ഇവിടെയുണ്ട് അയാള്‍, എം എന്‍ കാര്‍ത്തികേയന്‍ !

‘കള്ളക്കടത്തിന്‍റെ കഥയല്ല, കള്ളം കടത്തുന്ന കഥയാണ്’ - ലോഹം എന്ന സിനിമയുടെ പോസ്റ്ററില്‍ കണ്ട ടാഗാണ് ഇത്. ലോഹം കള്ളക്കടത്തിന്‍റെ കഥയല്ല പറയുന്നതെങ്കിലും ആ ചിത്രത്തിലെ നായകകഥാപാത്രമായ രാജു ഒരു കള്ളക്കടത്തുകാരനാണെന്നാണ് ലഭിക്കുന്ന സൂചനകള്‍. മോഹന്‍ലാല്‍ കള്ളക്കടത്തുകാരനെ അവതരിപ്പിക്കുന്നത് ഇതാദ്യമൊന്നുമല്ല. വിഖ്യാതനായ സാഗര്‍ എലിയാസ് ജാക്കിയെ മറികടക്കുന്ന ഒരു കള്ളക്കടത്തുകാരന്‍ മലയാള സിനിമയില്‍ ആരുണ്ട്!

എന്നാല്‍ രഞ്ജിത്തിന്‍റെ തന്നെ സൃഷ്ടിയായ മറ്റൊരു ആണ്‍‌കുട്ടിയെ ഇപ്പോള്‍ ഓര്‍മ്മവരുന്നു. ആള്‍‌ടെ പേര് കാര്‍ത്തികേയന്‍ എന്നാണ്. എം എന്‍ കാര്‍ത്തികേയന്(എം എന്‍ നമ്പ്യാരല്ല), മംഗലശ്ശേരി നീലകണ്ഠന്‍റെ മകന്‍. കക്ഷിയുടെയും ജീവിതത്തിന്‍റെ ഒരു ഘട്ടം സ്മഗ്ലിംഗിന്‍റേതാണ്.   “കോളജില്‍നിന്നിറങ്ങി പിന്നെ... പെട്ടെന്നങ്ങ് ബിസിയായി... സ്മഗ്ലിംഗായിരുന്നു.... സ്പിരിറ്റ്... കുഴല്‍പ്പണം... ചന്ദനത്തൈലം... അങ്ങനെയോരോന്ന്...” എന്ന് എസ്‌പി ശ്രീനിവാസന്‍റെ മുഖത്തുനോക്കി കാച്ചുന്നുണ്ട് നടുറോഡില്‍ വച്ച് ഒരിക്കല്‍ കാര്‍ത്തികേയന്‍. മോഹന്‍ലാല്‍ ആദ്യം അധോലോകത്തിന്‍റെ രാജകുമാരനായത് രാജാവിന്‍റെ മകനിലാണ്. ഇരുപതാം നൂറ്റാണ്ടില്‍ സ്മഗ്‌ളിംഗ് അടുത്ത ഘട്ടത്തിലേക്ക് കടന്നു. പക്ഷേ, വിന്‍‌സെന്‍റ് ഗോമസിനെക്കാളും ജാക്കിയെക്കാളും സ്റ്റൈലിഷാണ്, ഷോമാനാണ് കാര്‍ത്തികേയന്‍. അയാള്‍ അധോലോകത്തെ അത്ര മോശമായൊന്നും കാണാത്തയാളാണ്. ജയിക്കാന്‍ വേണ്ടി മാത്രം കളിക്കുന്ന കളികളാണ് അയാളുടേത്.

“അണ്ടര്‍വേ‌ള്‍ഡ്... അതൊരു പഴയ പ്രയോഗമല്ലേ... ഇന്നതാണ് വേള്‍ഡ്” - എന്നാണ് നീലകണ്ഠന്‍റെ മകന്‍റെ പക്ഷം. കൊള്ളയും കൊള്ളരുതാഴികയും സ്റ്റാറ്റസ് സിംബലാക്കി കൊണ്ടുനടക്കുന്നവരുടെ കാലത്ത് അവരോടൊക്കെ അടിച്ചടിച്ച് നില്‍ക്കണമെങ്കില്‍ അഹിംസാവാദം നെഞ്ചത്തൊട്ടിച്ച് നടന്നാല്‍ കഴിയില്ലെന്ന് അയാള്‍ക്കറിയാം. അതുകൊണ്ടാണ് കാര്‍ത്തികേയന്‍ റിബലായത്. പണമുണ്ടാക്കാനിറങ്ങിയത്. പണത്തിനുമീതേ പറക്കുന്ന പരുന്തിനെയൊന്നും ഈ ജന്‍‌മം കാണാനാകില്ലെന്ന് കാര്‍ത്തികേയനറിയാം. അഥവാ അങ്ങനെയൊരു പരുന്തുണ്ടെങ്കില്‍ അതിന്‍റെ ചിറകരിയാനുള്ള വഴികളുമറിയാം.

വഴിമാറിനടന്ന രഞ്ജിത് വീണ്ടും കൊമേഴ്സ്യല്‍ മുഖമുള്ള ഒരു സിനിമയുമായി വരുന്നു എന്നാണ് ‘ലോഹ’ത്തേക്കുറിച്ച് കേട്ടത്. അങ്ങനെയാണെങ്കില്‍, അത് കാര്‍ത്തികേയന്‍ നിര്‍ത്തിയ ഇടത്തുനിന്നുള്ള ഒരു തുടക്കമായിരിക്കും. രാജു എന്ന കഥാപാത്രം ഒരു പക്ഷേ കാര്‍ത്തികേയന്‍റെ എക്‍സ്റ്റന്‍‌ഷനാവാം. അയാളും കാര്‍ത്തികേയന്‍ സഞ്ചരിച്ച വഴികളിലൂടെയൊക്കെ സഞ്ചരിക്കുന്നുണ്ടാകാം.

മനസിലാക്കിയിടത്തോളം ലോഹത്തിലെ രാജു ഒരു ടാക്സി ഡ്രൈവറാണ്. സ്വര്‍ണക്കടത്തിന്‍റെ കഥയായിരിക്കാം രഞ്ജിത്ത് ഇത്തവണ പറയുന്നതെന്നും ആദ്യസൂചനകളില്‍നിന്ന് ഊഹിക്കാം. എങ്കില്‍, രാജുവിന് ഒരുപാട് സഞ്ചരിക്കാനുണ്ട് കാര്‍ത്തികേയനടുത്തേക്കെത്തുവാന്‍. ഒരുപക്ഷേ, ഇന്നത്തെ കാര്‍ത്തികേയന്‍ എങ്ങനെയുണ്ടായി എന്നതിന്‍റെ ഡീറ്റയില്‍‌ഡായിട്ടുള്ള ചിത്രീകരണമാവുമോ ലോഹം? ഇന്നത്തെ കാര്‍ത്തികേയന്‍... കാര്‍ത്തികേയന്‍ മുതലാളിയാണ്. മംഗലശ്ശേരി റോഡ്‌വെയ്സ്... മംഗലശ്ശേരി എക്സ്‌പോര്‍ട്ടേഴ്സ്... മംഗലശ്ശേരി ഡിസ്റ്റിലറീസ്... അങ്ങനെ നിമിഷം തോറും വളരുന്ന ബിസിനസ് എം‌പയര്‍.

അയാള്‍ക്ക് ഒരു ഭൂതകാലമുണ്ട്. പണമുണ്ടാക്കാന്‍, നിധിയൊളിഞ്ഞിരിക്കുന്ന ദ്വീപുകള്‍ തേടി വര്‍ഷങ്ങള്‍ക്കുമുമ്പ് അയാള്‍ കലങ്ങിക്കറുത്ത കടലിലൂടെ ഒരുപാട് യാത്ര ചെയ്തിട്ടുണ്ട്. എതിരാളികള്‍ പലതവണ അയാളുടെ കണ്ണുകള്‍ക്കുനേരെ ചൂണ്ടക്കൊളുത്തെറിഞ്ഞിട്ടുമുണ്ട്. ഒഴിഞ്ഞുമാറി അവരുടെയൊക്കെ കൊരവള്ളിക്ക് കൈചുറ്റിമുറുക്കിയിട്ട് കൊല്ലാതെ വിട്ടിട്ടുമുണ്ട്. അങ്ങനെ കൊണ്ടും കൊടുത്തും കെട്ടിപ്പടുത്ത ഒരു ബിസിനസ് സാമ്രാജ്യത്തിന്‍റെ അധിപനാണ് മംഗലശ്ശേരി നീലകണ്ഠന്‍ കാര്‍ത്തികേയന്‍.

ലോഹം ഒരു അധോലോക കഥയാണെങ്കില്‍, മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന രാജു ഒരു സ്മഗ്ലറാണെങ്കില്‍, രഞ്ജിത്തിന്‍റെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി കാര്‍ത്തികേയന്‍ തന്നെയാണ്. കോടികള്‍ വാരുന്ന ബോക്സോഫീസ് സമവാക്യങ്ങളില്‍ കാര്‍ത്തികേയനെ, അല്ലെങ്കില്‍ രാവണപ്രഭുവിനെ മറികടക്കുന്നൊരു സൃഷ്ടി എന്നത് അത്ര ഈസിയായൊരു കാര്യമല്ല. കാഴ്ചക്കാരന് പിടിക്കണമെങ്കില്‍ പുതിയ നായകന് കാര്‍ത്തികേയന്‍റത്ര ചങ്കുറപ്പുണ്ടാകണം. ഏത് കൊമ്പന്‍റെയും കണ്ണില്‍നോക്കി നാല് വര്‍ത്തമാനം പറയാനുള്ള തന്‍റേടമുണ്ടാകണം. ശേഖരന്‍ നമ്പ്യാരുടെ തുക്കണാച്ചി ബാങ്കില്‍ പോയി പരാതി ബോധിപ്പിക്കാതെ, ശത്രുപാളയമായ മുണ്ടയ്ക്കല്‍ തറവാടിന്‍റെ നടുമുറ്റത്ത് നെഞ്ചുവിരിച്ചുനിന്ന് വെല്ലുവിളിയുയര്‍ത്തിയ ആണത്തമുണ്ടാകണം. വീട്ടില്‍ കയറിവന്ന് പെണ്ണുചോദിച്ച കാര്‍ത്തികേയന്‍റെ കഴുത്തില്‍ കുത്തിപ്പിടിച്ച ശേഖരന്‍റെ കൈ തട്ടിമാറ്റി കാര്‍ത്തികേയന്‍ പറയുന്നൊരു ഡയലോഗുണ്ട് - “പിറന്നുവീണ നാള്‍മുതല്‍ അച്ഛന്‍റെ ശത്രുവെന്ന് ലോകം മുഴുവന്‍ പാടിക്കേട്ട പേരിനോടൊരു ബഹുമാനം. അല്ലെങ്കില്‍ എന്‍റെ മാറില്‍ വീണ കൈ വന്നരൂപത്തില്‍ തിരിച്ചയച്ചിട്ടില്ല ഏതവന്‍റെയായാലും” - നീലകണ്ഠന്‍റെ മകന്‍ ഇങ്ങനെതന്നെയാവണമെന്ന് ആരും ആഗ്രഹിക്കും.

“ന്യായം എന്‍റെ പക്ഷത്താണ്. അതുകൊണ്ട് ജയവും എനിക്കുതന്നെയാകും...ആകണം” എന്ന് നിര്‍ബന്ധം പിടിക്കുന്ന റിയല്‍ ഹീറോയാണ് കാര്‍ത്തികേയന്‍. പക്ഷേ, ന്യായത്തിന്‍റെ അളവുകോലുകള്‍ അയാള്‍ നിശ്ചയിക്കുന്നതാണ്. ജാനകിയെ കടത്തിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിക്കുമ്പോഴും അയാളിലെ രാവണന് ഒരു ന്യായമുണ്ട്. അതാണ് പുതിയ കാലത്തിന്‍റെ കളി. അത് ശരിക്കും അറിഞ്ഞുകളിക്കുന്നവനാണ് കാര്‍ത്തി. മാര്‍ഗമല്ല ലക്‍ഷ്യമാണ് പ്രധാനമെന്ന് എന്നും വിശ്വസിച്ചു കാര്‍ത്തികേയന്‍. അതിനുവേണ്ടി തറവേലകള്‍ കാണിക്കേണ്ടിവന്നാല്‍ അതിനും റെഡിയാണ് മംഗലശ്ശേരിയുടെ യുവരാജാവ്. ജാനകിയെ തട്ടിക്കൊണ്ടുപോയത് ചോദിക്കാന്‍ വന്ന എസ് പി ശ്രീനിവാസനോട് “കഥയില്‍ താന്‍ നായികയുടെ ഭാവി ഭര്‍ത്താവായ സുമുഖ സുന്ദരനായ നായകന്‍... ഞാന്‍ വില്ലന്‍... തറവേല എക്സ്പെക്ട് ചെയ്യണം...” എന്ന് പറയുന്നുണ്ട് കാര്‍ത്തികേയന്‍. ഇക്കാലത്ത് പെഴച്ചുപോകണമെങ്കില്‍ ഇത്തിരി നമ്പര്‍ കയ്യില്‍ വേണമെന്ന ചിന്താഗതിയാണ് കാര്‍ത്തിയെ നയിക്കുന്നത്. അയാളോട് മുട്ടാന്‍ മുണ്ടയ്ക്കല്‍ രാജേന്ദ്രനോ ശേഖരനോ പോരാ. അയാള്‍ ഈരിഴത്തോര്‍ത്തില്‍ കുടുങ്ങുന്ന പരല്‍‌മീനല്ല, ഒന്നാന്തരം സ്രാവാണ്. ജയിക്കുന്നതും വിധിക്കുന്നതും അയാളാണ്.   “എന്‍റെ ഞരമ്പിലൂടെയോടുന്ന രക്തത്തിന്‍റെ ശുദ്ധിയില്‍ എനിക്ക് സംശയമില്ലാത്തിടത്തോളം ഞാന്‍ ആഗ്രഹിക്കുന്നതെനിക്ക് കിട്ടും...വാങ്ങും ഞാന്‍... കൊടുക്കേണ്ടിവരുന്നത് പണമോ പൊന്നോ ഈ നില്‍ക്കുന്നതിലൊരുത്തന്‍റെ പ്രാണനായാലും കൊടുക്കേണ്ടിടത്ത് കൊടുത്തിട്ട് വാങ്ങിയിരിക്കും ഞാന്‍” - ഇതാണ് എം എന്‍ കാര്‍ത്തികേയന്‍റെ ലൈന്‍. എതിര്‍ക്കാനുണ്ട്? ഒരുനാഴി മണ്ണിന് ഒരുലക്ഷം രൂപ വിലയിട്ടാലും അത് വാങ്ങാന്‍ കെല്‍പ്പുള്ളവന്‍. മലയാളികളുടെ ഹൃദയത്തില്‍ ഹീറോയിസത്തിന്‍റെ ഉന്നതശിഖരത്തിലാണ് കാര്‍ത്തികേയന്‍റെ സ്ഥാനം. അതിനെ മറികടക്കണമെങ്കില്‍, അത് ചില്ലറക്കളിയല്ല.

രാവണപ്രഭു ആരാധകരുടെ രക്തത്തെ ചൂടുപിടിപ്പിക്കുന്നതുകണ്ട് ലഹരികയറിയ പലരും അതേപോലെയുള്ള കഥാപാത്രങ്ങളെ സൃഷ്ടിക്കാന്‍ വിഫലശ്രമം നടത്തുകയും അതെല്ലാം ഉള്‍ക്കരുത്തില്ലാത്ത ബൊമ്മക്കൂട്ടങ്ങളായി നിലം‌പതിക്കുകയും ചെയ്യുന്നത് നമ്മള്‍ കണ്ടു. നീലകണ്ഠനെയോ കാര്‍ത്തികേയനെയോ വെല്ലുന്ന ഒരാണ്‍‌കഥാപാത്രമാകാന്‍ യോഗമില്ലാതെ ബോക്സോഫീസില്‍ നടുതളര്‍ന്ന് ചതഞ്ഞുവീഴാനായിരുന്നു അവരുടെ വിധി. സ്വര്‍ണവും പണവും ലഹരിയുമൊഴുകുന്ന ഹൈവേകളില്‍ ഡ്യൂട്ടിക്കിറങ്ങവേ അത്തരം കഥാപാത്രങ്ങളുമായി കാര്‍ത്തികേയന്‍ ആശയവിനിമയം നടത്തുന്നുണ്ടാവാം - "ചെന്നിനായകവും മുട്ടേടെ വെള്ളേം ചില്ലറ കിടുപിടി നാട്ടുമരുന്നുകളുമൊക്കെ ചേര്‍ത്ത് ഒരു സവാരിഗിരിഗിരിയുണ്ട്. ചതവിന്‌ ബെസ്റ്റാ...."