ഷൂട്ടിങ് തുടങ്ങുമ്പോൾ ക്ലൈമാക്സ് എഴുതിയിരുന്നില്ല; അനിയത്തിപ്രാവിനെക്കുറിച്ച് ഫാസിൽ

എത്ര തവണ കണ്ടാലും പുതുമ നഷ്ടപ്പെടാത്ത ചില രംഗങ്ങളുണ്ട്. കാലമെത്ര കഴിഞ്ഞാലും വീണ്ടും കാണുമ്പോൾ ഉള്ളുലഞ്ഞു പോകും. ഒരിഷ്ടം കൂടുതൽ തോന്നും. അങ്ങനെ ഓരോ തവണ കാണുമ്പോഴും ഉള്ളു പിടഞ്ഞ്, കണ്ണു നിറഞ്ഞ് മലയാളികൾ കണ്ട നന്മയുള്ള ഒരു രംഗമായിരുന്നു അനിയത്തിപ്രാവിന്റെ ക്ലൈമാക്സ്. 'എന്റെ മോളല്ലേ, ഇങ്ങു തന്നേരെ... ഞാൻ നോക്കിക്കോളാം പൊന്നുപോലെ,' എന്നു ശ്രീദേവിയുടെ കഥാപാത്രം പറയുമ്പോൾ പുഞ്ചിരിയോടെ തിയറ്ററിന്റെ ഇരുട്ടിൽ കണ്ണു തുടച്ചവരാണ് മലയാളികൾ. ആ ക്ലൈമാക്സ് രംഗത്തിന്റെ രസച്ചരട് ഇരിക്കുന്നത് അധികമാരും ശ്രദ്ധിക്കാത്ത ഒരു സംഗതിയിലാണെന്ന രഹസ്യം പങ്കു വയ്ക്കുകയാണ് സംവിധായകൻ ഫാസിൽ. ആ രംഗത്തിന്റെ മുഴുവൻ വികാരവും നിർമിച്ചെടുക്കുന്നത് മിനിയുടെ വീടിന്റെ പൂമുഖമാണ്! 'ടി' ആകൃതിയിലുള്ള ആ പൂമുഖമില്ലായിരുന്നെങ്കിൽ പ്രേക്ഷകന്റെ കരളുലയ്ക്കുന്ന ക്ലൈമാക്സ് മറ്റൊരു വിധത്തിലാകുമായിരുന്നു.   

പൂമുഖത്തിന്റെ മാജിക്

ഒരു സിനിമയുടെ ക്ലൈമാക്സിന് സഹായിക്കുന്നത് അതിന്റെ ലൊക്കേഷനാണ്, ഫാസിൽ പറയുന്നു. അനിയത്തിപ്രാവ് ഷൂട്ടിങ് തുടങ്ങുമ്പോൾ ക്ലൈമാക്സ് ആയിട്ടില്ല. അമ്മമാർ രണ്ടും കൂടി സുധിയെയും മിനിയെയും ചേർത്തു വയ്ക്കും എന്ന ആശയം മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളൂ. സാധാരണ നിലയിൽ, തിലകൻ ചേട്ടൻ എന്റെ സിനിമകളിൽ അഭിനയിക്കുമ്പോൾ മുഴുവൻ തിരക്കഥയും വായിക്കാറുണ്ട്. അനിയത്തിപ്രാവിന്റെ തിരക്കഥയും ഞാൻ വായിക്കാൻ നൽകിയിരുന്നു. അതിൽ അവസാനം, തിലകൻ ചേട്ടന്റെ കഥാപാത്രം സുധിയെയും കൂട്ടി മിനിയുടെ വീട്ടിൽ വരുന്നു എന്നു മാത്രമേ എഴുതിയിരുന്നുള്ളൂ. അതു കഴിഞ്ഞ് എഴുതിയിട്ടില്ല. അപ്പോൾ തിലകൻ ചേട്ടൻ ചോദിച്ചു, എന്താ ക്ലൈമാക്സ് എഴുതാത്തത് എന്ന്. 'അവരെ ചേർത്തു വിടണം. പക്ഷേ, അതെങ്ങനെയാണെന്ന് ഞാൻ ആലോചിച്ചുകൊണ്ടിരിക്കണേയുള്ളൂ' എന്ന് ഞാൻ മറുപടി പറഞ്ഞു. 

അങ്ങനെ ഒരു ദിവസം, ഷൂട്ടിങ് നടക്കുന്നതിനിടയിലാണ് ഷൂട്ട് ചെയ്യുന്ന ആലപ്പുഴയിലെ വീടിന്റെ പൂമുഖത്തെ രണ്ടു ഹാളുകള്‍ ടി ആകൃതിയിൽ കിടക്കുന്നത് ശ്രദ്ധിക്കുന്നത്. ഷൂട്ടിന്റെ ഇടവേളയിൽ ഇരിക്കുമ്പോൾ ഞാൻ ആലോചിച്ചു. സുധിയുടെ വീട്ടുകാർ മിനിയുടെ വീട്ടിൽ വരുമ്പോൾ, ആണുങ്ങൾ എല്ലാവരും ഒരിടത്ത് ഇരിക്കുക... പെണ്ണുങ്ങൾ മറ്റൊരിടത്ത് ഇരിക്കുക... മിനി കുടിക്കാൻ കൊണ്ടു വന്നു കൊടുക്കുക...അമ്മമാർക്ക് അങ്ങോട്ടുമിങ്ങോട്ടും താരതമ്യം ചെയ്യാൻ അവസരം ഉണ്ടാക്കുക. അങ്ങനെയാണ് ആ രംഗം ഉണ്ടാകുന്നത്. ഷൂട്ടിങ് തുടങ്ങി കുറെ ദിവസങ്ങൾക്ക് ശേഷമാണ് ഞാൻ ഇതെഴുതുന്നത്. ക്ലൈമാക്സ് എഴുതാനുള്ള മുഴുവൻ ആത്മവിശ്വാസവും എനിക്ക് തന്നത് ആ പൂമുഖത്തിന്റെ ആകൃതിയായിരുന്നു. 

ശ്രീവിദ്യയും കെപിഎസി ലളിതയും

ശ്രീവിദ്യയാണെങ്കിലും ലളിത ചേച്ചി ആണെങ്കിലും തിലകൻ ചേട്ടൻ ആണെങ്കിലും പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല. അവർക്ക് അത് ചെയ്യാൻ പറ്റും. അതുകൊണ്ടാണല്ലോ പുതുമുഖങ്ങളെ വച്ച് പടം ചെയ്യുമ്പോൾ ഈ അമ്മമാരെ കാസ്റ്റ് ചെയ്യുന്നതിന് കാരണം. നമ്മൾ എന്ത് ഉദ്ദേശിക്കുന്നുവോ അതിന്റെ മൂന്നിരട്ടിയായി അവർ ഇങ്ങോട്ടു തരും. അവർ ആയതുകൊണ്ടാണ് ആ ക്ലൈമാക്സ് അത്രയും വിജയിച്ചത് എന്നത് യാഥാർത്ഥ്യമാണ്. പക്ഷേ, അതിന് പിന്നിൽ വീടിന്റെ ജ്യോഗ്രഫി നിർണായക പങ്കു വഹിച്ചിട്ടുണ്ട്. തിരക്കഥയുമായി ചേർന്നുപോകുന്ന രീതിയിലാണ് അതു വർക്ക് ഔട്ട് ആയത്.

ക്ലൈമാക്സിൽ 'എന്റെ മോളല്ലേ, ഇങ്ങു തന്നേര്,' എന്നു പറയുന്നതിന് മുൻപ് ശ്രീവിദ്യയും ലളിത ചേച്ചിയും ഉണ്ടാക്കിയെടുക്കുന്ന ബിൽഡ് അപ്സ് ഉണ്ട്. അതായിരുന്നു ആ ക്ലൈമാക്സിന്റെ കരുത്ത്. പ്രേക്ഷകർ കണ്ടുകൊണ്ടിരിക്കുകയാണ് ഈ അമ്മമാർ മക്കളെ താരതമ്യം ചെയ്യുന്നതും പഠിക്കുന്നതും, പിന്നെ അവരുടെ വിഷമവും. അവസാനം അവളോടു യാത്ര പോലും പറയാതെ ആ പയ്യന്റെ അമ്മ പോകാൻ നോക്കുമ്പോൾ പെണ്ണിന്റെ അമ്മ പറയും, 'എന്റെ മോളോട് ഒന്ന് മിണ്ടിപോലുമില്ലല്ലോ? അവളുടെ കല്യാണമല്ലേ... ഒന്ന് അനുഗ്രഹിച്ചിട്ട് പൊയ്ക്കൂടെ' എന്ന്. വളരെ മടിയോടു കൂടിയാണ് പയ്യന്റെ അമ്മ അവളുടെ അടുത്തേക്ക് പോകുന്നത്. കൈവച്ച് അനുഹ്രഹിക്കാൻ പോയപ്പോൾ അവർ പൊട്ടിക്കരയുകയാണ്. 'എന്തു പറഞ്ഞാ അനുഗ്രഹിക്കണ്ടേ'യെന്ന് ചോദിച്ച്! ആ ഡയലോഗിന് കരുത്ത് പകരുന്നത് അതിനു മുൻപിലെ ബിൽഡ് അപ്സ് ആണ്. 

കന്നഡയിലും ഹിന്ദിയിലും ക്ലൈമാക്സ് വിജയിച്ചില്ല, കാരണം 

അനിയത്തിപ്രാവിന്റെ ക്ലൈമാക്സ് മലയാളത്തിൽ എടുത്തത് വിജയമായിരുന്നു. തമിഴിൽ എടുത്തത് അതിനേക്കാൾ വിജയകരമായി. കന്നഡയിലും ഹിന്ദിയിലും ഈ പടം വിജയിച്ചില്ല. അതിന് കാരണം, അനിയത്തിപ്രാവിന്റെ ക്ലൈമാക്സിന് ഒരു ജ്യോഗ്രഫി ഉണ്ടായിരുന്നു. ആ വീടിന്റെ ജ്യോഗ്രഫി. അത് കന്നഡയിലും ഹിന്ദിയിലും നഷ്ടമായി.

ആ അമ്മമാരുടെ നോട്ടവും ശരീരഭാഷയുമൊക്കെ ആ വീടിന്റെ ജ്യോഗ്രഫിയിൽ നിന്നാണ് എനിക്ക് കിട്ടിയത്. ഇതേ ഡയലോഗ് തന്നെയായിരിക്കും തമിഴിലും കന്നഡയിലും ഹിന്ദിയിലും ഉപയോഗിച്ചിരിക്കുക. പക്ഷേ, അതിന് പഞ്ച് കിട്ടാതെ പോയത് ആ ജ്യോഗ്രഫി ഇല്ലാതെ പോയതുകൊണ്ടാണ്. 

ഔസേപ്പച്ചന് വിട്ടു കൊടുത്തു

പശ്ചാത്തലസംഗീതം ഞാൻ ഔസേപ്പച്ചന് അങ്ങു വിട്ടു കൊടുത്തു. അത് നന്നായി ഔസേപ്പച്ചൻ ചെയ്തു. ക്ലൈമാക്സിൽ ശ്രീവിദ്യയുടെ ഡയലോഗ് കഴിഞ്ഞിട്ട് ഉടനെ തന്നെ ഔസേപ്പച്ചൻ ഒരു ബിജിഎം ഇട്ടിട്ടുണ്ട്. നാദസ്വരത്തിന്റെ ഒരു പീസ്. കെ.പി.എ.സി. ലളിതയുടെ മറുപടി വരുന്നതു വരെ കാത്തു നിൽക്കുന്നില്ല. അതിനു മുൻപേ നാദസ്വരം എടുത്ത് കാച്ചി. ഒരു കല്യാണമേളം ഇട്ടു. അത് ഗംഭീരമായിരുന്നു. അതുണ്ടാക്കിയ ഫീൽ പ്രേക്ഷകരുടെ ഹൃദയത്തെ തൊട്ടു.