‘തെറി’ കാണാനുള്ള അഞ്ച് കാരണങ്ങൾ

ഇളയദളപതിയുടെ ആരാധകർക്ക് ആവേശമാകാൻ തെറി നാളെ തിയറ്ററുകളിലെത്തും. അറ്റ്ലീ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മൂന്നുഗെറ്റപ്പുകളിലാണ് വിജയ് എത്തുന്നത്.

  1. രാജാറാണി എന്ന ആദ്യചിത്രത്തിലൂടെ തന്നെ ഹിറ്റ്മേക്കർ എന്നുപേരെടുത്ത യുവസംവിധായകൻ അറ്റ്ലീ തന്നെയാണ് തെറിയുടെ പ്രധാനആകര്‍ഷണം. സംവിധായകൻ ശങ്കറിന്റെ അസോഷ്യേറ്റായി പ്രവർത്തിച്ചിരുന്ന അറ്റ്ലീ, വിജയ് നായകനായി എത്തിയ നൻപൻ എന്ന ചിത്രത്തിലും സംവിധാനസഹായിയായിരുന്നു.

2.ആദ്യമായി മൂന്നുറോളുകളിൽ എത്തുന്നതിന്റെ ത്രില്ലിലാണ് വിജയ്. പൊലീസ് ഗെറ്റപ്പിൽ വിജയ് എത്തുമ്പോൾ ആഘോഷം ഇരട്ടിയാകും. താരം പൊലീസ് വേഷത്തിലെത്തിയ പോക്കിരി സൂപ്പർ ഹിറ്റായിരുന്നു. ആരാധകരെ കോരിത്തരിപ്പിക്കുന്ന ആക്ഷനും കിടിലൻ ഡയലോഗുകൾ കൊണ്ടും സമ്പുഷ്ടമാണ് തെറി. നടി മീനയുടെ മകൾ നൈനികയാണ് തെറിയുടെ മറ്റൊരു ആകര്‍ഷണ ഘടകം.

  1. ഛായാഗ്രാഹകൻ ജോർജ് സി വില്യംസ് ആണ് തെറിയുടെ തരിപ്പ് കൂട്ടുന്ന മറ്റൊരു ഘടകം. രാജാ റാണിയിലൂടെ സിനിമാ രംഗത്തെത്തിയ താരം കത്തി എന്ന വിജയ്–മുരുകദോസ് ചിത്രത്തിന്റെ ഛായാഗ്രാഹകനായിരുന്നു. ഫൈറ്റ് സീനുകളിൽ അദ്ദേഹത്തിന്റെ കാമറ കഴിവുകൾ അപാരമാണെന്ന് മുരുകദോസ് തന്നെ പറഞ്ഞിട്ടുണ്ട്. നാനും റൗഡി താൻ എന്ന സിനിമയാണ് ജോർജിന്റേതായി അവസാനം പുറത്തിറങ്ങിയത്.

  2. തുപ്പാക്കി എന്ന സൂപ്പർഹിറ്റിന് ശേഷം വിജയ്‌യും നിർമാതാവ് കലൈപുലി എസ് താണുവും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തെറി. 80 കോടി രൂപ ചെലവിട്ടു കലൈപുലി. എസ്. താണു നിർമിക്കുന്ന ചിത്രത്തിന്റെ യുഎസ് വിതരണാവകാശം വിറ്റുപോയത് 8.5 കോടി രൂപയ്ക്കാണ്. വിജയ് ചിത്രം തെറിയുടെ നിർമാതാവും അദ്ദേഹം തന്നെ. 5.6 കോടി രൂപയ്ക്ക് കേരളത്തിലെ തെറിയുടെ തിയറ്റർ വിതരണാവകാശം കാർണിവൽ മോഷൻ പിക്ച്ചേഴ്സും ഫ്രൈഡേ ഫിലിംസും സ്വന്തമാക്കിയിരുന്നു.

  3. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും ടീസറും ട്രെയിലറും തരംഗമായിരുന്നു. രണ്ടു ദിവസം കൊണ്ട് അരക്കോടിയിലേറെ ആളുകളാണ് ടീസർ കണ്ടത്. ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് ഏറ്റവും കൂടുതൽ ആളുകൾ കണ്ട ട്രെയിലർ എന്ന റെക്കോർഡും തെറി സ്വന്തമാക്കി.