മീ ടു പരാതിയിൽ ശ്രുതി വിവാഹിതയെന്ന് വെളിപ്പെടുത്തൽ

നടന്‍ അര്‍ജുനെതിരെ ശ്രുതി ഹരിഹരന്‍ നല്‍കിയ പരാതിയില്‍, വ്യക്തി വിവരങ്ങള്‍ നല്‍കിയതില്‍ വിവാഹിത എന്ന് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഈ വാര്‍ത്ത തെന്നിന്ത്യൻ ഇൻഡസ്ട്രിയെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണ്.

ശ്രുതി വിവാഹിതയാണെന്ന വിവരം പുറം ലോകം അറിഞ്ഞിരുന്നില്ല.  സാമൂഹിക മാധ്യമങ്ങളില്‍ ഇതു സംബന്ധിച്ച് മുന്‍പ്‌ പ്രചരണം ഉണ്ടായിരുന്നുവെങ്കിലും അതെല്ലാം നിരസിച്ച് നടി രംഗത്ത് വന്നിരുന്നു. വാര്‍ത്തകളില്‍ സത്യമില്ലെന്നും താന്‍ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അത് എല്ലാവരോടും തുറന്ന് പറയുമെന്നും അന്ന് ശ്രുതി വ്യക്തമാക്കിയിരുന്നു.

അര്‍ജുനെതിരെ നല്‍കിയ പരാതിയില്‍ ഭര്‍ത്താവിന്റെ പേര് രാം കുമാര്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം ഇങ്ങനെയൊരു വാർത്ത മാധ്യമങ്ങളിൽ വന്നപ്പോൾ ആ വാർത്ത തന്നെ ഞെട്ടിച്ചെന്നായിരുന്നു ശ്രുതിയുടെ പ്രതികരണം. 

രഹസ്യമായി വിവാഹംകഴിക്കേണ്ട ആവശ്യം തനിക്കില്ലെന്നും ബന്ധങ്ങള്‍ തുറന്നുപറയുന്ന ആളാണ് താനെന്നുമായിരുന്നു നടി നൽകിയ മറുപടി. സിനിമയിൽ എത്തുന്നതിന് മുമ്പേ റാം കുമാറിനെ അറിയാമെന്നും വിവാഹം കഴിക്കുന്ന സമയത്ത് എല്ലാവരെയും അറിയിക്കുമെന്നുമായിരുന്നു നടി പറഞ്ഞത്.

എന്നാൽ വിവാഹം കഴിഞ്ഞ നടിമാർക്ക് സിനിമയിൽ അവസരം കുറയുമെന്ന ഭയംകൊണ്ടാണ് ശ്രുതി തന്റെ വിവാഹക്കാര്യം മറച്ചുവെച്ചതെന്നാണ് വിമർശകർ പറയുന്നത്.

അർജുനെതിരെയുള്ള നടിയുടെ പരാതിയിൽ സംസ്ഥാന വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. പരാതിയെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ 15 ദിവസത്തിനുള്ളില്‍ ലഭ്യമാക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നിബുണന്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു സംഭവം. ആരോപണങ്ങള്‍ നിഷേധിച്ച അര്‍ജുന്‍, ശ്രുതിക്കെരിരെ  അഞ്ച് കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കിയിരുന്നു.