ഒരു പൂ ചോദിച്ചതിന് പൂക്കാലം നൽകിയ ഇളയദളപതി

നടൻ ലോറൻസും വിജയ്‌യും തമ്മിലുള്ള സുഹൃദ്ബന്ധത്തിന്റെ ആഴം ആരാധകർക്കെല്ലാം അറിയാവുന്ന കാര്യമാണ്. ലോറൻസ് ഒരുപാട് കാരുണ്യപ്രവർത്തനങ്ങളും തമിഴ് മക്കൾക്കായി ചെയ്യുന്നുണ്ട്. ഇതിനായി വിജയ്‌യും അദ്ദേഹത്തെ സാമ്പത്തികപരമായും അല്ലാതെയും സഹായിക്കാറുണ്ട്.

സിനിമക്കകത്തും പുറത്തും തങ്ങൾ യഥാർഥ സു‌ഹൃത്തുക്കളാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് വിജയ്‌യും ലോറൻസും. ഇരുവരുടെയും സൗഹൃദത്തിന് ആക്കം കൂട്ടിയ സംഭവം ലോറൻസാണ് ഫെയ്സ്ബുക്കിലൂടെ വെളിപ്പെടുത്തിയത്.

ലോറൻസ് നടത്തുന്ന ട്രസ്ററിന്റ കീഴിലുളള 60 കുട്ടികൾക്ക് വിജയ്‌യുടെ പുതിയ ചിത്രമായ തെറി കാണണമെന്ന് അതിയായ ആഗ്രഹം പ്രകടപ്പിച്ചിരുന്നു.

ഇക്കാര്യം ലോറൻസ് തന്നെ വിജയ്‌യെ നേരിട്ട് അറിയിക്കുകയുണ്ടായി. ‘ഓക്കെ നൻപാ ഇക്കാര്യം ഞാൻ ശരിയാക്കി തരാം എന്നായിരുന്നു വിജയ്‌യുടെ മറുപടി.

സിനിമയ്ക്കായുള്ള ടിക്കറ്റുകൾ മാത്രമായിരിക്കും വിജയ് ഏർപ്പാടുക്കുകയെന്നാണ് ലോറൻസ് വിചാരിച്ചത്. എന്നാൽ അവിടെ ചെന്നപ്പോൾ‌ കണ്ടത് ഒരു തിയറ്റർ തന്നെ ലോറൻസിനും കുട്ടികൾക്കുമായി വിജയ് ഏർപ്പാടാക്കി കൊടുക്കുയായിരുന്നു. ഇവർക്ക് വേണ്ടി മാത്രം ഒരു സ്പെഷൽ ഷോ.

കുട്ടികൾക്ക് ഒരുപാട് സന്തോഷമായെന്നും ഇത്തരം ഒരു പ്രവർത്തികൊണ്ട് താരം തന്നെ അത്ഭുതപ്പെടുത്തിയെന്നും ലോറൻസ് പറ‍ഞ്ഞു. ഈ അത്യപൂർവ നിമിഷം തനിക്കും തന്റെ കുട്ടികൾക്കും നൽകിയ സന്തോഷത്തെ കുറിച്ച് ആരാധകരെ അറിയിച്ച ലോറൻസ്, നന്‍പൻ വിജയ്ക്ക് നന്ദി പറ‍‍‍ഞ്ഞുമാണ് ലോറൻസ് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

നേരത്തെ കാവലന്റ ഷൂട്ടിങ്ങ് സമയത്ത് ലോറൻസിന്റെ തന്നെ ട്രസ്റ്റിലെ ഹൃദയ സംബന്ധമായ അസുഖമുളള ഒരു കുട്ടിയെ വിജയ് സഹായിച്ചിരുന്നു.