ചുറുചുറുക്കോടെ തലൈവർ; പേട്ട ടീസർ

സിനിമാപ്രേക്ഷകരെ ആവേശംകൊള്ളിച്ച് സ്റ്റൈൽ മന്നൻ രജനികാന്തിന്റെ പേട്ട ടീസർ എത്തി. അദ്ദേഹത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ടീസർ റിലീസ് ചെയ്തത്. തമിഴിലെ മികച്ച യുവസംവിധായകൻ കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

വീണ്ടും സ്റ്റൈലിഷ് ഗെറ്റപ്പിൽ ചുറുചുറുക്കോടെ സ്റ്റൈൽമന്നൻ എത്തുന്നു എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. ചിത്രത്തിൽ രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് താരം എത്തുന്നത്.

ബോളിവുഡ് നടൻ നവാസുദീൻ സിദ്ദിഖിയാണ് വില്ലൻ വേഷത്തിലെത്തുന്നത്. വിജയ് സേതുപതി, ബോബി സിംഹ, സനന്ത്, തൃഷ, സിമ്രാൻ, മേഘ ആകാശ് എന്നിങ്ങനെ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.

അനിരുദ്ധ് സംഗീതം നിർവഹിക്കുന്ന ചിത്രത്തിന് മലയാളിയായ വിവേക് ഹർഷൻ എഡിറ്റിങ്. പീറ്റർ ഹെയ്ൻ ആക്​​ഷൻ. കലാനിധി മാരൻ ആണ് നിർമാണം.

വിജയ് േസതുപതി ചിത്രം പിസയിലൂടെ സംവിധാനരംഗത്തെത്തിയ കാർത്തിക് സുബ്ബരാജ് വിരലിലെണ്ണാവുന്ന സിനിമകളിലൂടെ സംവിധാനരംഗത്ത് തന്റേതായ ഇടംനേടി.  ജിഗർതാണ്ട, ഇരൈവി, മെർക്കുറി എന്നിവയാണ് കാർത്തിക്കിന്റെ മറ്റുചിത്രങ്ങൾ.