ഈ നഗരത്തിന് ഒന്നും പറ്റിയിട്ടില്ല, ഇൗ സിനിമയ്ക്കും

മഞ്ജു വാരിയർ, സനൂപ്

ഈ നഗരത്തിന് ഇതെന്തുപ്പറ്റി, ചിലയിടത്ത് ചാരം, ചിലയിടത്ത് പുക...തിയറ്ററുകളിൽ സിനിമ കാണാൻ കയറുന്ന പ്രേക്ഷകരെ മുഷിപ്പിക്കുന്ന ഒന്നാണ് ഇത്തരം ചില പരസ്യങ്ങൾ. പുകവലിക്കെതിരായുള്ള മുന്നറിയിപ്പ് നൽകുന്ന പരസ്യങ്ങൾ സിനിമയ്ക്ക് മുൻപ് നിർബന്ധമായും കാണിക്കണമെന്നാണ് സെൻസർ ബോർഡ് പറയുന്നത്.

എന്നാൽ മഞ്ജു വാരിയർ–സനൂപ് എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ജോ ആൻഡ് ദ് ബോയ് സിനിമയിൽ‌ ഈ മുന്നറിയിപ്പ് ഉണ്ടാകില്ല. കാരണം പുകവലിയോ, മദ്യപാനമോ അങ്ങനെ ലഹരി ഉപയോഗമുള്ള യാതൊരു വിധ സംഭാഷണങ്ങളോ ദൃശ്യങ്ങളോ ഈ സിനിമയിൽ ഇല്ല.

റോജിൻ തോമസിനൊപ്പം മഞ്ജുവും സനൂപും

സെൻസർ ബോർഡിനോട് പ്രത്യേകം അഭ്യർഥിച്ചതിനാലും അനുമതി വാങ്ങിയതിനാലും മാത്രമാണ് ഈ മുന്നറിയിപ്പ് പരസ്യം നീക്കം ചെയാൻ സാധിച്ചതെന്ന് സംവിധായകനായ റോജിൻ തോമസ് പറയുന്നു. അപൂർവങ്ങളിൽ അപൂർവം ആയി മാത്രമെ സെൻസർ ബോർഡ് ഇത്തരം ഇളവുകൾ അനുവദിക്കാറുള്ളൂ.

സിനിമയുടെ ട്രെയിലറും പ്രേക്ഷകശ്രദ്ധനേടി കഴിഞ്ഞു. ഒരുലക്ഷം പേർ ഇതിനോടകം ട്രെയിലർ കണ്ടു കഴിഞ്ഞു. മറ്റൊരു രസകരമായ കാര്യം ഈ ട്രെയിലർ എഡിറ്റ് ചെയ്തിരിക്കുന്നതും സംവിധായകനായ റോജിൻ തന്നെയാണ്.