തുടരെ ചോദ്യം; സഹികെട്ട് മാധ്യമപ്രവർത്തകനോട് ദേഷ്യപ്പെട്ട് വിജയ് സേതുപതി

തമിഴ് സിനിമകളുടെ റിലീസ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകന്റെ ചോദ്യത്തിൽ സഹികെട്ട് വിജയ് സേതുപതി. അദ്ദേഹത്തിന്റെ ചിത്രങ്ങൾക്കുമാത്രം എന്തുകൊണ്ട് പ്രശ്നങ്ങൾ സംഭവിക്കുന്നുവെന്നായിരുന്നു സേതുപതിയോടു മാധ്യമപ്രവർത്തകന്റെ ചോദ്യം. ചേരൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന തിരുമനം എന്ന സിനിമയുടെ ടീസര്‍ ലോഞ്ചില്‍ പങ്കെടുക്കാനെത്തിയതായിരുന്നു വിജയ് സേതുപതി.

താരത്തിന്റെ പുതിയ ചിത്രം സീതാകാത്തിക്കും ചില സാമ്പത്തിക പ്രശ്‌നങ്ങളുണ്ട്. 96 നു സംഭവിച്ചതു പോലെ സീതാകാത്തിക്കും സംഭവിക്കുമോ എന്ന റിപ്പോര്‍ട്ടറുടെ ചോദ്യത്തിനാണ് താരം അസ്വസ്ഥനായത്. വാഹനം വാങ്ങുന്നതിനു മുമ്പേ അപകടത്തെക്കുറിച്ചു സംസാരിക്കുന്നതു പോലെയാണല്ലോ നിങ്ങളുടെ ചോദ്യമെന്നായിരുന്നു വിജയ്‌യുടെ മറുപടി. മറ്റു ചാനലുകാരുടെ മൈക്കുകൾ താഴ്ത്തി റിപ്പോർട്ടറെ പറഞ്ഞു മനസ്സിലാക്കുവാൻ താരം ശ്രമിച്ചു. പ്രകോപിതനാക്കാനായിരുന്നു മാധ്യമപ്രവർത്തകന്റെ ഉദ്ദേശ്യമെങ്കിലും ആ സന്ദർഭം വിവാദങ്ങളില്ലാതെ സേതുപതി കൈകാര്യം ചെയ്തു.

താങ്കളുടെ ചിത്രങ്ങള്‍ക്കെല്ലാം തുടര്‍ച്ചയായി സാമ്പത്തിക പ്രശ്‌നമുണ്ടാവുകയാണല്ലോ എന്ന ചോദ്യത്തോടെയാണ് റിപ്പോര്‍ട്ടര്‍ തുടങ്ങിയത്. റിലീസ് തീയതിയോടനുബന്ധിച്ച് സംവിധായകരും അണിയറപ്രവര്‍ത്തകരും നേരിടുന്ന ഇത്തരം സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിന് കഴിയാത്തതെന്തെന്ന ചോദ്യത്തിന്, ഇക്കാര്യത്തില്‍ നിർമാതാവിനെ മാത്രം കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും വ്യവസായമെന്ന നിലയില്‍ ഇത്തരം കാര്യങ്ങളൊക്കെ വേണ്ടി വരുമെന്നുമാണ് വിജയ് സേതുപതി പറഞ്ഞത്.

തമിഴ് സിനിമയിൽ നിർമാണ പ്രതിസന്ധികൾ കാരണം പല ചിത്രങ്ങളുടെയും റിലീസ് മുടങ്ങാറുണ്ട്. വിജയ് സേതുപതിയുടെ 96നും ഇതേ പ്രതിസന്ധി വന്നിരുന്നു. കോടികള്‍ കൈയില്‍നിന്നു മുടക്കി അവസാനം വിജയ് തന്നെയാണ് ഈ ചിത്രം തിയറ്ററുകളിലെത്തിച്ചത്.