കഥാപാത്രങ്ങളെ പരിചയപ്പെടുത്തി ഈ.മ.യൗ പോസ്റ്റർ

86 പുതുമുഖങ്ങളുമായി മലയാളികളെ ഞെട്ടിച്ച അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന പുതിയ ചിത്രം ഈ.മ.യൗ പുതിയ പോസ്റ്റർ പുറത്തിറങ്ങി. സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ പോസ്റ്ററിലൂടെ പരിചയപ്പെടുത്തുന്നു.

സമുദ്ര തീരനഗരമായ കൊച്ചിയിലൂടെ കടന്നുപോയ പോർച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് അധിനിവേശങ്ങൾ ശേഷിപ്പിച്ച സാംസ്കാരികമായ അടിമണ്ണിൽ നിന്നു ഊറിക്കൂടിയതാണ് ഈ സിനിമയുടെ പ്രമേയപരിസരം.

ഈശോ മറിയം യൗസേപ്പ് എന്നതിന്റെ ചുരുക്കപ്പേരാണ് ഈ.മ. യൗ. വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങള്‍. വെറും 18 ദിവസം കൊണ്ടാണ് ലിജോ ജോസ് സിനിമയുടെ ഷൂട്ടിങ് തീർത്തത്. കൊച്ചിയായിരുന്നു പ്രധാനലൊക്കേഷൻ.

ഷൈജു ഖാലിദാണ് ഛായാഗ്രാഹകൻ. പി എഫ് മാത്യൂസ് രചന നിർവഹിക്കുന്നു. സംഗീതം പ്രശാന്ത് പിള്ള. രാജേഷ് ജോർജ് കുളങ്ങരയാണ് നിര്‍മാണം. ഡിസംബർ റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് പദ്ധതി.