‘വീരപാണ്ഡ്യ കട്ടബൊമ്മന്‍’ ഓര്‍മയായിട്ട് 14 വര്‍ഷം

ശിവാജി ഗണേശന്‍

തെന്നിന്ത്യയിലെ നടനതിലകം ശിവാജി ഗണേശന്‍ ഓര്‍മയായിട്ട് 14 വര്‍ഷം. 2001 ജൂലൈ 21നാണ് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞത്. 50 കളില്‍ ശിവാജി രാജാവിന്റെ റോളില്‍ അവിസ്മരണീയമായ അഭിനയം കാഴ്ചവച്ചതോടെയാണ് ഗണേശന് 'ശിവാജി' എന്ന വിശേഷണം പേരിന് മുന്നില്‍ ചാര്‍ത്തിക്കിട്ടിയത്. നാടകത്തില്‍ സ്ത്രീവേഷം കെട്ടിക്കൊണ്ടാണ് ശിവാജി ഗണേശന്‍ അഭിനയരംഗത്തേക്ക് കടക്കുന്നത്. വിഴിപുരം സ്വദേശിയായ വി.സി. ഗണേശന് 'ശിവാജി' എന്ന പേര് സമ്മാനിച്ചത് സാമൂഹിക പരിഷ്‌കര്‍ത്താവായ ഇ.വി.ആര്‍. പെരിയാറായിരുന്നു. മുന്‍ തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധി തിരക്കഥയെഴുതിയ 'പരാശക്തി' എന്ന സിനിമയിലൂടെയാണ് ശിവാജി ഗണേശന്‍ സിനിമാരംഗത്തേക്ക് കടന്നത്.

300 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴത്തെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയും ശിവാജി ഗണേശന്റെ നായികമാരില്‍ ഒരാളായിരുന്നു. 1966ല്‍ പത്മശ്രീ പുരസ്കാരം അദ്ദേഹത്തെ തേടിവന്നു. 1988ല്‍ പത്മഭൂഷണും ലഭിച്ചു. ശിവാജി അവസാനമായി അഭിനയിച്ചത് രാജാ കുമാരന്‍ എന്ന തമിഴ്സിനിമയിലാണ്.

വീരപാണ്ഡ്യ കട്ടബൊമ്മന്‍ എന്ന കഥാപാത്രത്തെയാണ് ഇന്നും ആരാധകര്‍ ശിവാജിയുടെ കഥാപാത്രങ്ങളില്‍ മുഖ്യമായി കാണുന്നത്. കപ്പലോട്ടിയ തമിഴന്‍, പാശമലര്‍, തില്ലാന മോഹനാംബാള്‍, രാജാപാര്‍ട്ട് രംഗദുരൈ, ദൈവമകന്‍ എന്നിവയാണ് പ്രധാനപ്പെട്ട ചിത്രങ്ങള്‍. അദ്ദേഹത്തിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൊന്നായ 'നവരാത്രി'യില്‍ ഒമ്പത് വ്യത്യസ്ത വേഷങ്ങളിലഭിനയിച്ച് പ്രേക്ഷപ്രശംസ നേടി. യാത്രാമൊഴിയും തച്ചോളി അമ്പുവുമാണ് മലയാള സിനിമകള്‍.

1996 ല്‍ ദാദാ സാഹിബ് ഫാല്‍ക്കേ അവാര്‍ഡ് ലഭിച്ച അദ്ദേഹത്തിന് 1960 ലെ കെയ്‌റോ ആഫ്രോ-ഏഷ്യന്‍ ചലച്ചിത്രോത്സവത്തില്‍ മികച്ച നടനുള്ള അവാര്‍ഡും ലഭിച്ചിരുന്നു. മകന്‍ പ്രഭു തമിഴിലെ അറിയപ്പെടുന്ന നടനാണ്.