സിനിമയെ അഭിനയിപ്പിക്കുന്നവർ

'വിപണനം' എന്ന മഹാസാഗരത്തിന്റെ തീരത്ത് അന്തംവിട്ടിരിക്കുന്ന കൊച്ചുകുട്ടികളാണ് ഇപ്പോഴും സിനിമാക്കാർ എന്നൊരു ധാരണയുണ്ട് പൊതുസമൂഹത്തിന്. ഒരു 'ഗൾഫ്കാരൻ പ്രൊഡ്യൂസർ ' സിനിമാമോഹവുമായി ലാൻഡ് ചെയ്യുന്നു , ഇത് മണത്തറിഞ്ഞു ഒരു തട്ടിക്കൂട്ട് പ്രമേയവും രണ്ടു പെൺകുട്ടികളുടെ ഫോട്ടോയും ആയി കുറച്ച് 'എക്സ്പീരിയൻസ്ഡ് സിനിമാക്കാർ ' ഘോഷയാത്ര പോലെ ചര്‍ച്ചയ്ക്ക് വരുന്നു. ആരെങ്കിലുമായി എന്തെങ്കിലുമൊന്ന് ശരിയായാൽ പിന്നെ അടുത്ത ദിവസം " ഷൂട്ട്" ആണ്. ശേഷം ഭാഗം സ്ക്രീനിൽ കണ്ടു 'തകർന്നു ' പോകുന്ന പ്രൊഡ്യൂസർ, 'സിനിമ 'എന്ന പേര് തന്റെ ജീവിതത്തിൽ നിന്ന് തന്നെ വെട്ടുന്നതാണ് ഇങ്ങനെ ഉണ്ടാകുന്ന മിക്ക സിനിമകളുടെയും 'ക്ലൈമാക്സ് '.

വിപണന ശാസ്ത്രത്തിലെ ഏഴ് ഘടകങ്ങളിൽ ഒന്ന് മാത്രമാണ് 'വിൽക്കാൻ ഉദ്ദേശിക്കുന്ന സാധനം ' എന്ന് ലോകപ്രശസ്ത വിപണന തന്ത്രമായ "7 P's ഓഫ് മാർക്കറ്റിങ് " അടിവരയിട്ട് പറയുന്നുണ്ട്. ' വിൽക്കാൻ ഉദ്ദേശിക്കുന്ന വസ്തു തയാറാക്കുന്നതിനു മുൻപും ശേഷവും ആ വിൽപ്പനയെ സഹായിക്കാൻ ആയി തയാർ ചെയ്യപ്പെടുന്ന ഘടകങ്ങളുടെ കൃത്യത ആണ് വിപണന വസ്തുവിന്റെ അഥവാ 'പ്രോഡക്റ്റിന്റെ ' മൂല്യം ഉയർത്തുന്നത്. 

ഉപഭോക്താക്കളുടെ ആവശ്യം തിരിച്ചറിയാൻ ഉള്ള സർവെ മുതൽ പ്രൊഡക്ടിന്റെ രൂപനിർണ്ണയം, ഉൽപ്പാദനം, പാക്കിങ്, വിതരണം തുടങ്ങി ഒരു പത്തു വർഷത്തിന് ശേഷം പ്രോഡക്റ്റ് എവിടെ നിൽക്കണം എന്നതടക്കമുള്ള കൃത്യമായ വിപണന തന്ത്രം പ്രൊഡക്ടിനു മുൻപേ തന്നെ രൂപപ്പെടുത്തുന്നത് ആ പ്രോഡക്റ്റിന്റെ " ഡിസൈനർ " ആണ്.

ഹോളിവുഡ് സിനിമകളിൽ അത്യന്താപേക്ഷിതമായ പ്രൊജക്ട് ഡിസൈനറുടെ പ്രസക്തി മലയാള സിനിമയും തിരിച്ചറിയുകയാണ്. വൻ മുതൽമുടക്ക് ആവശ്യമുള്ള 'സിനിമ ' ആണ് ഇവിടത്തെ 'വിപണന വസ്തു'. 'സിനിമാ വിപണനം ' എന്ന വലിയ തിരക്കഥയിലെ ഒരു ' കഥാപാത്രം ' മാത്രമാണ് ഇവിടെ 'സിനിമ '. അതിന്റെ വിപണനത്തെ സഹായിക്കുന്ന മറ്റ് 'ഘടകങ്ങൾ' കൂടി ആ വലിയ തിരക്കഥയിലെ കഥാപാത്രങ്ങൾ ആയി എഴുതിച്ചേർത്ത്, എല്ലാ കഥാപാത്രങ്ങളുടെയും 'സ്വഭാവം ' ശരിയായി നിർണ്ണയിച്ച്, അവരുടെ പിന്തുണയോടു കൂടി , സിനിമ എന്ന നായക കഥാപാത്രത്തെ എന്നെന്നുമോർക്കപ്പെടുന്ന ഒരു താരരാജാവ് ആക്കി വിജയിപ്പിച്ചെടുക്കുക എന്ന ശ്രമകരമായ ജോലി കൃത്യമായി ചെയ്യാൻ പരിചയസമ്പത്തുള്ള ഒരു പ്രൊജക്റ്റ് ഡിസൈനർക്കു കഴിയുന്നു.

"ശൂന്യതയിൽ നിന്നും വിഭൂതി സൃഷ്ടിക്കപ്പെടുന്നതു പോലെയാണ് ഒരു പ്രോജക്റ്റ് ഡിസൈനറിലൂടെ സിനിമ ജനിക്കുന്നത് " സ്വന്തം ഉടമസ്ഥതയിലുള്ള ഏരീസ് വിസ്മയാസ് മാക്സ് എന്ന സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഡബ്ബിങ് സ്റ്റുഡിയോയിലിരുന്ന് സോഹൻ റോയ് എന്ന ഹോളിവുഡ് സംവിധായകൻ മലയാള സിനിമയ്ക്ക് പുതുമയായ ഈ ആശയം പങ്കുവയ്ക്കുമ്പോൾ അതിൽ തെളിയുന്നത് കേരളത്തിലെ സിനിമാ വ്യവസായം നേരിടുന്ന പ്രതിസന്ധികൾക്കുള്ള ശാശ്വത പരിഹാരം.

ഒരു നല്ല തിരക്കഥയെയും അതിനുയോജിച്ച നിർമാതാവിനേയും സംവിധായകനേയും കണ്ടെത്തി ആ സിനിമ പൂർത്തീകരിക്കുകയും അതു പ്രേക്ഷകനിലേക്ക് എത്തിക്കുകയും ചെയ്യുന്നതിൽ മാത്രമൊതുങ്ങുന്നതല്ല ഒരു പ്രോജക്റ്റ് ഡിസൈനറുടെ ഉത്തരവാദിത്വം. പണം മുടക്കുന്ന നിർമാതാവിനേയും പ്രേക്ഷകനേയും നിരാശരാക്കാതെ നോക്കുക, ഫിലിം മാർക്കറ്റുകൾ വഴി സിനിമയെ പല ഭാഷകളിലേക്കെത്തിച്ച് കൂടുതൽ വരുമാനവും പ്രേക്ഷകരേയും കണ്ടെത്തുക, ഫിലിം ഫെസ്റ്റിവലുകളിലൂടെ നിർമാതാവിനും സംവിധായകനും കൂടുതൽ പ്രശസ്തിയും അംഗീകാരം നേടിക്കൊടുക്കുക, സിനിമയുടെ പ്രദർശന കാലയളവ് വർഷങ്ങളോളം നീട്ടുകയും സംസ്ഥാന അവാർഡു മുതൽ ഓസ്കർ പരിഗണനാ പട്ടികയിൽ വരെ അത് എത്തിക്കുകയും ചെയ്യുക തുടങ്ങിയ ഭാരിച്ച ചുമതലകളും ഒരു പ്രൊജക്റ്റ് ഡിസൈനർ വഹിക്കേണ്ടതായുണ്ട്.

നിർമാണത്തിനും, മാർക്കറ്റിങിനും, വിതരണത്തിനും, ബ്രാൻഡിങിനും തുടങ്ങി നിയമസംരക്ഷണത്തിനു വരെ പ്രത്യേക ' തിരക്കഥ' ഒരുക്കുന്നതിലാണ് ഒരു പ്രോജക്റ്റ് ഡിസൈനറുടെ വിജയം. അക്കൗണ്ടന്റ് ആഡിറ്റർ അഡ്വക്കേറ്റ്, സ്ക്രിപ്റ്റ് ഡോക്ടർ, ബ്രാൻഡിംഗ് ടീം, ഗ്രാഫിക് ഡിസൈനേഴ്സ്' തുടങ്ങി നിരവധി വിദഗ്ദ്ധരടങ്ങിയ ഒരു ടീമായിരിക്കും ഒരു പ്രോജക്റ്റ് ഡിസൈനർക്കുണ്ടാവുക. 

അതുകൊണ്ടു തന്നെ ഒരു വ്യക്തിയെക്കാളേറെ ഒരു പ്രസ്ഥാനമായിട്ടാണ് പ്രോജക്റ്റ് ഡിസൈനർ ശ്രദ്ധിയ്ക്കപ്പെടുക. സിനിമാ മേഖലയുടെ സ്പന്ദനം അപ്പപ്പോൾ അറിയുന്നവരായിരിക്കും ഇവരെല്ലാം . ഈ സംവിധാനത്തിലുള്ള വിശ്വാസത്തിലാണ് നിർമാതാവോ ഫണ്ട് റെയിസിങ് കമ്പനികളോ മുതൽ മുടക്കാൻ 89 % റിസ്ക്ക് ഫാക്ടർ ഉള്ള സിനിമാ മേഖലയിലേക്കു കടന്നു വരുന്നത്. അവർക്കാവശ്യമുള്ള ഇൻഷുറൻസ് പരിരക്ഷ നൽകണമെങ്കിൽ പ്രാഫഷണലിസമുള്ള ഒരു നിർമ്മാണ സംവിധാനം പ്രോജക്റ്റ് ഡിസൈനർ ഒരുക്കേണ്ടി വരും. ഇതു മനസ്സിലാക്കി പ്രവർത്തിക്കുന്ന ഒരു സംവിധായകനെ മാത്രമേ ഇതിൽ സഹകരിപ്പിക്കാനും സാധിക്കൂ.

വ്യക്തമായ ബഡ്ജറ്റും കോസ്റ്റ് കണ്ട്രോൾ സംവിധാനവും മാർക്കറ്റിങ് പ്ലാനും തയ്യാറാക്കിക്കഴിഞ്ഞു മാത്രമേ നിർമാണം തുടങ്ങാൻ പ്രോജക്റ്റ് ഡിസൈനർ പച്ചക്കൊടി കാണിക്കൂ . സംവിധായകന്റെ ക്രിയാത്മകമായ പ്രവർത്തനങ്ങളിലൊന്നിലും പ്രോജക്റ്റ് ഡിസൈനർ കൈകടത്തില്ലെങ്കിലും മാർക്കറ്റിങിനാവശ്യമുള്ള 'മൂലകങ്ങളുടെ ' പട്ടിക തിരക്കഥാകൃത്തിനു മുൻകൂട്ടി നൽകുകയും അതു വേണ്ട രീതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടു് എന്ന് ഉറപ്പു വരുത്തുകയും ചെയ്യും. നിർമാണത്തിന്റെ ഏതെങ്കിലു ഘട്ടത്തിൽ വച്ച് സംവിധായകന്റെ നിസ്സഹകരണം മൂലം ബഡ്ജറ്റ് നിയന്ത്രണം നഷ്ടപ്പെടുന്നു എന്നു തോന്നിയാൽ മറ്റൊരു സംവിധായകനെ ഉപയോഗിച്ചു ചിത്രം പൂർത്തിയാക്കാനുള്ള അധികാരം പ്രോജക്റ്റ് ഡിസൈനർക്ക് ഉണ്ടാകുന്ന രീതിയിലായിരിക്കും സംവിധായകനുമായുള്ള ഉടമ്പടി ഉറപ്പിക്കുക.

പൂർത്തിയായ ചിത്രത്തിന്റെ ദൈർഘ്യമോ സീനുകളോ വിതരണത്തിനെ ബാധിക്കുമെന്നു കണ്ടാൽ അതു പരിഹരിക്കാനുള്ള അധികാരവും പ്രോജക്റ്റ് ഡിസൈനർക്കു മാത്രമായിരിക്കും

നിലവിലെ സംവിധാനത്തിൽ സംവിധായൻ തന്നെ പ്രോജക്റ്റ് ഡിസൈനറുടെ വേഷമണിയുകയും, എന്നാൽ ബഡ്ജറ്റ് പല മടങ്ങായി പിന്നീട് മാറിപ്പോകുകയും ചെയ്യുമ്പോൾ അതിനു പരിഹാരമുണ്ടാക്കാൻ സാങ്കേതിക ജ്ഞാനം വേണ്ടത്രയില്ലാത്ത നിർമ്മാതാക്കൾക്ക് കഴിയാറില്ല. പിന്നീട് സിനിമാ റിലീസായ ഉടൻ തന്നെ മറ്റൊരു നിർമാതാവിനെ തേടി സംവിധായകൻ യാത്രയാവുകയും ചെയ്യുന്നതോടു കൂടി പല ചിത്രങ്ങളുടേയും അന്ത്യം വളരെ പെട്ടെന്നുണ്ടാവുകയും, നിർമ്മാതാവ് എല്ലാം നഷ്ടപ്പെട്ടവനായി സിനിമാ ലോകത്തെ തന്നെ ശപിച്ച് രംഗം വിടുകയും ചെയ്യുന്നു. ഈ അവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കാൻ മാനേജ്മെന്റ് വിദഗ്ധനും കലാകാരനുമായ ഒരു നല്ല പ്രൊജക്റ്റ് ഡിസൈനർക്ക് കഴിയും.

മലയാള സിനിമയിലെ പുതിയ നിർമ്മാതാക്കൾക്ക് പ്രയോജനപ്രദമാവുക എന്ന ഉദ്ദേശത്തോടെ ഒരു പുതിയ ആശയത്തിന്റെ സാദ്ധ്യതകൾ പൂർണ്ണമായി വിവരിക്കുകയായിരുന്നു സോഹൻ റോയ്. ഐക്കരക്കോണത്തെ ഭിഷഗ്വരൻമ്മാർ എന്ന ചിത്രത്തിന്റെ ഡബ്ബിങ്ങിന് മേൽനോട്ടം വഹിക്കാൻ വിസ്മയാസ് മാക്സിൽ എത്തിയതായിരുന്നു ചിത്രത്തിന്റെ പ്രൊജക്റ്റ് ഡിസൈനർ കൂടിയായ അദ്ദേഹം. 

ഓസ്കർ ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ച DAM999 എന്ന സിനിമയുടെ സംവിധായകനും, സെയിന്റ് ഡ്രാക്കുള എന്ന ഹോളിവുഡ് സിനിമയുടെ പ്രൊജക്റ്റ് ഡിസൈനറും ആയിരുന്ന സോഹൻറോയിയുടെ തിരക്കഥ ഓസ്കാർ ലൈബ്രറിയിൽ ഇടം പിടിച്ചിട്ടുണ്ട്. ഇൻഡിവുഡ് പ്രോജക്ടിന്റെ ഭാഗം ആയി തുടർന്ന് നിർമിക്കുന്ന എല്ലാ സിനിമകളിലും ഒരു പ്രൊജക്റ്റ് ഡിസൈനർ ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

സെപ്റ്റംബർ 21ന് ആണ് ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ എന്ന സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. ആരോഗ്യരംഗത്തുനിന്ന് നമ്മുടെ സമൂഹം നേരിടുന്ന പലവിധ വെല്ലുവിളികളും അവ സൃഷ്ടിക്കുന്ന സാമൂഹ്യ പ്രശ്നങ്ങളും കമേഴ്സ്യൽ സിനിമയുടെ ചട്ടക്കൂടിനുള്ളിൽ നിന്നുതന്നെ ചർച്ച ചെയ്യുന്ന സിനിമയിൽ പ്രമുഖ താരങ്ങളോടൊപ്പം ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ 'ഇൻഡിവുഡ് ടാലന്റ് ഹണ്ട് ഓഡിഷനിൽ ' നിന്ന് തെരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങളും അഭിനയിക്കുന്നു.

സിനിമയുടെ തീമിനെക്കുറിച്ച് ഒരു വാചകത്തിൽ ഉള്ള അഭിപ്രായം സോഹൻ റോയ് പങ്കുവച്ചത് ഇങ്ങനെയാണ്, ‘സന്ദേശത്തിന് പഞ്ചവടിപ്പാലത്തിലുണ്ടായ സന്താനമാണ് ഈ ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ എന്നു പറയാമെങ്കിലും അതു സംഗീത സാന്ദ്രമാണ്, പ്രണയനിർഭരമാണ്, വികാരതീവ്രമാണ് , വശ്യസുന്ദരമാണ് എന്നതിനോടൊപ്പം സാങ്കേതികമികവു പുലർത്തുന്ന ചിത്രം കൂടിയാണ്.’