ഗംഭീരമേക്കോവറില്‍ ജോജു; ‘ജോസഫ്’ വരുന്നു

ജോജു ജോർജ് നായകനാകുന്ന പുതിയ ചിത്രം ജോസഫിന്റെ പോസ്റ്ററുകൾ ചർച്ചയാകുന്നു. ഇതുവരെ ചെയ്ത പൊലീസ് കഥാപാത്രങ്ങളിലെ വ്യത്യസ്ഥതകൊണ്ട് പ്രേക്ഷക പ്രീതി നേടിയ മലയാളത്തിന്‍റെ പ്രിയ നടന്‍ ജോജു വീണ്ടുമൊരു പോലീസ് കഥാപാത്രവുമായി ഈ ചിത്രത്തിൽ എത്തുന്നു. 

'ജോസഫ് ' എന്ന വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനെയാണ് ഇത്തവണ ജോജു എത്തുന്നത്. എം പത്മകുമാറിന്റെ സംവിധാനത്തിലൊരുങ്ങുന്ന ജോസഫിൽ ടൈറ്റിൽ റോളിലിലെത്തുന്ന ജോജുവിന്റെ കിടിലൻ മേക്ക് ഓവറും ഫസ്റ്റ് ലുക്ക് പോസ്റ്ററും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. 'Man With Scar' എന്ന ടാഗ് ലൈനോടെ ഒരുങ്ങുന്ന ചിത്രം ഒരു കുറ്റാന്വേഷണ കഥയാണ്. 

റിട്ടയറായ നാല്‌ പൊലീസ് ഉദ്യോഗസ്ഥരും അതിൽ ജോസഫ് എന്ന കേന്ദ്രകഥാപാത്രത്തെ ബാധിക്കുന്ന പ്രശ്നങ്ങളും അതിന്റെ യാഥാർഥ്യങ്ങൾ അനേഷിച്ചുള്ളൊരു കുറ്റാനേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം. നീണ്ട വർഷത്തെ പരിശ്രമം കൊണ്ടാണ് ജോജു ജോർജ് മലയാള ചലച്ചിത്ര ലോകത്ത് തന്റേതായ ഇരിപ്പിടം നേടിയെടുത്തത്. 

ആക്ഷൻ ഹീറോ ബിജു, രാമന്റെ ഏദന്തോട്ടം, ഞാൻ മേരിക്കുട്ടി തുടങ്ങിയ ചിത്രങ്ങളിലൂടെ മുൻനിരയിലേക്കുയർന്ന അദ്ദേഹം ചാർളി, ഉദാഹരണം സുജാത എന്നീ ചിത്രങ്ങളുടെ നിർമ്മാണ പങ്കാളിയുമായിരുന്നു.സുധി കോപ്പ , ദിലീഷ് പോത്തൻ,ജോണി ആന്റണി, ഇടവേള ബാബു,ജാഫർ ഇടുക്കി, ജെയിംസ് എലിയാ, ഇർഷാദ്,  മാളവിക മേനോൻ, ആത്മീയ,മാധുരി  തുടങ്ങിയ നീണ്ട താരനിര ചിത്രത്തിലണിനിരക്കുന്നു.

അപ്പു പാത്തു പപ്പു  പ്രൊഡക്‌ഷൻ ഹൗസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഷാഫി കരീബിന്റെയാണ്. ഛായാഗ്രഹണം മനേഷ് മാധവൻ. സംഗീതം രഞ്ജിൻ രാജ്, എഡിറ്റിങ് കിരൺ ദാസും നിർവഹിക്കുന്നു. നവംബറിൽ ചിത്രം തിയറ്ററിൽ എത്തും.