അഖില ഉലക സൂപ്പർസ്റ്റാർ ശിവ; പടം മാസെന്ന് ആരാധകർ

തമിഴിലെ ഏറ്റവും മികച്ച സ്പൂഫ് സിനിമകളിലൊന്നായ ‘തമിഴ്പട’ത്തിന്റെ രണ്ടാം ഭാഗത്തിന് മികച്ച വരവേല്‍പ്പ്. അജിത്ത്, വിജയ്, സൂര്യ തുടങ്ങി തമിഴിലെ സൂപ്പര്‍താരങ്ങളെയെല്ലാം പരിഹസിച്ചുകൊണ്ടാണ് സിനിമയുടെ വരവ്. 

തമിഴ്‌നാട്ടിലെ രാഷ്ട്രീയം, ബിഗ്‌ബോസ്, ഗെയിം ഓഫ് ത്രോണ്‍സ്, കമല്‍ഹാസന്റെ രാഷ്ട്രീയ പ്രവേശനം എന്നിങ്ങനെ നിരവധി സംഭവങ്ങളെയാണ് തമാശ രൂപത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരാളെയും മാറ്റി നിര്‍ത്താതെ കളിയാക്കിയിട്ടുണ്ടെന്ന് സിനിമ കണ്ടവര്‍ പറയുന്നു. സിനിമയുടെ അവസാനം വരെ ചിരിക്കാമെന്നും ഉറപ്പ് നല്‍കുന്നുണ്ട്.

സൂപ്പർസ്റ്റാർ ചിത്രങ്ങളെപ്പോലെ തന്നെ അതിരാവിലെ ഫാൻസ് ഷോ സംഘടിപ്പിച്ചിട്ടുണ്ട്. ശിവയെ പോലെ ഒരു താരത്തിന് സ്വപ്നം കാണാവുന്നതിലും വേഗത്തിലാണ് ടിക്കറ്റുകൾ വിറ്റ് പോകുന്നത്. കേരളത്തിൽ ചിത്രം ജൂലൈ 20നാണ് പ്രദർശനത്തിനെത്തുക. 

സിഎസ് അമുദൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശിവയാണ് നായകൻ. ദിഷ പാണ്ഡെ, ഐശ്വര്യ മേനോൻ, സതീഷ്, മനോബാല, കസ്തൂതി എന്നിവരും മറ്റുതാരങ്ങളാണ്. 

കെ. ചന്ദ്രുവാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. എൻ. കണ്ണനാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ഗോപി അമർനാഥ്. ടി. എസ് സുരേഷാണ് എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത്.