അട്ടപ്പാടിയിലെ താരം ഒരേയൊരു ‘വിജയ്’

അട്ടപ്പാടിയിലെ ആദിവാസികൾക്ക് പുറം ലോകവുമായി ഒരു ബന്ധവുമില്ല. അവർക്ക് റോഡുകളില്ല, ശൗചാലയങ്ങൾ ഇല്ല, തെരുവ് വിളക്കുകൾ ഇല്ലേയില്ല. സമൂഹത്തിലും പുറംലോകത്തും എന്താണ് നടക്കുന്നതെന്ന് അവർക്കറിയില്ല. അവർക്കാകെ അറിയാവുന്നത് ഇളയദളപതി വിജയ്‌യെ മാത്രമാണ്.

പാലക്കാട് ജില്ലയിലെ അസിസ്റ്റന്റ് കലക്ടർ ആണ് തമിഴ്നാട് സ്വദേശിയായ ഉമേഷ് കേശവൻ. വിദ്യാഭ്യാസം, ശുചിത്വം, ജീവിതരീതി എന്നിവയെക്കുറിച്ച് ബോധവത്കരിക്കാൻ പാലക്കാട് ആദിവാസിമേഖലയിൽ ഉമേഷ് സന്ദർശനം നടത്തിയിരുന്നു. അട്ടപ്പാടിയിലെ ആദിവാസി മേഖലയിലാണ് ഉമേഷ് എത്തിയത്. സന്ദർശനത്തിനു ശേഷം ഫെയ്സ്ബുക്കിലിട്ട പോസ്റ്റ് ആണ് ഇപ്പോൾ ചർച്ചയാകുന്നത്.

അവിടെ റോഡുകളില്ല, തെരുവു വിളക്കുകളും കാണാനില്ല, ശൗചാലയങ്ങൾ ഇല്ലേയില്ല. ( എവിടെയാണ് നിങ്ങളുടെ ശൗചാലയമെന്ന് അവിടെ കണ്ട ഒരാളോട് ചോദിച്ചപ്പോൾ ഒരു വലിയ മല ചൂണ്ടി ഇതാണ് ഞങ്ങളുടെ ശൗചാലയമെന്നാണ് ഇവർ പറഞ്ഞത്.) പൊതുവേ സർക്കാരിനോട് തന്നെ അവര്‍ക്കൊരു താൽപര്യ കുറവുണ്ട്. കോടിക്കണക്കിന് സോഷ്യല്‍വെൽഫയർ ഫണ്ടുകൾ എത്തിയിട്ടില്ല.

കുട്ടികൾക്കാകട്ടെ സ്കൂളിൽ പോകാനും താൽപര്യമില്ല. പോയിട്ടും കാര്യമില്ലത്രേ. തങ്ങളുടെ സമൂഹത്തിന് ചുറ്റും എന്താണ് നടക്കുന്നതെന്ന് പോലും ഇവർക്ക് അറിയില്ല. ഒഴിവ് സമയങ്ങളിൽ എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചപ്പോൾ ഒരാൾ പറഞ്ഞത് , സമയം കിട്ടുമ്പോഴൊക്കെ വിജയ് സിനിമകളും പാട്ടുകളും കാണുമെന്നാണ്. പുറംലോകത്തേക്കുറിച്ച് വലിയ അറിവില്ലെങ്കിലും അവർക്ക് വിജയ്‌യെ അറിയാം. ഉമേഷ് പറയുന്നു.

വിജയ്‌യുടെ ഓഫീസുമായി താൻ ബന്ധപ്പെട്ടെന്നും വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കാൻ വിജയ്‌യെ തന്നെ ഈ ഗ്രാമത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും ഉമേഷ് പിന്നീട് അറിയിച്ചു. തമിഴ്നാട്ടിൽ നിന്നും ഐഎഎസ് പൂർത്തിയാക്കിയ ഉമേഷ് ഇപ്പോൾ പാലക്കാട് അസിസ്റ്റന്റ് കലക്ടർ ആണ്.