Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിജയ് ദേഷ്യപ്പെട്ട് മേശയില്‍ ആഞ്ഞടിച്ചു: സഞ്ജീവ് തുറന്നുപറയുന്നു

sanjeev-vijay

തമിഴ് നടന്‍ വിജയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളാണ് പ്രശസ്ത ടെലിവിഷന്‍ അവതാരകനും നടനുമായ സഞ്ജീവ്. പൊതുവെ ശാന്ത സ്വഭാവമുള്ള വിജയ്‍യെ ഒരിക്കല്‍ താന്‍ വല്ലാതെ പ്രകോപിപ്പിച്ചുവെന്നും തുടര്‍ന്ന് അതൊരു വലിയ വഴക്കില്‍ ചെന്നു കലാശിച്ചുവെന്നും തുറന്ന് പറയുകയാണ് സഞ്ജീവ്.

Actor Sanjeev Reveals

‘വഴക്കിന് പിന്നിലുള്ള യഥാർത്ഥ കാരണം എന്താണെന്ന് പറയാന്‍ സാധിക്കില്ല. പക്ഷേ അന്നുനടന്ന സംഭവം പറയാം. ഞാനും വിജയ്‌യും സുഹൃത്തുക്കളും ഒരിക്കല്‍ ഒരു ഡിന്നറിന് ഒത്തുകൂടി. സംസാരിക്കുന്നതിനിടയില്‍ ഞങ്ങൾ രണ്ടുപേരും തമ്മില്‍ ഒരു കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടയി. കുറച്ചു കഴിഞ്ഞപ്പോള്‍ കളി കാര്യമായി. വിജയ്‍യെ പൂര്‍ണമായി മനസ്സിലാക്കാതെ ഞാന്‍ പറഞ്ഞ ചില കാര്യങ്ങള്‍ അദ്ദേഹത്തെ വല്ലാതെ പ്രകോപിപ്പിച്ചു. അവസാനം അതൊരു വലിയ വഴക്കിലാണ് അവസാനിച്ചത്.

‘എന്റെ ചില വാക്കുകള്‍ പരിധി കടന്നപ്പോള്‍ വിജയ് മേശയില്‍ ആഞ്ഞടിച്ച് അവിടെ നിന്ന് എഴുന്നേറ്റു പോയി. ആറു മാസത്തോളം ഞങ്ങള്‍ പരസ്പരം സംസാരിച്ചില്ല. സാധാരണ വിജയ് ദേഷ്യപ്പെട്ടാല്‍ ഒരിക്കലും ബഹളമുണ്ടാക്കുകയില്ല. പക്ഷേ അദ്ദേഹത്തിന്റെ ആ മൗനം എന്നെ കൊല്ലുന്നതിന് തുല്യമായിരുന്നു.’

‘ഞാനായിരുന്നു ആ തെറ്റ് ചെയ്തത്. പിന്നീട് അതു മനസ്സിലാക്കിയപ്പോള്‍ വിഷമമായി. മറ്റൊരാളുടെ വ്യക്തിപരമായ കാര്യത്തില്‍ ഞാനിനി ഇടപെടുകയില്ലെന്ന് അതോടെ ഉറപ്പിച്ചു. ഒരിക്കല്‍ ഒരു പൊതുവേദിയില്‍ ഞാന്‍ ഈ കാര്യം പറയുകയും വി‍ജയ്‌യോട് മാപ്പ് ചോദിക്കുകയും ചെയ്തു. അന്ന് വിജയ് എന്നെ വിളിച്ചു. എന്തിനാണ് പരസ്യമായി മാപ്പ് പറഞ്ഞതെന്ന് ചോദിച്ചു. അദ്ദേഹത്തിന് അധികകാലം ദേഷ്യം വച്ചു പുലര്‍ത്താന്‍ കഴിയില്ലെന്ന് എനിക്ക് അറിയാം’ സഞ്ജീവ് പറഞ്ഞു.

വിജയ്‍യുടെ തുടക്കാകാലത്തെ മറക്കാനാകാത്തൊരു സംഭവം കൂടി സഞ്ജീവ് പറയുകയുണ്ടായി. ‘വിജയ്‌യുടെ അച്ഛൻ സംവിധാനം ചെയ്ത നാളയ തീർപു എന്ന ചിത്രത്തിലൂടെയാണ് 1992ൽ അദ്ദേഹം തമിഴകത്തേക്ക് ചുവടുവെയ്ക്കുന്നത്. വിജയ്‌യ്ക്ക് 20 വയസ്സ് മാത്രമാണ് പ്രായം. ഒരു പ്രമുഖതമിഴ് മാസിക അന്ന് വിജയ്‌യുടെ അഭിനയവും സൗന്ദര്യവും വിമർശിച്ച് എഴുതുകയുണ്ടായി’.

‘ആ മാസിക വായിച്ചപ്പോൾ വിജയ് ഒരുപാട് വിഷമിച്ചു. ആ രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞു. അതൊരു ക്രിസ്മസ്, ന്യൂഇയർ ദിവസത്തിലാണെന്നാണ് എന്റെ ഓർമ. 20 വയസ്സു പ്രായമുള്ള ഒരാളെ ഇതുപോലെ വിമർശിക്കുമ്പോൾ ആരാണെങ്കിലും തളർന്നുപോകും. എന്നാൽ ഇന്ന് വിമർശനങ്ങളെ വിജയ് നേരിടുന്നത് നേരെ തിരിച്ചാണ്. പക്ഷേ ആ സംഭവം അദ്ദേഹത്തിൽ നിരവധി തിരിച്ചറിവുകളുണ്ടാക്കി. അതേ മാസിക തന്നെ വർഷങ്ങൾക്കുള്ളിൽ വിജയ്‌യെ പ്രകീർത്തിച്ച് കവർസ്റ്റോറി തന്നെ എഴുതി.’–സഞ്ജീവ് പറഞ്ഞു.