ശ്രീദേവിക്കെതിരെ പുലിയുടെ നിർമാതാക്കള്‍

ഇളദയപതിയുടെ പുലിയിൽ അഭിനയിച്ചതിന് പ്രതിഫലം മുഴുവൻ നൽകാത്തതിനാല്‍ നിർമാതാക്കൾക്കെതിരെ നടി ശ്രീദേവി പരാതി നൽകിയത് വാർത്തയായിരുന്നു. എന്നാൽ ശ്രീദേവിയുടെ വാദം തെറ്റാണെന്നും നടി തങ്ങള്‍ക്കാണ്‌ പണം നല്‍കാനുള്ളതെന്നും നിര്‍മാതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു.

തമിഴ്നാട് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിലിന് നൽകിയ പരാതിയിൽ 50 ലക്ഷം ഇനിയും നൽകാനുണ്ടെന്ന് ശ്രീദേവി ആരോപിക്കുന്നു. ഇത്‌ തെറ്റാണെന്നും 30 ലക്ഷം രൂപ സര്‍വീസ്‌ ടാക്‌സ് അടക്കം 2.7 കോടി രൂപ താരത്തിന്‌ നല്‍കിയതായി നിര്‍മാതാക്കളായ പി.റ്റി സെല്‍വകുമാറും തമീന്‍സും പറഞ്ഞു.

കരാര്‍ അടിസ്‌ഥാനത്തിലുള്ള പണം ശ്രീദേവിക്ക്‌ നല്‍കിയെങ്കിലും ചിത്രം മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റിയപ്പോൾ ഭര്‍ത്താവ്‌ ബോണി കപൂർ കൂടുതല്‍ പണം ആവശ്യപ്പെട്ടതായി നിര്‍മാതാക്കൾ ആരോപിച്ചു. തുടര്‍ന്ന്‌ ഹിന്ദി സാറ്റലൈറ്റ്‌ വിഹിതമായി 55 ലക്ഷവും തെലുങ്ക്‌ സാറ്റലൈറ്റ്‌ വിഹിതമായി 15 ലക്ഷവും ശ്രീദേവിക്ക് നല്‍കി.

സിനിമയുടെ കോസ്റ്റ്യും ഡിസൈനറായി താരത്തിന്റെ നിര്‍ദേശപ്രകാരം 50 ലക്ഷം മുടക്കി മനീഷ്‌ മല്‍ഹോത്രയെന്നയാളെ കൊണ്ടുവന്നു. ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ പ്രചാരകർക്ക് ശ്രീദേവിയുടെ നിര്‍ദേശ പ്രകാരം എട്ട്‌ ലക്ഷം രൂപയും അധികമായി നല്‍കി. കോടികൾ നഷ്ടമാണ് ശ്രീദേവി മൂലം ഉണ്ടായതെന്നും എന്നിട്ടും സിനിമയുടെ ഓഡിയോ റിലീസിങിന്‌ പോലും താരം എത്തിയില്ലെന്നും നിര്‍മാതാക്കള്‍ കുറ്റപ്പെടുത്തി.

ഒരു ഇളയദളപതി ചിത്രത്തിന് അടുത്തകാലത്ത് സംഭവിച്ച ഏറ്റവും വലിയ നഷ്ടമാണ് പുലിയ്ക്ക് നേരിടേണ്ടി വന്നത്. 118 മുതൽമുടക്കിയെടുത്ത ചിത്രം തമിഴ്നാട്ടിൽ വൻപരാജയമായി. തമിഴ്നാട്ടിൽ വിതരണക്കാർക്ക് സിനിമമൂലം ഉണ്ടായത് 7.5 കോടിയുടെ നഷ്ടം.