വിജയ് ഇനി ‌‘തെറി’ പറയും!

ഒറ്റച്ചിത്രം കൊണ്ടു തന്നെ സൂപ്പർഹിറ്റ് പദവിയിലേക്കുയർന്ന അറ്റ്ലീയും ഇളയദളപതി വിജയ്‌യും ചേർന്നൊരുക്കുന്ന ‌‘തെറി’ ആ പേരു കൊണ്ടു തന്നെ വാർത്തകളിലിടം പിടിച്ചു കഴി‍ഞ്ഞു. ‌‌‌‌പൊലീസുകാരനായാണ് ചിത്രത്തിൽ വിജയ് എത്തുന്നത്.

‘തെറി’ എന്നാൽ മലയാളത്തിലെപ്പോലെ അസഭ്യ‌മല്ല തമിഴിൽ. പെട്ടന്നുള്ള പ്രതികരണം, ചങ്കൂറ്റം, ധൈര്യം, ഊർജം എന്നിവയെ സൂചിപ്പിക്കുന്ന വിശേഷണമാണ് തെറി. ചിത്രത്തിന്റെ ഫസ്റ്റ്ലുക്കിൽ തന്നെ ഈ ഊർജം നിങ്ങൾക്ക് കാണാനാകുമെന്നും തിരക്കഥയിലും സിനിമയിലും അതു തന്നെ ഉണ്ടാകുമെന്നും സംവിധായകനായ അറ്റ്ലി പറയുന്നു.

പെട്ടെന്ന് വികാരധീനനാകുന്ന ഒരു പൊലീസുകാരനായാണ് വിജയ് ചിത്രത്തിൽ എത്തുന്നത്. ശക്തനും ധൈര്യശാലിയുമാണെങ്കിലും എന്തൊക്കെയോ അയാളെ അലട്ടുന്നുണ്ട്. എന്നാൽ എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു കഥാപാത്രമായിരിക്കും ഇത്. അറ്റ്ലീ കൂട്ടിച്ചേർത്തു.

തെറിയുടെ ആക്ഷന്‍ രംഗങ്ങളുടെ സംവിധാനം നിര്‍വ്വഹിക്കുന്നത് ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ കലോയണ്‍ വോഡ്‌നിഷ്റോഫ് ആണ്. ട്രോയ്,മിഷന്‍ ഇംപോസിബിള്‍ എന്നീ ചിത്രങ്ങളിലെ ആക്ഷന്‍ രംഗങ്ങളില്‍ പ്രവര്‍ത്തിച്ചയാളാണ് കലോയണ്‍‍.