മാസ് ടീസറുമായി കമ്മട്ടിപ്പാടം വരുന്നു

ഈ വര്‍ഷം ദുല്‍ക്കർ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കമ്മട്ടിപ്പാടം. സിനിമയുടെ ആദ്യ ടീസർ ഇന്ന് വൈകിട്ട് 7 മണിക്ക് പുറത്തുവരും. ആരാധകരെ ആവേശത്തിലാക്കുന്ന ആക്ഷൻ–പാക്ക്ഡ് ടീസർ ആണെന്നാണ് റിപ്പോർട്ട്.

ദുൽക്കറിന്റെയും വിനായകന്റെയും വേറിട്ട ഗെറ്റപ്പുകൊണ്ട് ചിത്രത്തിന്റെ പോസ്റ്റർ തന്നെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയിരുന്നു. കൃഷ്ണൻ എന്ന കഥാപാത്രമായാണ് ദുൽക്കർ എത്തുന്നത്. ഈ കഥാപാത്രത്തിന്റെ മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്.

'കമ്മട്ടിപ്പാടം' എന്ന് വിളിക്കപ്പെട്ടിരുന്ന എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് പുറകിലുള്ള പ്രദേശം ഒരു നഗരഭാഗമായി വളര്‍ന്നുവന്നതിന്റെ ചരിത്രമാണ് രാജീവ് രവി പറയുന്നത്. പി.ബാലചന്ദ്രന്റേതാണ് തിരക്കഥ.


വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍,പി ബാലചന്ദ്രന്‍, അലന്‍സിയര്‍ ലേ, അനില്‍ നെടുമങ്ങാട്, ഷോണ്‍ റൂമി, അഞ്ജലി അനീഷ്, മുത്തുമണി എന്നിവരും ചിത്രത്തിലുണ്ട്. മധു നീലകണ്ഠന്‍ ഛായാഗ്രഹണവും ബി അജിത്കുമാര്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. മെയ് 20നാണ് ചിത്രത്തിന്റെ റിലീസ്.