‘കോട്ടയം’ രാജ്യാന്തര മേളകളിൽ; മോൺട്രിയോൾ വഴി ഡൽഹിക്ക്

കോട്ടയം പോസ്റ്റർ, സംവിധായകൻ ബിനു ഭാസ്കർ

മോൺട്രിയോൾ (കാനഡ): ഒരുകൂട്ടം പുതുമുഖങ്ങളുടെ, അതും പുതുതലമുറയുടെ വികാരവിചാരങ്ങൾ ഉൾക്കൊള്ളുന്ന ഒരു സംഘം, അണിയിച്ചൊരുക്കിയ ‘കോട്ടയം’ മോൺട്രിയോൾ രാജ്യാന്തര ചലച്ചിത്രമേളയിലൂടെ സ്ക്രീനിലെത്തി. അഭിനേതാക്കളിൽ മാത്രമല്ല പുതുമുഖങ്ങൾ, അണിയറക്കാരിലും ഈ നവത്വം ഉറപ്പിച്ചുവെന്നതാണ് നിർമാതാക്കളെടുത്ത് ഏറ്റവും വലിയ റിസ്ക്.

മലയാളത്തിനെന്നല്ല ഇന്ത്യൻ സിനിമയ്ക്ക് തന്നെ അന്യനല്ലെങ്കിലും സംഗീത് ശിവന്റെ ‘അരങ്ങേറ്റത്തിനും’ കോട്ടയം വഴിയൊരുക്കുന്നു - അഭിനേതാവെന്ന നിലയിൽ. അനീഷ് ജി. മേനോനെക്കൂടി സ്ക്രീനിൽ മുമ്പ് കണ്ടിട്ടുണ്ടാകും. ലുക്കാ ചുപ്പിയുടെ ഛായാഗ്രാഹകൻ ബിനു ഭാസ്കറാണ് സംവിധായകൻ. ബിനു തന്നെ ഛായാഗ്രഹണവകുപ്പിന്റെ മേധാവിയും. ഇതൊഴിച്ചാൽ ബാക്കിയെല്ലാവരും തന്നെ ഈ സിനിമയുമായി സഹകരിച്ചു തുടങ്ങുമ്പോൾ പുതുമുഖങ്ങളോ തുടക്കക്കാരോ ആയിരുന്നു.

വനിതാ പൊലീസ് ഉദ്യോഗസ്ഥയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട അന്വേഷണമാണ് ചിത്രത്തിന്റെ പ്രമേയം. അതാകട്ടെ സത്യം തേടിയുള്ള ഒരു യാത്രകൂടിയാകുന്നു. കോട്ടയത്തു നിന്നു തുടങ്ങുന്ന യാത്ര ഇടുക്കിയും തമിഴ്നാടും ബംഗാളും അസമും കടന്ന് അരുണാചൽ പ്രദേശിലെ ഇന്ത്യ-ചൈന അതിർത്തിയിൽ എത്തിനിൽക്കുന്നു. പ്രണയത്തിലും കുടുംബത്തിന്റെ പാരമ്പര്യത്തിലുമൊക്കെ തുടങ്ങിയ വിഷയം കുടിയേറ്റവും ഭൂമി കയ്യേറ്റവുമൊക്കെയായി നാടിന്റെ യഥാർഥ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. അവിടെന്നങ്ങോട്ട് പ്രേക്ഷകന്റെ മനസിൽ ഈ യാത്ര തുടരുമെന്നു തന്നെയാണ് സംവിധായകൻ ബിനു ഭാസ്കറിന്റെ വിശ്വാസം. 

പ്ളാന്റർ മത്തച്ചനായി സിനിമയിൽ നിറഞ്ഞുനിൽക്കുന്ന സംഗീത് ശിവൻ സംവിധാനവും തിരക്കഥയെഴുത്തുംപോലെ തന്നെ അഭിനയവും അനായാസമായി വഴങ്ങുമെന്നു വിളിച്ചറിയിക്കൂകുകൂടിയാണ് കോട്ടയത്തിലൂടെ. മത്തച്ചന്റെ വലംകൈയായ ജോണിയെയാണ് അനീഷ് അവതരിപ്പിക്കുന്നത്.  നർത്തകിയും യോഗ അധ്യാപികയുമായ അന്നപൂർണി ദേവരാജ (സാറ), നാടകപ്രവർത്തകനായ ഷഫീഖ് (ബധിരനും മൂകനുമായ മനീഷ്), മോഡലും നാഗാലാൻഡിൽ അധ്യാപികയുമായിരുന്നു നിസാൻ (അപാലി), രാജേഷ് പിള്ളയുടെ സഹസംവിധായകനായിരുന്ന രവി മാത്യു (എസ്. പി. രവി മാത്യു) അഭിനേത്രിയും നർത്തകിയുമായ നിമ്മി റാഫേൽ (സി.ആർ.പി. എഫ്. ഓഫിസർ ആനി) എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്ന തുടക്കക്കാർ. 

ഭാരതത്തിൽ കഴിഞ്ഞവർഷം മുപ്പത്തിയാറായിരത്തിലേറെ മാനഭംഗങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്നും നാലിലൊന്ന് കുറ്റവാളികൾ മാത്രമാണ് ശിക്ഷിക്കപ്പെടുന്നതെന്നുംകൂടി കണക്കിലെടുക്കുമ്പോൾ കോട്ടയം ഏറ്റെടുക്കുന്നത് ഈ ലിംഗവിവേചനംകൂടിയാണ്. എന്തുകൊണ്ട് കേരളത്തിലേക്ക് കുടിയേറ്റമുണ്ടാകുന്നുവെന്നും കുറ്റകൃത്യങ്ങളുണ്ടാകുന്നുണ്ടെങ്കിൽ അതിനു കാരണമെന്തെന്നുംകൂടി ചൂണ്ടിക്കാണിക്കുന്നു. ആരാണ് ഉത്തരവാദികളെന്നും…യാത്രകളിലൂടെയാണ് ഇതിനു ദൃശ്യഭാഷ ഒരുക്കുന്നത്. നിത്യേന കാണുന്നതും കേൾക്കുന്നതും മാത്രമല്ല സത്യമെന്നും അവയ്ക്കു പിന്നിലെ യഥാർഥ സത്യങ്ങൾ കണ്ടെത്താൻ കണ്ണും കാതും കൂടുതലായി തുറന്നിരിക്കണമെന്നും ‘കോട്ടയം’ സാധാരണ പ്രേക്ഷകനെ ഓർമിപ്പിക്കുന്പോൾ, സത്യം തേടിയുള്ള യാത്രയിലൂടെ അണിയറക്കാർ തിയറ്ററിലേക്കു പ്രതീക്ഷിക്കുന്നവരിൽ യാത്രകൾ ഹരമാകുന്ന പുതിയ തലമുറയുമുണ്ട്. രാജ്യത്തിനു പുറത്തുള്ള പ്രേക്ഷകരെ സംബന്ധിച്ചിടത്തോളമാകട്ടെ അവർ ഇതുവരെ കണ്ടിട്ടില്ലാത്ത ഇന്ത്യയാണ് ‘കോട്ടയ’ത്തിലൂടെ തെളിയുന്നത്. 

മോൺട്രിയോൾ ഫിലിം ഫെസ്റ്റിവലിൽ കോട്ടയം കണ്ട് പുറത്തിറങ്ങിയ നാട്ടുകാരി ഫ്രാംസിന്റെ വാക്കുകൾ ഇതിന് അടിവരയിടുന്നു: “എന്റെ ഇംഗ്ലിഷ് അത്ര ഭംഗിയല്ല, എന്നാലും സബ് ടൈറ്റിലുകൾ നോക്കിയാണ് ദൃശ്യങ്ങളിലേക്ക് ശ്രദ്ധചെലുത്തിയത്. അതി മനോഹരമായാണ് ഇതു ചിത്രീകരിച്ചിരിക്കുന്നത്. അപാലിയെ വല്ലാതെ ഇഷ്ടപ്പെട്ടു, കഥ പറച്ചിലിന്റെ രീതിയും. ഇന്ത്യയെ ഇത്ര സൗന്ദര്യാത്മകമായി ചിത്രീകരിച്ചിട്ടുള്ള ഒരു ചിത്രം ഞാൻ ആദ്യമായാണ് കാണുന്നത്.” ഫ്രഞ്ചിൽ ഈ പടം ഇറക്കുന്നുണ്ടെങ്കിൽ അറിയിക്കമെന്നും ഓർമിപ്പിച്ച ഫ്രാംസ്, മോൺട്രിയോളിലായാലും പാരിസിലായാലും ആളുകളെ ആകർഷിക്കാൻ പറ്റുന്ന ചേരുവകൾ ഇതിലുണ്ട്; അതു പ്രണയമായാലും പ്രകൃതി സൌന്ദര്യമായാലും എന്നുംകൂടി പറഞ്ഞാണ് യാത്രയായത്. 

ഏവരുടെയും മനസിൽ ഉയർന്നുവരാവുന്ന ചോദ്യങ്ങളും അതിനുള്ള മറുപടികളും അണിയറക്കാർതന്നെ കരുതിവച്ചിരിക്കുന്നു.

‘കോട്ടയം’ എന്ന നാമകരണത്തിനു പിന്നിൽ…?

വാഗ്ദത്ത നാടിന്റെ തനിപ്പകർപ്പാണ് കോട്ടയം പണ്ടുമുതലേ. തുടക്കത്തിൽ കാടുകൾ നാണ്യവിളകൾക്കു വഴിമാറി. ഇപ്പോൾ പുതുതലമുറയുടെ വിദ്യാഭ്യാസവും വെല്ലുവിളികൾ ഏറ്റെടുക്കാനുള്ള ചങ്കൂറ്റവുമാണ് കോട്ടയത്തിന്റെ കരുത്ത്. പുതിയ പച്ചപ്പുകൾ തേടി പുതുതലമുറ മറുനാട്ടിലും ലോകമെന്പാടുവുമായി കുടിയേറുന്പോൾ, പകരക്കാരായി എത്തുന്നത് വടക്കുകിഴക്കൻ മേഖലകളിൽനിന്നുള്ള കുടിയേറ്റക്കാരാണ്. കഥയുടെ പ്രമേയവുമായി ഇതിനു ബന്ധമുള്ളതുതന്നെ കോട്ടയം എന്നു പേരിനു പിന്നിൽ. 

ക്രൈസ്തവ സഭയും ബൈബിൾ പരാമർശങ്ങളും ഒക്കെ കടന്നുവരുന്നുണ്ടല്ലോ?

കോട്ടയത്തെ മേൽപ്പറഞ്ഞ രീതിയിൽ രൂപാന്തരപ്പെടുത്തിയതിൽ വിവിധ ക്രൈസ്തവ മതവിഭാഗങ്ങളുടെ സ്വാധീനവും ചിത്രത്തിലുള്ളതിനാലാണിത്.

കുറ്റാന്വേഷണ ചിത്രമെന്നതിൽനിന്നുള്ള വ്യതിയാനമല്ലേ ഇത്?

കുറ്റാന്വേഷണം മാത്രമല്ല, ഭീകരവാദം, ഭൂമി കയ്യേറ്റം, കുടിയേറ്റം തുടങ്ങിയ വിഷയങ്ങളിലൂടെയുമുള്ള യാത്രയാണ് കോട്ടയം.

ഗുരുവായൂർ സ്വദേശിയായ ബിനു ഭാസ്കർ കാലിക്കറ്റ് സർവകലാശാലയിൽനിന്ന് ഇംഗ്ലിഷ് ബിരുദം നേടിയശേഷം മെൽബണിലെ ഫൊട്ടോഗ്രഫി സ്റ്റഡീസ് കോളജിലും പഠനംപൂർത്തിയാക്കിയാണ് ചലച്ചിത്ര ലോകത്തെത്തിയത്.  ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫൊട്ടോഗ്രഫി പ്രദർശനവും ശിൽപശാലകളും പ്രഭാഷണങ്ങളും നടത്തിയിട്ടുണ്ട്. നൈറ്റ് വോക്സ് മാനേജിങ് പാർട്ണറും സുഹൃത്തുമായ സജിത് നാരായണനുമായി എട്ടുവർഷത്തോളം മുന്പ് സ്പെയിനിൽ തുടങ്ങിയ ചർച്ചകളാണ് ആദ്യസംരംഭമായ ‘റോഡ് സോങ്’ എന്ന സ്പാനിഷ് ഹൃസ്വചിത്രത്തിൽനിന്ന് ‘കോട്ടയ’ത്ത് എത്തിനിൽക്കുന്നത്. കാനഡയിൽ സോഫ്റ്റ് വെയർ എൻജിനീയറായ വാഴൂർ സ്വദേശി സജിത്തും പ്രിയതമ സോഷ്യൽ വർക്കറായ ചങ്ങനാശേരി സ്വദേശി നിഷ ഭക്തനുമാണ് നൈറ്റ് വോക്സിനായി സിനിമ നിർമിച്ചിരിക്കുന്നത്. ഇരുവരും കോട്ടയംകാർ. സിനിമയിൽ മറ്റൊരു റോളുകൂടിയുണ്ട് സജിത്തിന്- ബിനുവിനൊപ്പം കഥയും തിരക്കഥയും ഒരുക്കിയ വകയിൽ. 

സിനിമയുടെ പ്രമേയത്തിലെന്നപോലെ കോട്ടയവും യാത്രതുടരുകയാണ്. മോൺട്രിയാളിൽനിന്ന് യാത്രയാകുന്ന സിനിമയുടെ അടുത്ത സ്റ്റോപ്പ് ഡൽഹിയാണ്. ഒക്ടോബറിൽ നടക്കുന്ന ഏഴാമത് ഡൽഹി രാജ്യാന്തര ചലച്ചിത്രോൽസവം. പിന്നെ പ്രേക്ഷകരിലേയ്ക്കും.