ധനുഷ് ഇല്ല മഞ്ജുവിനൊപ്പം സമുദ്രക്കനി

മഞ്ജു വാര്യർ പ്രധാനകഥാപാത്രമാകുന്ന കരിങ്കുന്നം സിക്സിൽ തമിഴ്സൂപ്പർതാരം ധനുഷ് അതിഥിവേഷത്തിലെത്തുന്നുവെന്ന് വാർത്തകള്‍ വന്നിരുന്നു. എന്നാൽ ധനുഷിന് പകരം തമിഴിൽ നിന്നുതന്നെ മറ്റൊരു താരമാണ് ചിത്രത്തിൽ അതിഥിവേഷത്തിലെത്തുന്നത്. മറ്റാരുമല്ല ഇത്തവണ ദേശീയപുരസ്കാരത്തിൽ മികച്ച സഹനടനുള്ള അവാർഡ് നേടിയ സമുദ്രക്കനിയാണ് മഞ്ജുവിനൊപ്പം അഭിനയിക്കുക.

ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു വോളിബോള്‍ പരിശീലകയുടെ വേഷത്തിലാണ് മഞ്ജു എത്തുന്നത്. ചിത്രത്തെക്കുറിച്ച് മഞ്ജു പറയുന്നു–കരിങ്കുന്നം സിക്സസിന്റെ ഫസ്റ്റ് ലുക് പോസ്റ്റർ നിങ്ങൾക്ക് മുമ്പാകെ അവതരിപ്പിക്കുന്നു. ദീപുകരുണാകരനാണ് സംവിധാനം. വോളിബോൾ കോച്ചിന്റെ വേഷമാണ് എനിക്ക്.

സ്മാഷുകളുടെയും ബ്ലോക്കുകളുടെയും ലോകം അത്രയൊന്നും പരിചിതമായിരുന്നില്ല. പക്ഷേ അതിലേക്ക് കടന്നപ്പോൾ ഓരോ സീനും ഓരോ ഗെയിം പോലെയായി. കൈക്കരുത്തിന്റെ ഈ കായികവിനോദം ഇതിവൃത്തമാകുന്ന ആദ്യത്തെ മലയാളസിനിമയുമാണ് കരിങ്കുന്നം സിക്സസ്. ഗ്യാലറികളിൽ നിങ്ങളാണ്. ഈ ടീമിന് പ്രോത്സാഹനമുണ്ടാകണം...കയ്യടികളുമായി കൂട്ടുണ്ടാകണം’.

മഞ്ജുവിന് പുറമെ അനൂപ് മേനോന്‍, ബാബു ആന്റണി, സുരാജ് വെഞ്ഞാറമൂട്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ലെന ജേക്കബ് ഗ്രിഗറി, ബൈജു എന്നിവരും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യുന്നുണ്ട്..ബാക്ക്‌വാട്ടര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ജയലാല്‍ മേനോന്‍, അനില്‍ ബിശ്വാസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന അരുണ്‍ലാല്‍ രാമചന്ദ്രനാണ്.