Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വോട്ടിങ് ദിനത്തിലും ‘തല’ ഉയർത്തി അജിത്

thala

വോട്ടെടുപ്പ് ദിനത്തില്‍ ആദ്യം തന്നെ അജിത് ഭാര്യ ശാലിനിക്കൊപ്പം വോട്ട് ചെയ്യാനെത്തി. പോളിംഗ് ഉദ്യോഗസ്ഥാര്‍ മഷി പുരട്ടിയതാകട്ടെ അജിത്തിന്റെ നടുവിരലില്‍. നടുവിരല്‍ ഉയര്‍ത്തിക്കാട്ടി വോട്ട് ചെയ്തതിന്റെ സന്തോഷം പ്രകടിപ്പിച്ചാല്‍ നേരിടുന്ന ട്രോളുകളും വിമര്‍ശനങ്ങളും മുന്‍കൂട്ടി അറിഞ്ഞാവണം അജിത് കൈപ്പടം കാട്ടിയാണ് ക്യാമറയ്ക്ക് പോസ് ചെയ്തത്.

ആജീവനാന്ത ട്രോളുകളില്‍ നിന്ന് അജിത് രക്ഷപ്പെട്ടെന്നും, തമിഴകത്തിന്റെ തല ബുദ്ധിയിലും മുമ്പനാണെന്നും കാട്ടി ആരാധകരുടെ പോസ്റ്റുകള്‍ പ്രവഹിച്ചു. ഉച്ചയോടെ വോട്ട് ചെയ്യാനെത്തിയ വിജയ് ആകട്ടെ വോട്ട് ചെയ്തതിന് ശേഷം ടെലിവിഷന്‍ ക്യാമറയ്ക്ക് മുന്നില്‍ മഷി പതിച്ച വിരല്‍ ഉയര്‍ത്തിക്കാട്ടി.

രജനികാന്ത്, കമൽഹാസൻ തുടങ്ങി സിനിമാ രംഗത്തെ പ്രമുഖരും വോട്ട് രേഖപ്പെടുത്തി. ഗോപാലപുരം ശാരദ സ്കൂളിലുളള പോളിങ് ബൂത്തിൽ രാവിലെ ഏഴേമുക്കാലോടെ കരുണാനിധിയും സ്റ്റെല്ല മാരിസ് കോളജിലെ പോളിങ് ബൂത്തിൽ പത്തു മണിയോടെ ജയലളിതയും വോട്ട് ചെയ്തു. സൂപ്പർ താരം രജനികാന്തിനും സ്റ്റെല്ല മാരിസിലെ ഇതേ ബൂത്തിൽ തന്നെയായിരുന്നു വോട്ട്. ഇവിടെ ആദ്യ വോട്ട് രേഖപ്പെടുത്തിയതും രജനിയായിരുന്നു.

എല്ലാവരും വോട്ട് ചെയ്യണമെന്നും അതു കടമയാണെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിന് ഏറ്റവും ഗുണകരമായ കാര്യമാണു പോളിങ് ശതമാനം വർധിക്കുന്നതെന്നും അതിനാൽ പോളിങ് പരമാവധിയെത്തണമെന്നും തേനാംപേട്ടുളള പോളിങ് സ്റ്റേഷനിൽ വോട്ട് ചെയ്ത ശേഷം കമൽഹാസൻ പറഞ്ഞു. വൽ‌സരവാക്കം ഒൗർ ഏഞ്ചൽ സ്കൂളിലെ പോളിങ് ബൂത്തിൽ നടൻ ജയറാം കുടുംബമായെത്തി വോട്ട് രേഖപ്പെടുത്തി.നടൻ അജിത്ത് രാവിലെ തന്നെ വോട്ട് ചെയ്തപ്പോൾ വിജയ് ഉച്ചയോടെയാണു പോളിങ് ബൂത്തിലെത്തിയത്.

ajith

ഡിഎംകെ ട്രഷർ സ്റ്റാലിൻ കുടുംബമായി എത്തി രാവിലെ തന്നെ വോട്ട് ചെയ്തു. ടിഎൻസിസി പ്രസിഡന്റ് ഇ.വി.കെ.എസ്.ഇളങ്കോവൻ ഇൗറോഡിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. നടിയും കോൺഗ്രസ് വക്താവുമായ ഖുശ്ബു, ഭർത്താവും നടനും സംവിധായകനുമായ സുന്ദർ സി, നടന്മാരായ പ്രഭു, വിവേക്, പൊൻവണ്ണൻ, ശിവകാർത്തികേയൻ, വിശാൽ, ജീവ, പാർഥിപൻ, ആര്യ, കാർത്തി, ടി.രാജേന്ദ്രർ തുടങ്ങിയവരും നടിമാരായ മീന, തൃഷ, രംഭ, ശരണ്യപൊൻവണ്ണൻ, വാണിവിശ്വനാഥ് തുടങ്ങിയവരും ചെന്നൈയിലെ വിവിധ പോളിങ് ബൂത്തുകളിൽ വോട്ട് രേഖപ്പെടുത്തി. 

Your Rating: