡീ ഫെസ്റ്റ് ഫിലിം ഫെസ്റ്റിവൽ, കൊളമ്പിയ ജോർജ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിലും ചെന്നൈ വിടുതി സാന്നിധ്യമറിയിക്കും.

ഒറ്റ ഷോട്ടിൽ ഒരു കുറ്റാന്വേഷണ കഥ പറയുന്ന പുതുമയാർന്ന ആഖ്യാനരീതിയാണ് ചെന്നൈ വിടുതിയുടേത്.പരീക്ഷണ ചിത്രങ്ങളൊരുക്കാൻ ഒട്ടേറെ നവാഗതർ രംഗത്തു വരുന്ന തമിഴകത്ത്, ഒരു മലയാളി സംവിധായകന്റെ ധീരമായ കാൽവെപ്പ് ചർച്ചാ വിഷയമാവുകയാണ്. ക്ലബ്ബ് നയനിന്റെ ബാനറിൽ കുമാർ ദുബായിയാണ് ചെന്നൈ വിടുതി നിർമ്മിച്ചിട്ടുള്ളത്.

സംവിധായകൻ ഷെബിയുടെ കഥയ്ക്ക് വി ആർ ബാലഗോപാൽ തിരക്കഥയൊരുക്കി. എ ക്സിക്യൂട്ടിവ് പ്രൊഡ്യൂസർ- സുരേഷ് പുന്നശേരിൽ.

 ഉമാ റിയാസ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചെന്നൈ വിടുതിയിൽ ലിവിംഗ്സ്റ്റൺ, പാണ്ഡ്യരാജ്, അപ്പുക്കിളി, തലൈവാസൽ വിജയ്, റിയാസ് ഖാൻ, നിഴൽകൾ രവി എന്നിവരും ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.