‘വേട്ട’യിൽ മഞ്ജുവിന്റെ പൊലീസ് ലുക്ക്

മഞ്ജു വാര്യർ ആദ്യമായി കരിയറിൽ പൊലീസ് കുപ്പായത്തിലെത്തുന്നു. രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന ‘വേട്ട’യിലാണ് മഞ്ജു പൊലീസ് കഥാപാത്രമായി എത്തുന്നത്. കുഞ്ചാക്കോ ബോബനും ഇന്ദ്രജിത്തുമാണ് ചിത്രത്തിലെ മറ്റ് രണ്ടു പ്രമുഖ താരങ്ങൾ.

കമ്മീഷണർ ശ്രീബാലയായി മഞ്ജു എത്തുമ്പോൾ മെൽവിൻ എന്ന കഥാപാത്രമായി ചാക്കോച്ചനും എത്തുന്നു. സൈലെക്സ് എബ്രഹാം എന്ന അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ കഥാപാത്രമാണ് ഇന്ദ്രജിത്തിന്റേത്. അരുൺലാൽ രാമചന്ദ്രൻ കഥയും തിരക്കഥയും നിർവഹിക്കുന്ന ചിത്രത്തിൽ കാതൽ സന്ധ്യ, വിജയരാഘവൻ, പ്രേം പ്രകാശ്, ദീപക് പറമ്പോൽ, കോട്ടയം നസീർ, ഇർഷാദ്, ഡോ റോണി, മിഥുൻ രമേശ്, സന്തോഷ് കീഴാറ്റൂർ, ബേബി അക്ഷര, ബേബി നന്ദന, ജീവിക, മജീദ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഛായാഗ്രഹണം നിർവഹിക്കുന്നത് അനീഷ് ലാൽ ആണ്. സംഗീതം ഷാൻ റഹ്മാൻ. മനു മഞ്ജിത്, ഷാൻ ജോൺസൺ, ഹരി നാരായണൻ എന്നിവരാണ് ഗാനങ്ങൾക്ക് വരികൾ രചിക്കുന്നത്. ആളുകളുടെ ജീവിതത്തിന്റെ കഥ പറയുന്ന ചിത്രം മലയാളത്തിലെ ആദ്യത്തെ ‘മൈൻഡ് ഗെയിം മൂവീ’ ആയിരിക്കുമെന്ന് സംവിധായകൻ രാജേഷ് പിള്ള മനോരമ ഒാൺലൈനോട് പറഞ്ഞു. തന്റെ മുൻകാല സിനിമകളിൽ നിന്നും തികച്ചും വളരെ വ്യത്യസ്തമായ ഇൗ ചിത്രം ആദ്യ ഫ്രെയിം മുതൽ ദുരൂഹത നിറയുന്ന ഒരു സൈക്കോളജിക്കൽ ത്രില്ലറാണെന്നും അദ്ദേഹം പറഞ്ഞു.

റെഡ് റോസ് ക്രിയേഷൻസിന്റെ ബാനറിൽ ഹനീഫ് മുഹമ്മദും രാജേഷ് പിള്ള ഫിലിംസും ചേർന്ന് നിർമിക്കുന്ന ചിത്രം രാജേഷ് പിള്ളയുടെ ആദ്യ നിർമാണസംരംഭം കൂടിയാണ്. ചിത്രസംയോജനം-അഭിലാഷ്. ചീഫ് അസോഷ്യേറ്റ് ഡയറ്കടര്‍-മനു അശോകന്‍, കോസ്റ്റ്യൂം ശ്രേയ അരവിന്ദ്. ആർട്ട് ഡയറക്ഷൻ: സിറിൾ കുരുവിള. പ്രൊഡക്ഷൻ കൺട്രാളർ: ജിത്തു പിരപ്പൻകോട്. എക്സ്ക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: സൂരജ് ഫിലിപ്പ്, രാജേഷ് പിള്ള. സ്റ്റിൽസ് സീനത്ത് സേവ്യർ. ചിത്രം ഫെബ്രുവരി 26–ന് തീയറ്ററുകളിൽ എത്തും.