‘നല്ല വിശേഷ’വുമായി ബിജു സോപാനം

സാമൂഹിക പ്രതിബദ്ധതയുള്ള പ്രമേയവുമായി നല്ല വിശേഷം എന്ന ചിത്രം വരുന്നു. വികസനത്തിന്റെ പേരിൽ നാട്ടിലും, കാട്ടിലും നടത്തുന്ന കോർപ്പറേറ്റുകളുടെ അധിനിവേശ ഗൂഢാലോചനകൾക്കെതിരെ വിരൽചൂണ്ടുകയാണ് ഈ ചെറിയ സിനിമ. ഒരു കൂട്ടം നന്മയുള്ള കലാസ്നേഹികളുടെ അതിരില്ലാത്ത പരിസ്ഥിതി സ്നേഹവും നേരിന്റെ നല്ല സിനിമകൾ തിയറ്ററുകളിൽ എത്തിക്കാനുള്ള ആർജ്ജവവുമാണ് ഈ സിനിമയ്ക്ക് പിന്നിൽ.

പ്രവാസി ഫിലിംസിന്റെ ബാനറിൽ നിർമാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന സിനിമയിലെ മുഖ്യകഥാപാത്രങ്ങളായി ബിജു സോപാനവും ശ്രീജി ഗോപിനാഥനും എത്തുന്നു. 

ചെമ്പിൽ അശോകൻ, ബാലാജി, ദിനേശ് പണിക്കർ, ശശികുമാർ (കാക്കമുട്ടെ ഫെയിം), തിരുമല രാമചന്ദ്രൻ, രമേഷ് ഗോപാൽ, അപർണാ നായർ, അനിഷ, സ്റ്റെല്ല, ശ്രീജ എന്നിവരും മറ്റ് കഥാപാത്രങ്ങളായി എത്തുന്ന നല്ല വിശേഷത്തിന്റെ കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് അജിതനാണ്. 

വിനോദ് വിശ്വൻ തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നുറുദ്ദീൻ ബാവയാണ്. സുചിത്‌നായർ, റെക്സ് എന്നിവർ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ രചിച്ചിരിക്കുന്നത് മുരുകൻ കാട്ടാക്കടയും ഉഷാ മേനോനും ചേർന്നാണ്. നജിം അർഷാദ്, ശ്രുതി, മുരുകൻ കാട്ടാക്കട എന്നിവരാണ് നല്ല വിശേഷത്തിലെ ഗാനങ്ങൾ ആലപിക്കുന്നത്. മനീഷ് ഭാർഗവനാണ് ചീഫ് അസോഷ്യേറ്റ്.