നിവിൻ പോളി ചിത്രം ‘സഖാവ്’ റിലീസ് മാർച്ചിൽ

‘ജേക്കബിന്റെ സ്വർഗരാജ്യ’ത്തിനു ശേഷം നിവിൻ പോളി നായകനായി അഭിനയിക്കുന്ന ‘സഖാവ്’ തിയറ്ററിൽ എത്തുന്നത് അടുത്ത മാർച്ചിൽ. വിഷുവിന് ഇറങ്ങിയ ‘ജേക്കബിന്റെ സ്വർഗരാജ്യം’ ഹിറ്റായെങ്കിലും ഇനി മാസങ്ങൾ കാത്തിരുന്നാലേ നിവിൻ പോളിയുടെ ആരാധകർക്ക് അദ്ദേഹത്തിന്റെ സിനിമ കാണാനാവൂ.

യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി.രാകേഷ് നിർമിച്ച്, സിദ്ധാർഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സഖാവ്’. ഈ സിനിമയുടെ ആദ്യഘട്ട ചിത്രീകരണം തൃശ്ശൂരിൽ പൂർത്തിയാക്കിയശേഷം സിദ്ധാർഥ് ശിവ ‘കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ’ എന്ന സിനിമ സംവിധാനം ചെയ്തു റിലീസ് ചെയ്തിരുന്നു. ‘സഖാവി’ന്റെ രണ്ടാം ഘട്ട ചിത്രീകരണം കഴിഞ്ഞദിവസം കോട്ടയത്തു പൂർത്തിയായി. മൂന്നാംഘട്ടം നവംബർ 20നു പീരുമേട്ടിൽ തുടങ്ങും.

ഇടക്കാലത്ത് തമിഴ് സിനിമയിൽ അഭിനയിക്കുന്നതിനു പോയതുമൂലമാണ് നിവിൻ പോളിക്കു മലയാളത്തിൽ ഇടവേള വന്നത്. ഇതിനിടെ കഴിഞ്ഞദിവസം ‘ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള’ എന്ന സിനിമയിൽ നിവിൻ പോളി അഭിനയിച്ചു തുടങ്ങിയിട്ടുണ്ട്. നിവിൻ തന്നെ നിർമിക്കുന്ന ഈ സിനിമ ‘പ്രേമ’ത്തിൽ അഭിനയിച്ച അൽത്താഫ് സംവിധാനം ചെയ്യുന്നു.

സഖാവിൽ നിവിൻ പോളി യുവ രാഷ്ട്രീയ പ്രവർത്തകനായാണ് അഭിനയിക്കുന്നത്. കുതിരവട്ടം പപ്പുവിന്റെ മകൻ ബിനു പപ്പുവും അഭിനയിക്കുന്നു. ശ്രീനിവാസൻ, മണിയൻപിള്ള രാജു, ജോജോ, ഐശ്വര്യ രാജേഷ്, അപർണ ഗോപിനാഥ്, ഗായത്രി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഛായഗ്രഹണം ജോർജ് വില്യംസ്, സംഗീതം പ്രശാന്ത് പിള്ള.