പുലി പരാജയമാകാനുള്ള 5 കാരണങ്ങൾ

വിജയ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഇളയദളപതിയുടെ പുലി. വാനോളം പ്രതീക്ഷിക്കാൻ കാരണങ്ങളും നിരവധിയായിരുന്നു. ആദ്യമായിട്ടാണ് വിജയ് ഒരു ഫാന്റസി സിനിമയിൽ അഭിനയിക്കുന്നത്. സാങ്കൽപ്പിക കഥാപാത്രമായ മരുധീരനെക്കുറിച്ച് പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയായിരുന്നു. പ്രതീക്ഷകൾ അസ്ഥാനത്തായി എന്നു മാത്രമല്ല, പുലിയെക്കുറിച്ച് നല്ല അഭിപ്രായവുമല്ല കേൾക്കുന്നത്. പുലി പരാജയമാകാനുള്ള 5 കാരണങ്ങൾ.

വിജയ്ക്ക് ചേരാത്ത വേഷം

സിനിമ കണ്ട ആരാധകർ പോലും അറിയാതെ പറഞ്ഞു പോകും വിജയ് ഈ സിനിമ ചെയ്യേണ്ടിയിരുന്നില്ല. കാരണം വിജയ്ക്ക് ഒട്ടു യോജിക്കാത്ത കഥാപാത്രമായിരുന്നു മരുധീരൻ. ഇളയദളപതിയുടെ അടിയും ഇടിയും പഞ്ച് ഡയലോഗും കണ്ടുശീലിച്ച, അതു മാത്രം ഇഷ്ടപ്പെടുന്ന വിജയ് ആരാധകരെ നിരാശപ്പെടുത്തി മരുധീരൻ. അതിമാനുഷിക രംഗങ്ങൾ ഇഷ്ടംപോലെയുണ്ടെങ്കിൽ പ്രേക്ഷകൻ പ്രതീക്ഷിക്കുന്ന വിജയ് സ്റ്റൈൽ പുലിയിൽ ഇല്ല. കത്തിയും, തുപ്പാക്കിയും, ഗില്ലിയും, തലൈവയും, നൻപനും തിരഞ്ഞെടുക്കുമ്പോൾ വിജയ് കാണിച്ച യുക്തി പുലിയിൽ കാണിക്കാമായിരുന്നു.

ചിമ്പുദേവന്റെ പരീക്ഷണം

വടിവേലുവിനെ നായകനാക്കി ഇംശൈ അരശൻ 35-ാം പുലികേശി എന്ന സിനിമയിലൂടെ സംവിധാന രംഗത്ത് എത്തിയ ആളാണ് ചിമ്പുദേവൻ. ഇത് വൻവിജയമായിരുന്നു. എന്നാൽ തുടർ സിനിമകൾ ആദ്യ സിനിമയുടെ വിജയം ആവർത്തിച്ചിരുന്നില്ല. ആദ്യസിനിമയുടെ അതേ രീതി തന്നെയാണ് പിന്നീടുള്ള ചിത്രങ്ങളിലും സംവിധായകന്‍ ആവിഷ്കരിച്ചത്.

പുലി പോല വന്ന എലി-പുലി റിവ്യു വായിക്കാം

ബാഹുബലിയുമായുള്ള താരതമ്യം

പുലിയും ബാഹുബലിയും രണ്ടും രണ്ടാണെന്ന് ചിമ്പുദേവൻ വ്യക്തമാക്കിയിരുന്നെങ്കിലും പ്രേക്ഷകർക്കിടയിലെ ബാഹുബലി സൃഷ്ടിച്ച തരംഗം വളരെ വലുതായിരുന്നു. പുലിയും ബാഹുബലിയും സാങ്കൽപ്പിക രാജ്യങ്ങളുടെ കഥപറയുന്ന സാഹചര്യത്തിൽ താരതമ്യം ചെയ്യാനുള്ള ത്വര സ്വഭാവികമായും ഉണ്ടാകും. പ്രത്യേകിച്ചും വിജയ് ആരാധകർ അധികം ഇല്ലാത്ത വടക്കേ ഇന്ത്യ, ആന്ധ്രാപ്രദേശ്, തെലുങ്കാന തുടങ്ങിയ സ്ഥലങ്ങളിൽ ബാഹുബലി തരംഗം പുലിയെ തകർത്തു.

ശ്രുതി ചേരാതെ തമിഴ്

കമൽഹാസന്റെ മകൾ ആണെങ്കിലും ശ്രുതിഹാസന് തമിഴകം അത്ര ഭാഗ്യമല്ല. ഏഴു വർഷത്തെ കരിയറിൽ ശ്രുതി അഭിനയിച്ച നാലാമത്തെ ചിത്രമാണ് പുലി. ഏഴാം അറിവ്, 3, പൂജൈ എന്നിവയാണ് ശ്രുതിയുടെ മറ്റു തമിഴ്ചിത്രങ്ങൾ. ഇവ മൂന്നും ബോക്സോഫീസിൽ ചലനം സൃഷ്ടിക്കാതെ പോയതും പുലിയെ ഇഷ്ടപ്പെടാതിരിക്കാനുള്ള കാരണമാവാം.

അതിരു കടന്ന അനിമേഷനും വി.എഫ്.എക്സും

ഗ്രാഫിക്സുകളുടെ അമിതമായ ഉപയോഗം വേറൊരു തരത്തില്‍ പ്രേക്ഷകനെ അലോസരപ്പെടുത്തും. സംസാരിക്കുന്ന പക്ഷിയും, ആമയും, രാക്ഷസനുമൊക്കെ സിനിമയിലെ കഥാപാത്രങ്ങളാണ്. സിനിമയുടെ ആദ്യ പകുതി പൂര്‍ണമായും നിരാശപ്പെടുത്തിയപ്പോള്‍ രണ്ടാം പകുതി ശരാശരി നിലവാരം പുലര്‍ത്തി. ഒരിക്കലും ബാഹുബലി പോലൊരു സിനിമയുമായി പുലിയെ താരതമ്യപ്പെടുത്തുന്നില്ല. എന്നാല്‍ അണിയറക്കാര്‍ അവകാശപ്പെടുന്ന ഈ 118 കോടി എവിടെയാണ് ചിലവാക്കിയതെന്ന് ഒരുപിടിയുമില്ല. തിരക്കഥ ഇല്ലായ്മ തന്നെയാണ് സിനിമയുടെ പ്രധാനപോരായ്മ. അവിടെയും ഇവിടെയുമൊക്കെ തവളയെയും ആമയെയുമൊക്കെ കാണിച്ച് സ്ഥലം തികയ്ക്കുകയാണ്.

സിനിമയുടെ റിലീസിങ്ങ് നീണ്ടുപോകുന്നതിനെത്തുടർന്ന് ഗ്രാഫിക്സ് സംഘവും സംവിധായകനും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ നേരത്തെ തന്നെ ഉണ്ടായിരുന്നു. രജനിയുടെ കൊച്ചടിയാൻ, ലിംഗ എന്നീ ചിത്രങ്ങളുടെ ക്ലൈമാക്സിൽ സംഭവിച്ച അതേ വി.എഫ്.എക്സ് പാളിച്ച തന്നെയാണ് പുലിക്കും സംഭവിച്ചത്.