‘ഈ പിറന്നാളിന് ആഘോഷം വേണ്ട’; കേരളത്തിനും നോവായി നന്ദമുരിയുടെ കത്ത്

‘എന്റെ പിറന്നാളിന് ഇക്കുറി പൂച്ചെണ്ടുകളും പുഷ്പഹാരവും ആഘോഷങ്ങളും വേണ്ട, അതിനായി മാറ്റിവെച്ച പണം പ്രളയദുരിതത്തിൽ വലയുന്ന കേരളത്തിന് നൽകൂ, ഒപ്പം ആന്ധ്രയിലെ മഴക്കെടുതിയിൽ വലയുന്ന മേഖലകൾക്കും സഹായം എത്തിക്കൂ...’ വിങ്ങലായി നന്ദമുരി ഹരികൃഷ്ണ ആരാധകർക്ക് അവസാനമായി എഴുതിയ ഈ കത്ത്. സെപ്തംബർ രണ്ടിനാണ് അദ്ദേഹത്തിന്റെ 62–ാം പിറന്നാൾ. ആരാധകർ പിറന്നാൾ ആഘോഷമാക്കാനുള്ള ആലോചനയിലായിരുന്നു. ഇതിനിടയിലാണ് വാഹനാപകടത്തിൽ പ്രിയതാരം മരണമടയുന്നത്.

തെലുങ്ക് രാഷ്ട്രീയ സിനിമ മേഖലകളിൽ സജീവമായ നന്ദമുരി ഹരികൃഷ്ണയുടെ മരണത്തിന്റെ ഞെട്ടലിലാണ് തെലുങ്കാന മുഴുവന്‍. ഹരികൃഷ്ണ എന്നും ആരാധകരുമായി ഊഷ്മള ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. സിനിമാതാരവും രാഷ്ട്രീയ നേതാവുമായിരുന്ന അദ്ദേഹം ഒരു ആരാധകന്‍റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടയിലായിരുന്നു അപകടമുണ്ടായത്. ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍.ടി രാമറാവുവിന്റെ മകനും തെലുങ്കുദേശം പാര്‍ട്ടി നേതാവുമാണ് നന്ദാമുരി ഹരികൃഷ്ണ. 

തെലങ്കാനയിലെ നൽഗൊണ്ടയിൽ ഇന്ന് രാവിലെയായിരുന്നു അപകടം. അമിത വേഗതയിൽ എത്തിയ കാർ ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഹരികൃഷ്ണയെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. നടനും മുന്‍ എംപിയുമായ ഹരികൃഷ്ണ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഭാര്യാ സഹോദരനുമാണ്. പ്രമുഖ നടന്‍മാരായ ജൂനിയര്‍ എന്‍ടിആര്‍, നന്ദമുരി കല്യാണ്‍ റാം എന്നിവരാണ് മക്കള്‍.